അതിനു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ വൻ കാറ്റുപോലെ ഇരിക്കും?
ദൈവം ന്യായം മറിച്ചുകളയുമോ? സർവശക്തൻ നീതിയെ മറിച്ചുകളയുമോ?
നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ അവൻ അവരെ അവരുടെ അതിക്രമങ്ങൾക്ക് ഏല്പിച്ചുകളഞ്ഞു.
നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സർവശക്തനോടപേക്ഷിക്കയും ചെയ്താൽ,
നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവൻ ഇപ്പോൾ നിനക്കുവേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.
നിന്റെ പൂർവസ്ഥിതി അല്പമായിത്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.
നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണഫലം ഗ്രഹിച്ചുകൊൾക.
നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രേ.
അവർ നിനക്ക് ഉപദേശിച്ചു പറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്നു വാക്കുകളെ പുറപ്പെടുവിക്കും.
ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ?
അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ മറ്റ് എല്ലാ പുല്ലിനും മുമ്പേ വാടിപ്പോകുന്നു.
ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെതന്നെ; വഷളന്റെ ആശ നശിച്ചുപോകും;
അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രേ.
അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നില്ക്കയില്ല; അവൻ അതിനെ മുറുകെ പിടിക്കും; അതോ നിലനില്ക്കയില്ല.
വെയിലത്ത് അവൻ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു.
അവന്റെ വേർ കല്ക്കുന്നിൽ പിണയുന്നു; അതു കല്ലെടുക്കിൽ ചെന്നു പിടിക്കുന്നു.
അവന്റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ ഞാൻ നിന്നെ കണ്ടിട്ടില്ല എന്ന് അത് അവനെ നിഷേധിക്കും.
ഇതാ, ഇത് അവന്റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്നു മറ്റൊന്നു മുളച്ചു വരും.
ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.
അവൻ ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറയ്ക്കും.
നിന്നെ പകയ്ക്കുന്നവർ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.