അതിനു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കൽ ഉണ്ട്; തന്റെ ഉന്നതസ്ഥലങ്ങളിൽ അവൻ സമാധാനം പാലിക്കുന്നു.
അവന്റെ സൈന്യങ്ങൾക്കു സംഖ്യയുണ്ടോ? അവന്റെ പ്രകാശം ആർക്ക് ഉദിക്കാതെയിരിക്കുന്നു?
മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?
ചന്ദ്രനുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിനു ശുദ്ധിയുള്ളവയല്ല.
പിന്നെ പുഴുവായിരിക്കുന്ന മർത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?