ഇയ്യോബ് - 37 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 24 വരെ

ഇയ്യോബ് 37:1

ഇതിനാൽ എന്റെ ഹൃദയം വിറച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.

ഇയ്യോബ് 37:2

അവന്റെ നാദത്തിന്റെ മുഴക്കവും അവന്റെ വായിൽനിന്നു പുറപ്പെടുന്ന ഗർജനവും ശ്രദ്ധിച്ചുകേൾപ്പിൻ.

ഇയ്യോബ് 37:3

അവൻ അത് ആകാശത്തിൻ കീഴിലൊക്കെയും അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയയ്ക്കുന്നു.

ഇയ്യോബ് 37:4

അതിന്റെ പിന്നാലെ ഒരു മുഴക്കം കേൾക്കുന്നു; അവൻ തന്റെ മഹിമാനാദംകൊണ്ട് ഇടിമുഴക്കുന്നു; അവന്റെ നാദം കേൾക്കുമ്പോൾ അവയെ തടുക്കുന്നില്ല.

ഇയ്യോബ് 37:5

ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.

ഇയ്യോബ് 37:6

അവൻ ഹിമത്തോട്: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.

ഇയ്യോബ് 37:7

താൻ സൃഷ്‍ടിച്ച മനുഷ്യരൊക്കെയും അറിവാൻതക്കവണ്ണം അവൻ സകല മനുഷ്യരുടെയും കൈ മുദ്രയിടുന്നു.

ഇയ്യോബ് 37:8

കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്റെ ഗുഹയിൽ കിടക്കുന്നു.

ഇയ്യോബ് 37:9

ദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്നു കുളിരും വരുന്നു.

ഇയ്യോബ് 37:10

ദൈവത്തിന്റെ ശ്വാസംകൊണ്ട് നീർക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറച്ചുപോകുന്നു.

ഇയ്യോബ് 37:11

അവൻ കാർമേഘത്തെ ഈറംകൊണ്ട് കനപ്പിക്കുന്നു; തന്റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.

ഇയ്യോബ് 37:12

അവൻ അവയോടു കല്പിക്കുന്നതൊക്കെയും ഭൂമിയുടെ ഉപരിഭാഗത്തു ചെയ്യേണ്ടതിന് അവന്റെ ആദേശപ്രകാരം അവ ചുറ്റിസഞ്ചരിക്കുന്നു.

ഇയ്യോബ് 37:13

ശിക്ഷയ്ക്കായിട്ടോ ദേശത്തിന്റെ നന്മയ്ക്കായിട്ടോ ദയയ്ക്കായിട്ടോ അവൻ അതു വരുത്തുന്നു.

ഇയ്യോബ് 37:14

ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അദ്ഭുതങ്ങളെ ചിന്തിച്ചുകൊൾക.

ഇയ്യോബ് 37:15

ദൈവം അവയ്ക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ?

ഇയ്യോബ് 37:16

മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണനായവന്റെ അദ്ഭുതങ്ങളും നീ അറിയുന്നുവോ?

ഇയ്യോബ് 37:17

തെന്നിക്കാറ്റുകൊണ്ട് ഭൂമി അനങ്ങാതിരിക്കുമ്പോൾ നിന്റെ വസ്ത്രത്തിനു ചൂടുണ്ടാകുന്നത് എങ്ങനെ?

ഇയ്യോബ് 37:18

ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്ക് അവനോടുകൂടെ വിടർത്തു വയ്ക്കാമോ?

ഇയ്യോബ് 37:19

അവനോട് എന്ത് പറയേണമെന്നു ഞങ്ങൾക്ക് ഉപദേശിച്ചു തരിക; അന്ധകാരം നിമിത്തം ഞങ്ങൾക്കും ഒന്നും പ്രസ്താവിപ്പാൻ കഴിവില്ല.

ഇയ്യോബ് 37:20

എനിക്കു സംസാരിക്കേണം എന്ന് അവനോടു ബോധിപ്പിക്കേണമോ? നാശത്തിനിരയായിത്തീരുവാൻ ആരാനും ഇച്ഛിക്കുമോ?

ഇയ്യോബ് 37:21

ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റ് കടന്ന് അതിനെ തെളിവാക്കുന്നു.

ഇയ്യോബ് 37:22

വടക്കുനിന്നു സ്വർണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കര തേജസ്സുണ്ട്.

ഇയ്യോബ് 37:23

സർവശക്തനെയോ നാം കണ്ടെത്തുകയില്ല; അവൻ ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ ന്യായത്തിനും പൂർണനീതിക്കും ഭംഗം വരുത്തുന്നില്ല.

ഇയ്യോബ് 37:24

അതുകൊണ്ട് മനുഷ്യർ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവൻ കടാക്ഷിക്കുന്നില്ല.