ഇയ്യോബ് - 35 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 16 വരെ

ഇയ്യോബ് 35:1

എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:

ഇയ്യോബ് 35:2

എന്റെ നീതി ദൈവത്തിൻറേതിലും കവിയും എന്നു നീ പറയുന്നു; ഇതു ന്യായം എന്നു നീ നിരൂപിക്കുന്നുവോ?

ഇയ്യോബ് 35:3

അതിനാൽ നിനക്ക് എന്തു പ്രയോജനം എന്നും ഞാൻ പാപം ചെയ്യുന്നതിനെക്കാൾ അതുകൊണ്ട് എനിക്കെന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ;

ഇയ്യോബ് 35:4

നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാൻ പ്രത്യുത്തരം പറയാം.

ഇയ്യോബ് 35:5

നീ ആകാശത്തേക്കു നോക്കി കാണുക; നിനക്കു മീതെയുള്ള മേഘങ്ങളെ ദർശിക്ക;

ഇയ്യോബ് 35:6

നീ പാപം ചെയ്യുന്നതിനാൽ അവനോട് എന്തു പ്രവർത്തിക്കുന്നു? നിന്റെ ലംഘനം പെരുകുന്നതിനാൽ നീ അവനോട് എന്തു ചെയ്യുന്നു?

ഇയ്യോബ് 35:7

നീ നീതിമാനായിരിക്കുന്നതിനാൽ അവന് എന്തു കൊടുക്കുന്നു? അല്ലെങ്കിൽ അവൻ നിന്റെ കൈയിൽനിന്ന് എന്തു പ്രാപിക്കുന്നു?

ഇയ്യോബ് 35:8

നിന്റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും നിന്റെ നീതി മനുഷ്യനെയും സംബന്ധിക്കുന്നു.

ഇയ്യോബ് 35:9

പീഡയുടെ പെരുപ്പം ഹേതുവായി അവർ അയ്യംവിളിക്കുന്നു; മഹാന്മാരുടെ ഭുജംനിമിത്തം അവർ നിലവിളിക്കുന്നു.

ഇയ്യോബ് 35:10

എങ്കിലും രാത്രിയിൽ സ്തോത്രഗീതങ്ങളെ നല്കുന്നവനും ഭൂമിയിലെ മൃഗങ്ങളെക്കാൾ നമ്മെ പഠിപ്പിക്കുന്നവനും

ഇയ്യോബ് 35:11

ആകാശത്തിലെ പക്ഷികളെക്കാൾ നമ്മെ ജ്ഞാനികളാക്കുന്നവനുമായി എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്ന് ഒരുത്തനും ചോദിക്കുന്നില്ല.

ഇയ്യോബ് 35:12

അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവർ നിലവിളിക്കുന്നു; എങ്കിലും ആരും ഉത്തരം പറയുന്നില്ല.

ഇയ്യോബ് 35:13

വ്യർഥമായുള്ളതു ദൈവം കേൾക്കയില്ല; സർവശക്തൻ അതു വിചാരിക്കയുമില്ല നിശ്ചയം.

ഇയ്യോബ് 35:14

പിന്നെ നീ അവനെ കാണുന്നില്ല എന്നു പറഞ്ഞാൽ എങ്ങനെ? വ്യവഹാരം അവന്റെ മുമ്പിൽ ഇരിക്കയാൽ നീ അവനായി കാത്തിരിക്ക.

ഇയ്യോബ് 35:15

ഇപ്പോഴോ, അവന്റെ കോപം സന്ദർശിക്കായ്കകൊണ്ടും അവൻ അഹങ്കാരത്തെ അധികം ഗണ്യമാക്കായ്കകൊണ്ടും

ഇയ്യോബ് 35:16

ഇയ്യോബ് വൃഥാ തന്റെ വായ് തുറക്കുന്നു; അറിവുകൂടാതെ വാക്ക് വർധിപ്പിക്കുന്നു.