യിരെമ്യാവ് - 30 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 24 വരെ

യിരെമ്യാവ് 30:1

യഹോവയിങ്കൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:

യിരെമ്യാവ് 30:2

യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നോട് അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും ഒരു പുസ്തകത്തിൽ എഴുതിവയ്ക്കുക.

യിരെമ്യാവ് 30:3

ഞാൻ യിസ്രായേലും യെഹൂദായുമായ എന്റെ ജനത്തിന്റെ പ്രവാസം മാറ്റുവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാട്: ഞാൻ അവരുടെ പിതാക്കന്മാർക്ക് കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തും; അവർ അതിനെ കൈവശമാക്കും എന്ന് യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 30:4

യഹോവ യിസ്രായേലിനെയും യെഹൂദായെയും കുറിച്ച് അരുളിച്ചെയ്ത വചനങ്ങളാവിത്:

യിരെമ്യാവ് 30:5

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാം നടുക്കത്തിന്റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രേ ഉള്ളത്.

യിരെമ്യാവ് 30:6

പുരുഷൻ പ്രസവിക്കുമാറുണ്ടോ എന്നു ചോദിച്ചുനോക്കുവിൻ! ഏതു പുരുഷനും നോവു കിട്ടിയ സ്ത്രീയെപ്പോലെ കൈ നടുവിനു കൊടുത്തിരിക്കുന്നതും ഏതു മുഖവും വിളറി ഇരിക്കുന്നതും ഞാൻ കാണുന്നത് എന്ത്?

യിരെമ്യാവ് 30:7

ആ നാൾപോലെ വേറേ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിനു കഷ്ടകാലം തന്നെ; എങ്കിലും അവൻ അതിൽനിന്നു രക്ഷിക്കപ്പെടും.

യിരെമ്യാവ് 30:8

അന്നു ഞാൻ അവന്റെ നുകം നിന്റെ കഴുത്തിൽനിന്ന് ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാർ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 30:9

അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്ക് എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.

യിരെമ്യാവ് 30:10

ആകയാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയില്ല.

യിരെമ്യാവ് 30:11

നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെയുണ്ട് എന്നു യഹോവയുടെ അരുളപ്പാട്; നിന്നെ ഞാൻ ചിതറിച്ചുകളഞ്ഞ സകല ജാതികളെയും ഞാൻ മുടിച്ചുകളയും; എങ്കിലും, നിന്നെ ഞാൻ മുടിച്ചുകളകയില്ല; ഞാൻ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും.

യിരെമ്യാവ് 30:12

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പരിക്കു മാറാത്തതും നിന്റെ മുറിവു വിഷമമുള്ളതുമാകുന്നു.

യിരെമ്യാവ് 30:13

നിന്റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; നിന്റെ മുറിവിന് ഇടുവാൻ മരുന്നും കുഴമ്പും ഇല്ല.

യിരെമ്യാവ് 30:14

നിന്റെ സ്നേഹിതന്മാരൊക്കെയും നിന്നെ മറന്നിരിക്കുന്നു; നിന്റെ അകൃത്യത്തിന്റെ ആധിക്യം നിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പം നിമിത്തവും ഞാൻ നിന്നെ ശത്രു അടിക്കുന്നതു പോലെയും ക്രൂരൻ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കകൊണ്ട് അവർ നിന്നെ നോക്കുന്നില്ല.

യിരെമ്യാവ് 30:15

നിന്റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ചു നിലവിളിക്കുന്നത് എന്തിന്? നിന്റെ അകൃത്യത്തിന്റെ ആധിക്യം നിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പം നിമിത്തവും അല്ലോ ഞാൻ ഇതു നിന്നോടു ചെയ്തിരിക്കുന്നത്.

യിരെമ്യാവ് 30:16

അതുകൊണ്ട് നിന്നെ തിന്നുകളയുന്നവരെല്ലാവരും തിന്നുകളയപ്പെടും; നിന്റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; നിന്നെ കൊള്ളയിടുന്നവർ കൊള്ളയായിത്തീരും; നിന്നെ കവർച്ച ചെയ്യുന്നവരെയൊക്കെയും ഞാൻ കവർച്ചയ്ക്ക് ഏല്പിക്കും.

യിരെമ്യാവ് 30:17

അവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞുനോക്കാത്ത സീയോൻ എന്നും വിളിക്കകൊണ്ട്, ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്ക് ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 30:18

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യാക്കോബിൻകൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്റെ കല്ക്കുന്നിന്മേൽ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.

യിരെമ്യാവ് 30:19

അവയിൽനിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാൻ അവരെ വർധിപ്പിക്കും; അവർ കുറഞ്ഞു പോകയില്ല; ഞാൻ അവരെ മഹത്ത്വീകരിക്കും; അവർ എളിമപ്പെടുകയുമില്ല.

യിരെമ്യാവ് 30:20

അവരുടെ മക്കളും പണ്ടത്തെപ്പോലെ ആകും; അവരുടെ സഭ എന്റെ മുമ്പാകെ നിലനില്ക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാൻ സന്ദർശിക്കും.

യിരെമ്യാവ് 30:21

അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്ന് ഉദ്ഭവിക്കും; ഞാൻ അവനെ അടുപ്പിക്കും, അവൻ എന്നോട് അടുക്കും; അല്ലാതെ എന്നോട് അടുപ്പാൻ ധൈര്യപ്പെടുന്നവൻ ആർ? എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 30:22

അങ്ങനെ നിങ്ങൾ എനിക്കു ജനമായും ഞാൻ നിങ്ങൾക്കു ദൈവമായും ഇരിക്കും.

യിരെമ്യാവ് 30:23

യഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റ്, കടുപ്പമായി അടിക്കുന്ന ചുഴലിക്കാറ്റു തന്നെ, പുറപ്പെടുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുഴന്നടിക്കും.

യിരെമ്യാവ് 30:24

യഹോവയുടെ ഉഗ്രകോപം അവന്റെ മനസ്സിലെ നിർണയങ്ങളെ നടത്തി നിവർത്തിക്കുവോളം മടങ്ങുകയില്ല; ഭാവികാലത്തു നിങ്ങൾ അതു ഗ്രഹിക്കും.