യിരെമ്യാവ് - 16 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 21 വരെ

യിരെമ്യാവ് 16:1

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യിരെമ്യാവ് 16:2

ഈ സ്ഥലത്തു നീ ഭാര്യയെ പരിഗ്രഹിക്കരുത്; നിനക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുത്.

യിരെമ്യാവ് 16:3

ഈ സ്ഥലത്തു ജനിക്കുന്ന പുത്രന്മാരെയും പുത്രിമാരെയും കുറിച്ചും ഈ ദേശത്ത് അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവരെ ജനിപ്പിക്കുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

യിരെമ്യാവ് 16:4

അവർ കൊടിയ വ്യാധികളാൽ മരിക്കും; ആരും അവരെക്കുറിച്ചു വിലാപം കഴിക്കയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ അവർ നിലത്തിനു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവർ മുടിഞ്ഞുപോകും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയായിത്തീരും.

യിരെമ്യാവ് 16:5

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ദുഃഖഭവനത്തിൽ ചെല്ലരുത്; വിലപിപ്പാൻ പോകരുത്; അവരോടു സഹതാപം കാണിക്കയും അരുത്; ഞാൻ എന്റെ സമാധാനവും ദയയും കരുണയും ഈ ജനത്തിൽനിന്നു നീക്കിക്കളഞ്ഞു എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 16:6

വലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവരെക്കുറിച്ചു വിലാപം കഴിക്കയില്ല, അവരുടെ നിമിത്തം മുറിവേല്പിക്കയില്ല; മുൻകഷണ്ടിയുണ്ടാക്കുകയുമില്ല.

യിരെമ്യാവ് 16:7

മരിച്ചവനെക്കുറിച്ച് അവരെ ആശ്വസിപ്പിക്കേണ്ടതിന് ആരും വിലാപത്തിങ്കൽ അവർക്ക് അപ്പം നുറുക്കിക്കൊടുക്കയില്ല; അപ്പനെച്ചൊല്ലിയോ അമ്മയെച്ചൊല്ലിയോ ആരും അവർക്ക് ആശ്വാസത്തിന്റെ പാനപാത്രം കുടിപ്പാൻ കൊടുക്കയുമില്ല.

യിരെമ്യാവ് 16:8

അവരോടുകൂടെ ഇരുന്നു ഭക്ഷിപ്പാനും പാനം ചെയ്‍വാനും നീ വിരുന്നു വീട്ടിലേക്കു പോകരുത്.

യിരെമ്യാവ് 16:9

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ കാൺകെ ഞാൻ നിങ്ങളുടെ നാളുകളിൽ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും ഈ സ്ഥലത്തുനിന്നു നീക്കിക്കളയും.

യിരെമ്യാവ് 16:10

നീ ഈ വചനങ്ങളെയൊക്കെയും ഈ ജനത്തോട് അറിയിക്കുമ്പോഴും യഹോവ ഞങ്ങൾക്കു വിരോധമായി ഈ വലിയ അനർഥമൊക്കെയും കല്പിച്ചതെന്ത്? ഞങ്ങളുടെ അകൃത്യം എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങൾ ചെയ്ത പാപം എന്ത് എന്ന് അവർ നിന്നോടു ചോദിക്കുമ്പോഴും നീ അവരോടു പറയേണ്ടത് എന്തെന്നാൽ:

യിരെമ്യാവ് 16:11

നിങ്ങളുടെ പിതാക്കന്മാർ എന്നെ ത്യജിച്ച് അന്യദേവന്മാരോടു ചേർന്ന് അവരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ച് എന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതിരിക്കയും ചെയ്കകൊണ്ടുതന്നെ എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 16:12

നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും എന്റെ വാക്കു കേൾക്കാതെ താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചു നടക്കുന്നു.

യിരെമ്യാവ് 16:13

അതുകൊണ്ടു ഞാൻ നിങ്ങളെ ഈ ദേശത്തുനിന്നു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിയാത്ത ഒരു ദേശത്തേക്കു നീക്കിക്കളയും; അവിടെ നിങ്ങൾ രാവും പകലും അന്യദേവന്മാരെ സേവിക്കും; അവിടെ ഞാൻ നിങ്ങൾക്കു കൃപ കാണിക്കയുമില്ല.

യിരെമ്യാവ് 16:14

ആകയാൽ, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്ന് ഇനി പറയാതെ,

യിരെമ്യാവ് 16:15

യിസ്രായേൽമക്കളെ വടക്കേദേശത്തുനിന്നും താൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകല ദേശങ്ങളിൽനിന്നും കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തിലേക്കു ഞാൻ അവരെ വീണ്ടും കൊണ്ടുവരും.

യിരെമ്യാവ് 16:16

ഇതാ, ഞാൻ അനേകം മീൻപിടിക്കാരെ വരുത്തും; അവർ അവരെ പിടിക്കും; അതിന്റെ ശേഷം ഞാൻ അനേകം നായാട്ടുകാരെ വരുത്തും; അവർ അവരെ എല്ലാ മലയിലും നിന്നും എല്ലാ കുന്നിലും നിന്നും പാറപ്പിളർപ്പുകളിൽ നിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 16:17

എന്റെ ദൃഷ്‍ടി അവരുടെ എല്ലാ വഴികളുടെയുംമേൽ വച്ചിരിക്കുന്നു; അവ എനിക്കു മറഞ്ഞുകിടക്കുന്നില്ല; അവരുടെ അകൃത്യം എന്റെ കണ്ണിനു ഗുപ്തമായിരിക്കുന്നതുമില്ല.

യിരെമ്യാവ് 16:18

അവർ എന്റെ ദേശത്തെ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി എന്റെ അവകാശത്തെ തങ്ങളുടെ അറപ്പുകളെക്കൊണ്ടു നിറച്ചിരിക്കയാൽ, ഞാൻ ഒന്നാമത് അവരുടെ അകൃത്യത്തിനും അവരുടെ പാപത്തിനും ഇരട്ടിച്ചു പകരം ചെയ്യും.

യിരെമ്യാവ് 16:19

എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ ശരണവുമായ യഹോവേ, ജാതികൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു നിന്റെ അടുക്കൽ വന്നു: ഞങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായിരുന്നതു മിഥ്യാമൂർത്തികളായ വെറും ഭോഷ്ക് അത്രേ; അവയിൽ പ്രയോജനമുള്ളത് ഒന്നുമില്ല എന്നു പറയും.

യിരെമ്യാവ് 16:20

തനിക്കു ദേവന്മാരെ ഉണ്ടാക്കുവാൻ മനുഷ്യന് കഴിയുമോ? എന്നാൽ അവ ദേവന്മാരല്ല.

യിരെമ്യാവ് 16:21

ആകയാൽ ഞാൻ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്റെ കൈയും എന്റെ ബലവും ഞാൻ അവരെ ഒന്ന് അനുഭവിപ്പിക്കും; എന്റെ നാമം യഹോവ എന്ന് അവർ അറിയും.