മിസ്രയീംദേശത്ത് മിഗ്ദോലിലും തഹ്പനേസിലും നോഫിലും പത്രോസ് ദേശത്തും പാർക്കുന്ന സകല യെഹൂദന്മാരെയും കുറിച്ചു യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്മേലും സകല യെഹൂദാപട്ടണങ്ങളിന്മേലും വരുത്തിയിരിക്കുന്ന അനർഥമൊക്കെയും നിങ്ങൾ കണ്ടിട്ടുണ്ടല്ലോ; അവ ശൂന്യമായിരിക്കുന്നു; ആരും അവയിൽ വസിക്കുന്നതുമില്ല.
അത്, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിയാത്ത അന്യദേവന്മാർക്കു ധൂപംകാട്ടുവാനും അവയെ സേവിപ്പാനും ചെന്ന് എന്നെ കോപിപ്പിപ്പാൻ തക്കവണ്ണം അവർ ചെയ്ത ദോഷം നിമിത്തമത്രേ.
ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെയൊക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ലേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.
എന്നാൽ അവർ അന്യദേവന്മാർക്കു ധൂപം കാട്ടാതവണ്ണം തങ്ങളുടെ ദോഷം വിട്ടുതിരിയേണ്ടതിനു ശ്രദ്ധിക്കാതെയും ചെവി ചായിക്കാതെയും ഇരുന്നു.
അതുകൊണ്ട് എന്റെ ക്രോധവും കോപവും ചൊരിഞ്ഞു യെഹൂദാപട്ടണങ്ങളിലും യെരൂശലേംവീഥികളിലും ജ്വലിച്ചു; അവ ഇന്നു ശൂന്യവും നാശവും ആയി കിടക്കുന്നു.
ആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദായുടെ മധ്യേനിന്ന് പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിനും
നിങ്ങൾ വന്നു പാർക്കുന്ന മിസ്രയീംദേശത്തുവച്ച് അന്യദേവന്മാർക്കു ധൂപം കാണിച്ചു നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾ കൊണ്ട് എന്നെ കോപിപ്പിക്കുന്നതിനാൽ നിങ്ങളെത്തന്നെ ഛേദിച്ചുകളഞ്ഞിട്ട് സകല ഭൂജാതികളുടെയും ഇടയിൽ നിങ്ങൾ ശാപവും നിന്ദയും ആയിത്തീരേണ്ടതിനും നിങ്ങളുടെ പ്രാണഹാനിക്കായി ഈ മഹാദോഷം ചെയ്യുന്നതെന്ത്?
യെഹൂദാദേശത്തും യെരൂശലേമിന്റെ വീഥികളിലും നിങ്ങളുടെ പിതാക്കന്മാർ ചെയ്ത ദോഷങ്ങളും യെഹൂദാരാജാക്കന്മാർ ചെയ്ത ദോഷങ്ങളും അവരുടെ ഭാര്യമാർ ചെയ്ത ദോഷങ്ങളും നിങ്ങൾ ചെയ്ത ദോഷങ്ങളും നിങ്ങളുടെ ഭാര്യമാർ ചെയ്ത ദോഷങ്ങളും നിങ്ങൾ മറന്നുപോയോ?
അവർ ഇന്നുവരെയും തങ്ങളെത്തന്നെ താഴ്ത്തിയില്ല; അവർ ഭയപ്പെടുകയോ ഞാൻ നിങ്ങളുടെ മുമ്പിലും നിങ്ങളുടെ പിതാക്കന്മാരുടെ മുമ്പിലും വച്ച ന്യായപ്രമാണവും ചട്ടങ്ങളും അനുസരിച്ചു നടക്കയോ ചെയ്തതുമില്ല.
അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനർഥത്തിനായിട്ടു, യെഹൂദായെ മുഴുവനും ഛേദിച്ചുകളയുവാനായിട്ടു തന്നെ, എന്റെ മുഖം നിങ്ങൾക്ക് എതിരായി വയ്ക്കുന്നു.
മിസ്രയീംദേശത്തു ചെന്നു പാർപ്പാൻ അവിടെ പോകേണ്ടതിനു മുഖംതിരിച്ചിരിക്കുന്ന യെഹൂദാശിഷ്ടത്തെ ഞാൻ പിടിക്കും; അവരെല്ലാവരും മുടിഞ്ഞുപോകും; മിസ്രയീംദേശത്ത് അവർ വീഴും; വാൾകൊണ്ടും ക്ഷാമംകൊണ്ടും അവർ മുടിഞ്ഞുപോകും; അവർ ആബാലവൃദ്ധം വാൾകൊണ്ടും ക്ഷാമംകൊണ്ടും മരിക്കും; അവർ പ്രാക്കിനും സ്തംഭനത്തിനും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും.
ഞാൻ യെരൂശലേമിനെ സന്ദർശിച്ചതുപോലെ മിസ്രയീംദേശത്തു പാർക്കുന്നവരെയും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദർശിക്കും.
മിസ്രയീംദേശത്തു വന്നു പാർക്കുന്ന യെഹൂദാശിഷ്ടത്തിൽ ആരും അവർക്കു മടങ്ങിച്ചെന്നു പാർപ്പാൻ ആഗ്രഹമുള്ള യെഹൂദാദേശത്തേക്കു മടങ്ങിപ്പോവാൻ തക്കവണ്ണം ചാടിപ്പോകയില്ല; ശേഷിക്കയുമില്ല, വഴുതിപ്പോകുന്ന ചിലരല്ലാതെ ആരും മടങ്ങിപ്പോകയില്ല.
അതിനു തങ്ങളുടെ ഭാര്യമാർ അന്യദേവന്മാർക്കു ധൂപം കാട്ടിയിട്ടുണ്ടെന്ന് അറിഞ്ഞ സകല പുരുഷന്മാരും മഹാസംഘമായി അരികെ നിന്ന സകല സ്ത്രീകളും മിസ്രയീംദേശത്തു പത്രോസിൽ പാർത്ത സകല ജനവും യിരെമ്യാവോട് ഉത്തരം പറഞ്ഞത്:
നീ യഹോവയുടെ നാമത്തിൽ ഞങ്ങളോടു പറഞ്ഞിരിക്കുന്ന വചനം സംബന്ധിച്ചു ഞങ്ങൾ നിന്നെ കൂട്ടാക്കുകയില്ല.
ആകാശരാജ്ഞിക്കു ധൂപം കാട്ടുകയും അവൾക്കു പാനീയബലി പകരുകയും ചെയ്യും എന്നു ഞങ്ങൾ നേർന്നിരിക്കുന്ന നേർച്ചയൊക്കെയും ഞങ്ങൾ നിവർത്തിക്കും; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാപട്ടണങ്ങളിലും യെരൂശലേംവീഥികളിലും ചെയ്തതുപോലെ തന്നെ; അന്നു ഞങ്ങൾക്കു വേണ്ടുവോളം ആഹാരവും സുഖവും ഉണ്ടായിരുന്നു; ഒരു അനർഥവും നേരിട്ടിരുന്നില്ല.
എന്നാൽ ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും പാനീയബലി പകരുന്നതും നിർത്തിയതുമുതൽ ഞങ്ങൾക്ക് എല്ലാം ബുദ്ധിമുട്ടു തന്നെ; ഞങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മുടിയുന്നു.
ആകാശരാജ്ഞിക്കു ധൂപം കാട്ടുകയും പാനീയബലി പകരുകയും ചെയ്യുമ്പോൾ, ഞങ്ങൾ അവളുടെ രൂപത്തിൽ അട ഉണ്ടാക്കുന്നതും അവൾക്കു പാനീയബലി പകരുന്നതും ഞങ്ങളുടെ ഭർത്താക്കന്മാരെ കൂടാതെയോ?
അപ്പോൾ യിരെമ്യാവ് സകല ജനത്തോടും, പുരുഷന്മാരും സ്ത്രീകളുമായി തന്നോട് ഉത്തരം പറഞ്ഞ സകല ജനത്തോടും തന്നെ, പറഞ്ഞതെന്തെന്നാൽ:
യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനവും ധൂപം കാട്ടിയതു യഹോവ ഓർത്തില്ലയോ? അവന്റെ മനസ്സിൽ അതു വന്നില്ലയോ?
നിങ്ങളുടെ ദുഷ്പ്രവൃത്തികൾ നിമിത്തവും നിങ്ങൾ പ്രവർത്തിച്ച മ്ലേച്ഛത നിമിത്തവും യഹോവയ്ക്കു സഹിപ്പാൻ വയ്യാതെയായി; അതുകൊണ്ട് നിങ്ങളുടെ ദേശം ഇന്നു നിവാസികൾ ഇല്ലാതെ ശൂന്യവും സ്തംഭനഹേതുവും ശാപവിഷയവും ആയിത്തീർന്നിരിക്കുന്നു.
നിങ്ങൾ യഹോവയുടെ വാക്ക് അനുസരിക്കാതെയും അവന്റെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിച്ചു നടക്കാതെയും ധൂപം കാട്ടി യഹോവയോടു പാപം ചെയ്കകൊണ്ട്, ഇന്ന് ഈ അനർഥം നിങ്ങൾക്കു വന്നു ഭവിച്ചിരിക്കുന്നു.
പിന്നെയും യിരെമ്യാവ് സകല ജനത്തോടും സകല സ്ത്രീകളോടും പറഞ്ഞത്: മിസ്രയീംദേശത്തിരിക്കുന്ന യെഹൂദന്മാരായ നിങ്ങൾ എല്ലാവരും യഹോവയുടെ വചനം കേൾപ്പിൻ!
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആകാശരാജ്ഞിക്കു ധൂപം കാട്ടുവാനും പാനീയബലി പകരുവാനും നേർന്നിരിക്കുന്ന നേർച്ചകളെ ഞങ്ങൾ നിവർത്തിക്കും എന്നു നിങ്ങളും നിങ്ങളുടെ ഭാര്യമാരും വായ്കൊണ്ടു പറകയും കൈകൊണ്ട് അനുഷ്ഠിക്കുകയും ചെയ്തിരിക്കുന്നു; നിങ്ങളുടെ നേർച്ചകളെ ഉറപ്പാക്കിക്കൊൾവിൻ! നിങ്ങളുടെ നേർച്ചകളെ അനുഷ്ഠിച്ചുകൊൾവിൻ!
അതുകൊണ്ട് മിസ്രയീംദേശത്തു പാർക്കുന്ന സകല യെഹൂദന്മാരുമായുള്ളോരേ, യഹോവയുടെ വചനം കേൾപ്പിൻ! മിസ്രയീംദേശത്തെ ഒരു യെഹൂദനും വായെടുത്തു: യഹോവയായ കർത്താവാണ എന്നിങ്ങനെ എന്റെ നാമം ഇനി ഉച്ചരിക്കയില്ല എന്നു ഞാൻ എന്റെ മഹത്തായ നാമം ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
ഞാൻ അവരുടെ നന്മയ്ക്കായിട്ടല്ല, തിന്മയ്ക്കായിട്ടത്രേ ജാഗരിച്ചിരിക്കും; മിസ്രയീംദേശത്തിലെ എല്ലാ യെഹൂദന്മാരും വാൾകൊണ്ടും ക്ഷാമംകൊണ്ടും നശിച്ചു മുടിഞ്ഞുപോകും.
എന്നാൽ വാളിനു തെറ്റി ഒഴിയുന്ന ഏതാനുംപേർ മിസ്രയീംദേശത്തുനിന്നു യെഹൂദാദേശത്തേക്കു മടങ്ങിവരും; മിസ്രയീംദേശത്തു വന്നു പാർക്കുന്ന ശേഷം യെഹൂദന്മാരൊക്കെയും എന്റെ വചനമോ അവരുടേതോ ഏതു നിവൃത്തിയായി എന്നറിയും.
എന്റെ വചനം നിങ്ങളുടെ തിന്മയ്ക്കായിട്ടു നിവർത്തിയായിവരുമെന്നു നിങ്ങൾ അറിയേണ്ടതിനു ഞാൻ ഈ സ്ഥലത്തുവച്ച് നിങ്ങളെ സന്ദർശിക്കും എന്നതു നിങ്ങൾക്ക് ഒരു അടയാളം ആകും എന്നു യഹോവയുടെ അരുളപ്പാട്.
ഞാൻ യെഹൂദാരാജാവായ സിദെക്കീയാവെ അവന്റെ ശത്രുവും അവനു പ്രാണഹാനി വരുത്തുവാൻ നോക്കിയവനുമായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിന്റെ കൈയിൽ ഏല്പിച്ചതുപോലെ ഞാൻ മിസ്രയീംരാജാവായ ഫറവോൻ-ഹോഫ്രയെയും അവന്റെ ശത്രുക്കളുടെ കൈയിലും അവനു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.