ഇയ്യോബ് - 27 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

ഇയ്യോബ് 27:1

ഇയ്യോബ് തന്റെ സുഭാഷിതം തുടർന്നു ചൊല്ലിയതെന്തെന്നാൽ:

ഇയ്യോബ് 27:2

എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്കു മനോവ്യസനം വരുത്തിയ സർവശക്തനാണ-

ഇയ്യോബ് 27:3

എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ-

ഇയ്യോബ് 27:4

എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവ് വ്യാജം ഉച്ചരിക്കയുമില്ല.

ഇയ്യോബ് 27:5

നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.

ഇയ്യോബ് 27:6

എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.

ഇയ്യോബ് 27:7

എന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.

ഇയ്യോബ് 27:8

ദൈവം വഷളനെ ഛേദിച്ച് അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ അവന് എന്തു പ്രത്യാശ ശേഷിപ്പുള്ളൂ?

ഇയ്യോബ് 27:9

അവനു കഷ്ടത വരുമ്പോൾ ദൈവം അവന്റെ നിലവിളി കേൾക്കുമോ?

ഇയ്യോബ് 27:10

അവൻ സർവശക്തനിൽ ആനന്ദിക്കുമോ? എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?

ഇയ്യോബ് 27:11

ദൈവത്തിന്റെ കൈയെക്കുറിച്ചു ഞാൻ നിങ്ങളെ ഉപദേശിക്കും; സർവശക്തന്റെ ആന്തരം ഞാൻ മറച്ചുവയ്ക്കയില്ല.

ഇയ്യോബ് 27:12

നിങ്ങൾ എല്ലാവരും അതു കണ്ടിരിക്കുന്നു; നിങ്ങൾ വ്യർഥബുദ്ധികളായിരിക്കുന്നതെന്ത്?

ഇയ്യോബ് 27:13

ഇതു ദുർജനത്തിനു ദൈവത്തിന്റെ പക്കലുള്ള ഓഹരിയും നിഷ്ഠുരന്മാർ സർവശക്തങ്കൽനിന്നു പ്രാപിക്കുന്ന അവകാശവും തന്നെ.

ഇയ്യോബ് 27:14

അവന്റെ മക്കൾ പെരുകിയാൽ അതു വാളിനായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.

ഇയ്യോബ് 27:15

അവനു ശേഷിച്ചവർ മഹാമാരിയാൽ കുഴിയിൽ ആകും; അവന്റെ വിധവമാർ വിലപിക്കയുമില്ല.

ഇയ്യോബ് 27:16

അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും

ഇയ്യോബ് 27:17

അവൻ സമ്പാദിച്ചു എന്നേയുള്ളൂ; നീതിമാൻ അത് ഉടുക്കും; കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.

ഇയ്യോബ് 27:18

ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നെ.

ഇയ്യോബ് 27:19

അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്കയില്ല; അവൻ കണ്ണു തുറക്കുന്നു; ഇല്ലാതെയാകുന്നു.

ഇയ്യോബ് 27:20

വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്നു കൊണ്ടുപോകുന്നു.

ഇയ്യോബ് 27:21

കിഴക്കൻകാറ്റ് അവനെ പിടിച്ചിട്ട് അവൻ പൊയ്പോകുന്നു. അവന്റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു.

ഇയ്യോബ് 27:22

ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കൈയിൽനിന്നു ചാടിപ്പോകുവാൻ അവൻ നോക്കുന്നു.

ഇയ്യോബ് 27:23

മനുഷ്യർ അവന്റെ നേരേ കൈകൊട്ടും; അവന്റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.