യിരെമ്യാവ് - 19 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 15 വരെ

യിരെമ്യാവ് 19:1

യഹോവ ഇപ്രകാരം കല്പിച്ചു: നീ പോയി കുശവനോട് ഒരു മൺകുടം വിലയ്ക്കു വാങ്ങി ജനത്തിന്റെ മൂപ്പന്മാരിലും പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ടു

യിരെമ്യാവ് 19:2

ഹർസീത്ത് (ഓട്ടുനുറുക്ക്) വാതിലിന്റെ പുറമേയുള്ള ബെൻ-ഹിന്നോം താഴ്വരയിൽ ചെന്നു, ഞാൻ നിന്നോട് അരുളിച്ചെയ്യുന്ന വാക്കുകളെ അവിടെ പ്രസ്താവിച്ചു പറയേണ്ടത്:

യിരെമ്യാവ് 19:3

യെഹൂദാരാജാക്കന്മാരും യെരൂശലേംനിവാസികളുമായുള്ളോരേ, യഹോവയുടെ വചനം കേൾപ്പിൻ! യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്നവന്റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാൻ ഈ സ്ഥലത്തിന് ഒരനർഥം വരുത്തും.

യിരെമ്യാവ് 19:4

അവർ എന്നെ ഉപേക്ഷിച്ച്, ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്ക് അവിടെവച്ചു ധൂപംകാട്ടി ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറയ്ക്കയും

യിരെമ്യാവ് 19:5

ബാലിനു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയിൽ ഇട്ടു ദഹിപ്പിപ്പാൻ ബാലിനു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അതു ഞാൻ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്റെ മനസ്സിൽ വന്നിട്ടുമില്ല.

യിരെമ്യാവ് 19:6

അതുകൊണ്ട് ഈ സ്ഥലത്തിന് ഇനി തോഫെത്ത് എന്നും ബെൻ-ഹിന്നോം താഴ്വര എന്നും പേരുപറയാതെ കൊലത്താഴ്വര എന്നു പേരു പറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 19:7

അങ്ങനെ ഞാൻ ഈ സ്ഥലത്തുവച്ചു യെഹൂദായുടെയും യെരൂശലേമിന്റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ വാൾകൊണ്ടും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈകൊണ്ടും വീഴുമാറാക്കുകയും അവരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കിക്കൊടുക്കയും ചെയ്യും.

യിരെമ്യാവ് 19:8

ഞാൻ ഈ നഗരത്തെ സ്തംഭനത്തിനും പരിഹാസത്തിനും വിഷയമാക്കിത്തീർക്കും; അതിനരികെ കടന്നുപോകുന്ന ഏവനും സ്തംഭിച്ച് അതിനു നേരിട്ട സകല ബാധകളും നിമിത്തം ചൂളകുത്തും.

യിരെമ്യാവ് 19:9

അവരുടെ ശത്രുക്കളും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും ഞാൻ അവരെ സ്വന്തപുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ മാംസം തിന്നും.

യിരെമ്യാവ് 19:10

പിന്നെ നിന്നോടുകൂടെ പോന്ന പുരുഷന്മാർ കാൺകെ നീ ആ മൺകുടം ഉടച്ച് അവരോടു പറയേണ്ടതെന്തെന്നാൽ:

യിരെമ്യാവ് 19:11

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കിക്കൂടാതവണ്ണം കുശവന്റെ പാത്രം ഉടച്ചുകളഞ്ഞതുപോലെ ഞാൻ ഈ ജനത്തെയും ഈ നഗരത്തെയും ഉടച്ചുകളയും. അടക്കംചെയ്‍വാൻ വേറേ സ്ഥലമില്ലായ്കകൊണ്ട് അവരെ തോഫെത്തിൽ അടക്കംചെയ്യും.

യിരെമ്യാവ് 19:12

ഇങ്ങനെ ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും; ഞാൻ ഈ നഗരത്തെ തോഫെത്തിനു സമമാക്കും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 19:13

മലിനമായിരിക്കുന്ന യെരൂശലേംവീടുകളും യെഹൂദാരാജാക്കന്മാരുടെ അരമനകളും അവർ മേല്പുരകളിൽവച്ച് ആകാശത്തിലെ സർവസൈന്യത്തിനും ധൂപം കാണിക്കയും അന്യദേവന്മാർക്കു പാനീയബലി പകരുകയും ചെയ്ത എല്ലാ വീടുകളുംതന്നെ തോഫെത്ത് എന്ന സ്ഥലംപോലെയാകും.

യിരെമ്യാവ് 19:14

അനന്തരം യിരെമ്യാവ് യഹോവ തന്നെ പ്രവചിപ്പാൻ അയച്ചിരുന്ന തോഫെത്തിൽനിന്നു വന്നു, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ടു സകല ജനത്തോടും:

യിരെമ്യാവ് 19:15

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്റെ വചനങ്ങളെ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കകൊണ്ടു ഞാൻ ഈ നഗരത്തിനു വിധിച്ചിരിക്കുന്ന അനർഥമൊക്കെയും അതിനും അതിനടുത്ത എല്ലാ പട്ടണങ്ങൾക്കും വരുത്തും എന്നു പറഞ്ഞു.