യിരെമ്യാവ് - 51 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 64 വരെ

യിരെമ്യാവ് 51:1

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേലിന്റെ നേരേയും എന്റെ എതിരാളികളുടെ ഹൃദയത്തിന്റെ നേരേയും സംഹാരകന്റെ മനസ്സ് ഉണർത്തും.

യിരെമ്യാവ് 51:2

പാറ്റുന്നവരെ ഞാൻ ബാബേലിലേക്ക് അയയ്ക്കും; അവർ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനർഥദിവസത്തിൽ അവർ അതിനെ നാലുപുറവും വളയും.

യിരെമ്യാവ് 51:3

വില്ലാളി വില്ല് കുലയ്ക്കാതിരിക്കട്ടെ; അവൻ കവചം ധരിച്ച് നിവിർന്നു നില്ക്കാതിരിക്കട്ടെ; അതിലെ യൗവനക്കാരെ ആദരിക്കാതെ സർവസൈന്യത്തെയും നിർമ്മൂലമാക്കിക്കളവിൻ.

യിരെമ്യാവ് 51:4

അങ്ങനെ കല്ദയരുടെ ദേശത്തു നിഹതന്മാരും അതിന്റെ വീഥികളിൽ കുത്തിത്തുളയ്ക്കപ്പെട്ടവരും വീഴും.

യിരെമ്യാവ് 51:5

യിസ്രായേലിന്റെയും യെഹൂദായുടെയും ദേശങ്ങൾ യിസ്രായേലിന്റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവയുടെ ദൈവം അവയെ വിധവമാരായി വിട്ടിട്ടില്ല.

യിരെമ്യാവ് 51:6

ബാബേലിന്റെ നടുവിൽനിന്ന് ഓടി ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ; നിങ്ങൾ അതിന്റെ അകൃത്യത്തിൽ നശിച്ചുപോകരുത്; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അവൻ അതിനോടു പകരം ചെയ്യും;

യിരെമ്യാവ് 51:7

ബാബേൽ യഹോവയുടെ കൈയിൽ സർവഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊൻപാനപാത്രം ആയിരുന്നു; ജാതികൾ അതിലെ വീഞ്ഞു കുടിച്ചിട്ട് അവർക്കു ഭ്രാന്തുപിടിച്ചു.

യിരെമ്യാവ് 51:8

പെട്ടെന്നു ബാബേൽ വീണു തകർന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിൻ; അതിന്റെ വേദനയ്ക്കു തൈലം കൊണ്ടുവരുവിൻ; പക്ഷേ അതിനു സൗഖ്യം വരും.

യിരെമ്യാവ് 51:9

ഞങ്ങൾ ബാബേലിനു ചികിത്സ ചെയ്തു എങ്കിലും സൗഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളവിൻ; നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോക; അതിന്റെ ശിക്ഷാവിധി സ്വർഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.

യിരെമ്യാവ് 51:10

യഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; വരുവിൻ, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ സീയോനിൽ പ്രസ്താവിക്കുക.

യിരെമ്യാവ് 51:11

അമ്പു മിനുക്കുവിൻ; പരിച ധരിപ്പിൻ; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാൻ തക്കവണ്ണം അവന്റെ നിരൂപണം അതിനു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിനുവേണ്ടിയുള്ള പ്രതികാരം തന്നെ.

യിരെമ്യാവ് 51:12

ബാബേലിന്റെ മതിലുകൾക്കു നേരേ കൊടി ഉയർത്തുവിൻ; കാവൽ ഉറപ്പിപ്പിൻ; കാവല്ക്കാരെ നിർത്തുവിൻ; പതിയിരിപ്പുകാരെ ഒരുക്കുവിൻ; യഹോവ ബാബേൽനിവാസികളെക്കുറിച്ച് അരുളിച്ചെയ്തതു നിർണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു.

യിരെമ്യാവ് 51:13

വലിയ വെള്ളങ്ങൾക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങൾ ഉള്ളവളേ, നിന്റെ അവസാനം നിന്നെ ഛേദിച്ചുകളവാനുള്ള അവധി, വന്നിരിക്കുന്നു.

യിരെമ്യാവ് 51:14

ഞാൻ നിശ്ചയമായിട്ടു വിട്ടിലുകളെക്കൊണ്ടെന്നപോലെ മനുഷ്യരെക്കൊണ്ടു നിന്നെ നിറയ്ക്കും; അവർ നിന്റെ നേരേ ആർപ്പിടും എന്നു സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു.

യിരെമ്യാവ് 51:15

അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്‍ടിച്ചു; തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.

യിരെമ്യാവ് 51:16

അവൻ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവൻ ആവി കയറ്റുന്നു; മഴയ്ക്ക് മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റു പുറപ്പെടുവിക്കുന്നു.

യിരെമ്യാവ് 51:17

ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു. തട്ടാന്മാരൊക്കെയും വിഗ്രഹം നിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ. അവയിൽ ശ്വാസവും ഇല്ല.

യിരെമ്യാവ് 51:18

അവ മായയും വ്യർഥപ്രവൃത്തിയും തന്നെ; സന്ദർശനകാലത്ത് അവ നശിച്ചുപോകും.

യിരെമ്യാവ് 51:19

യാക്കോബിന്റെ ഓഹരിയായവൻ ഇവയെപ്പോലെയല്ല; അവൻ സർവത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.

യിരെമ്യാവ് 51:20

നീ എന്റെ വെൺമഴുവും യുദ്ധത്തിനുള്ള ആയുധങ്ങളും ആകുന്നു; ഞാൻ നിന്നെക്കൊണ്ടു ജാതികളെ തകർക്കയും നിന്നെക്കൊണ്ടു രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യും.

യിരെമ്യാവ് 51:21

നിന്നെക്കൊണ്ടു ഞാൻ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകർക്കും;

യിരെമ്യാവ് 51:22

നിന്നെക്കൊണ്ടു ഞാൻ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ വൃദ്ധനെയും ബാലനെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ യുവാവിനെയും യുവതിയെയും തകർക്കും.

യിരെമ്യാവ് 51:23

നിന്നെക്കൊണ്ടു ഞാൻ ഇടയനെയും ആട്ടിൻകൂട്ടത്തെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ കൃഷിക്കാരനെയും അവന്റെ ഏർകാളയെയും തകർക്കും; നിന്നെക്കൊണ്ടു ഞാൻ ദേശാധിപതികളെയും സ്ഥാനാപതികളെയും തകർക്കും.

യിരെമ്യാവ് 51:24

നിങ്ങൾ കാൺകെ ഞാൻ ബാബേലിനും സകല കല്ദയനിവാസികൾക്കും അവർ സീയോനിൽ ചെയ്തിരിക്കുന്ന സകല ദോഷത്തിനും തക്കവണ്ണം പകരം വീട്ടുമെന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 51:25

സകല ഭൂമിയെയും നശിപ്പിക്കുന്ന വിനാശകപർവതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; ഞാൻ നിന്റെമേൽ കൈ നീട്ടി നിന്നെ പാറകളിൽനിന്ന് ഉരുട്ടി ദഹനപർവതം ആക്കും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 51:26

നിന്നിൽനിന്ന് അവർ മൂലക്കല്ലായിട്ടോ അടിസ്ഥാനക്കല്ലായിട്ടോ ഒരു കല്ലും എടുക്കാതവണ്ണം നീ നിത്യശൂന്യമായി ഭവിക്കും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 51:27

ദേശത്ത് ഒരു കൊടി ഉയർത്തുവിൻ; ജാതികളുടെ ഇടയിൽ കാഹളം ഊതുവിൻ; ജാതികളെ അതിന്റെ നേരേ സംസ്കരിപ്പിൻ; അരാരത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അതിനു വിരോധമായി വിളിച്ചുകൂട്ടുവിൻ; അതിനെതിരേ ഒരു സേനാപതിയെ നിയമിപ്പിൻ; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ.

യിരെമ്യാവ് 51:28

മേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും സകല സ്ഥാനാപതിമാരും അവന്റെ ആധിപത്യത്തിൽ ഉൾപ്പെട്ട സകല ദേശക്കാരുമായ ജാതികളെ അതിനു വിരോധമായി സംസ്കരിപ്പിൻ;

യിരെമ്യാവ് 51:29

ബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യമാക്കേണ്ടതിനു ബാബേലിനെക്കുറിച്ചുള്ള യഹോവയുടെ നിരൂപണങ്ങൾ നിവൃത്തിയായിവരുന്നതുകൊണ്ടു ദേശം നടുങ്ങി സങ്കടപ്പെടുന്നു.

യിരെമ്യാവ് 51:30

ബാബേലിലെ വീരന്മാർ യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; അവർ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അതിലെ വീടുകൾക്കു തീ വച്ചു കളഞ്ഞു; അതിന്റെ ഓടാമ്പലുകൾ തകർന്നിരിക്കുന്നു.

യിരെമ്യാവ് 51:31

പട്ടണം നാലുപുറവും പിടിപെട്ടുപോയി, കടവുകൾ ശത്രുവശമായി, കളങ്ങൾ തീ പിടിച്ചു ദഹിച്ചിരിക്കുന്നു, യോദ്ധാക്കൾ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേൽരാജാവിനോട് അറിയിക്കേണ്ടതിന്

യിരെമ്യാവ് 51:32

ഓട്ടാളൻ ഓട്ടാളനും ദൂതൻ ദൂതനുമെതിരേ ഓടുന്നു.

യിരെമ്യാവ് 51:33

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ട് അതിന്റെ കൊയ്ത്തുകാലം വരും.

യിരെമ്യാവ് 51:34

ബാബേൽരാജാവായ നെബൂഖദ്നേസർ എന്നെ തിന്നുമുടിച്ചുകളഞ്ഞു, അവൻ എന്നെ വെറും പാത്രമാക്കി, മഹാസർപ്പം എന്നപോലെ അവൻ എന്നെ വിഴുങ്ങിക്കളഞ്ഞു, എന്റെ സ്വാദുഭോജ്യങ്ങളെക്കൊണ്ടു വയറു നിറച്ചു, എന്നെ തള്ളിക്കളഞ്ഞു.

യിരെമ്യാവ് 51:35

ഞാൻ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ എന്നു സീയോൻനിവാസിനി പറയും; എന്റെ രക്തം കല്ദയനിവാസികളുടെമേൽ വരട്ടെ എന്ന് യെരൂശലേം പറയും.

യിരെമ്യാവ് 51:36

അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്കുവേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാൻ ഉണക്കി, അതിന്റെ ഉറവുകൾ വറ്റിച്ചുകളയും.

യിരെമ്യാവ് 51:37

ബാബേൽ, നിവാസികൾ ഇല്ലാതെ കല്ക്കുന്നുകളും കുറുനരികളുടെ പാർപ്പിടവും വിസ്മയത്തിനും ചൂളകുത്തുന്നതിനും വിഷയവുമായിത്തീരും.

യിരെമ്യാവ് 51:38

അവരൊക്കെയും ബാലസിംഹങ്ങളെപ്പോലെ ഗർജിക്കും; അവർ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.

യിരെമ്യാവ് 51:39

അവർ ജയമത്തരായിരിക്കുമ്പോൾ ഉല്ലസിച്ച് ഉണരാതവണ്ണം നിത്യനിദ്ര കൊള്ളേണ്ടതിന് ഞാൻ അവർക്ക് ഒരു പാനീയം ഒരുക്കി അവരെ ലഹരിപിടിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 51:40

ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കൊലനിലത്തേക്ക് ഇറക്കിക്കൊണ്ടുവരും.

യിരെമ്യാവ് 51:41

ശേശക് പിടിക്കപ്പെട്ടുപോയതെങ്ങനെ? സർവഭൂമിയുടെയും പ്രശംസയായിരുന്നതു ശത്രുവശമായിപ്പോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ഒരു സ്തംഭനവിഷയമായിത്തീർന്നതെങ്ങനെ?

യിരെമ്യാവ് 51:42

ബാബേലിന്മേൽ കടൽ കവിഞ്ഞുവന്നിരിക്കുന്നു; അതിന്റെ തിരകളുടെ പെരുപ്പംകൊണ്ട് അതു മൂടിയിരിക്കുന്നു.

യിരെമ്യാവ് 51:43

അതിന്റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാർക്കാത്തതും വഴി നടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു.

യിരെമ്യാവ് 51:44

ഞാൻ ബാബേലിൽ വച്ച് ബേലിനെ സന്ദർശിച്ച്, അവൻ വിഴുങ്ങിയതിനെ അവന്റെ വായിൽനിന്നു പുറത്തിറക്കും; ജാതികൾ ഇനി അവന്റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; ബാബേലിന്റെ മതിൽ വീണുപോകും.

യിരെമ്യാവ് 51:45

എന്റെ ജനമേ, അതിന്റെ നടുവിൽനിന്ന് പുറപ്പെടുവിൻ; യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് നിങ്ങൾ ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ.

യിരെമ്യാവ് 51:46

ദേശത്തു കേൾക്കുന്ന വർത്തമാനം കൊണ്ടും ഒരു ആണ്ടിൽ ഒരു വർത്തമാനവും പിറ്റേയാണ്ടിൽ മറ്റൊരു വർത്തമാനവും കേൾക്കുമ്പോഴും സാഹസകൃത്യങ്ങൾ ദേശത്തു നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുത്; നിങ്ങൾ ഭയപ്പെടുകയും അരുത്.

യിരെമ്യാവ് 51:47

അതുകൊണ്ടു ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിപ്പാനുള്ള കാലം വരും; അന്നു ദേശമെല്ലാം ലജ്ജിച്ചുപോകും; അതിലെ നിഹതന്മാരൊക്കെയും അതിന്റെ നടുവിൽ വീഴും.

യിരെമ്യാവ് 51:48

ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; വടക്കുനിന്നു വിനാശകന്മാർ അതിലേക്കു വരും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 51:49

യിസ്രായേൽ നിഹതന്മാരേ, ബാബേൽ വീഴേണ്ടതാകുന്നു; ബാബേലിനോടുകൂടെ സർവദേശവും തന്നെ.

യിരെമ്യാവ് 51:50

വാളിന് ഒഴിഞ്ഞുപോയവരേ, നില്ക്കാതെ ചെല്ലുവിൻ; ദൂരത്തുനിന്നു യഹോവയെ ഓർപ്പിൻ; യെരൂശലേം നിങ്ങൾക്ക് ഓർമ വരട്ടെ! ഞങ്ങൾ നിന്ദ കേട്ട് ലജ്ജിച്ചിരിക്കുന്നു;

യിരെമ്യാവ് 51:51

അന്യന്മാർ യഹോവയുടെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കയാൽ ലജ്ജ ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു.

യിരെമ്യാവ് 51:52

അതുകൊണ്ടു ഞാൻ അതിലെ വിഗ്രഹങ്ങളെ സന്ദർശിപ്പാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാട്; അന്നു ദേശത്തെല്ലാടവും നിഹതന്മാർ കിടന്നു ഞരങ്ങും.

യിരെമ്യാവ് 51:53

ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയർത്തി ഉറപ്പിച്ചാലും, ഞാൻ വിനാശകന്മാരെ അതിലേക്ക് അയയ്ക്കും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 51:54

ബാബേലിൽനിന്ന് നിലവിളിയും കല്ദയദേശത്തുനിന്നു മഹാനാശവും കേൾക്കുന്നു.

യിരെമ്യാവ് 51:55

യഹോവ ബാബേലിനെ നശിപ്പിച്ച് അതിൽനിന്നു മഹാഘോഷം ഇല്ലാതെയാക്കുന്നു; അവരുടെ തിരകൾ പെരുവെള്ളംപോലെ ഇരയ്ക്കുന്നു; അവരുടെ ആരവത്തിന്റെ മുഴക്കം കേൾക്കുന്നു.

യിരെമ്യാവ് 51:56

അതിന്റെ നേരേ, ബാബേലിന്റെ നേരേ തന്നെ, വിനാശകൻ വന്നിരിക്കുന്നു; അതിലെ വീരന്മാർ പിടിപെട്ടിരിക്കുന്നു; അവരുടെ വില്ല് എല്ലാം ഒടിഞ്ഞുപോയി; യഹോവ പ്രതികാരത്തിന്റെ ദൈവമാകുന്നു; അവൻ പകരം ചെയ്യും.

യിരെമ്യാവ് 51:57

ഞാൻ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതിമാരെയും സ്ഥാനാപതികളെയും വീരന്മാരെയും മത്തുപിടിപ്പിക്കും; അവർ ഉണരാതവണ്ണം നിത്യനിദ്ര കൊള്ളും എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്.

യിരെമ്യാവ് 51:58

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിന്റെ വിശാലമായ മതിലുകൾ അശേഷം ഇടിഞ്ഞുപോകും; അതിന്റെ ഉയർന്ന വാതിലുകൾ തീ പിടിച്ചു വെന്തുപോകും; അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യർഥമായും ജാതികളുടെ പ്രയത്നം തീക്കിരയായും തീരുകയും അവർ ക്ഷീണിച്ചുപോകയും ചെയ്യും.

യിരെമ്യാവ് 51:59

യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ, അവനോടുകൂടെ മഹ്സേയാവിന്റെ മകനായ നേര്യാവിന്റെ മകനായ സെരായാവ് പ്രയാണാധ്യക്ഷനായി ബാബേലിലേക്കു പോകുമ്പോൾ യിരെമ്യാപ്രവാചകൻ സെരായാവോടു കല്പിച്ച വചനം-

യിരെമ്യാവ് 51:60

ബാബേലിനു വരുവാനിരിക്കുന്ന അനർഥമൊക്കെയും, ബാബേലിനെക്കുറിച്ച് എഴുതിയിരിക്കുന്ന സകല വചനങ്ങളും തന്നെ, യിരെമ്യാവ് ഒരു പുസ്തകത്തിൽ എഴുതി-

യിരെമ്യാവ് 51:61

യിരെമ്യാവ് സെരായാവോടു പറഞ്ഞത്: നീ ബാബേലിൽ എത്തിയ ശേഷം ഈ വചനങ്ങളൊക്കെയും നോക്കി വായിച്ചിട്ട്:

യിരെമ്യാവ് 51:62

യഹോവേ, ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അതു ശാശ്വതശൂന്യമായിരിക്കത്തക്കവണ്ണം നീ അതിനെ നശിപ്പിച്ചുകളയുമെന്ന് അതിനെക്കുറിച്ച് അരുളിച്ചെയ്തുവല്ലോ എന്നു പറയേണം.

യിരെമ്യാവ് 51:63

പിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന് ഒരു കല്ലു കെട്ടി ഫ്രാത്തിന്റെ നടുവിലേക്ക് എറിഞ്ഞ്;

യിരെമ്യാവ് 51:64

ഇങ്ങനെ ബാബേൽ ആണ്ടുപോകും; ഞാൻ അതിനു വരുത്തുന്ന അനർഥത്തിൽനിന്ന് അത് പൊങ്ങിവരികയില്ല; അവർ ക്ഷയിച്ചുപോകും എന്നു പറയേണം. ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങൾ.