യിരെമ്യാവ് - 18 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

യിരെമ്യാവ് 18:1

യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:

യിരെമ്യാവ് 18:2

നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവച്ചു ഞാൻ നിന്നെ എന്റെ വചനങ്ങളെ കേൾപ്പിക്കും.

യിരെമ്യാവ് 18:3

അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു.

യിരെമ്യാവ് 18:4

കുശവൻ കളിമണ്ണുകൊണ്ടുണ്ടാക്കിയ പാത്രം അവന്റെ കൈയിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു.

യിരെമ്യാവ് 18:5

അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യിരെമ്യാവ് 18:6

യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാട്; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കൈയിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കൈയിൽ ഇരിക്കുന്നു.

യിരെമ്യാവ് 18:7

ഞാൻ ഒരു ജാതിയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ച് ഇടിച്ച് നശിപ്പിച്ചുകളയും എന്ന് അരുളിച്ചെയ്തിട്ടു

യിരെമ്യാവ് 18:8

ഞാൻ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടു തിരിയുന്നുവെങ്കിൽ അതിനോടു ചെയ്‍വാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും.

യിരെമ്യാവ് 18:9

ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാൻ അതിനെ പണികയും നടുകയും ചെയ്യും എന്ന് അരുളിച്ചെയ്തിട്ട്

യിരെമ്യാവ് 18:10

അത് എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്ക് അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ അവർക്കു വരുത്തും എന്ന് അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും.

യിരെമ്യാവ് 18:11

ആകയാൽ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങൾക്ക് ഒരനർഥം നിർമ്മിച്ചു, നിങ്ങൾക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങൾ ഓരോരുത്തനും താന്താന്റെ ദുർമാർഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ.

യിരെമ്യാവ് 18:12

അതിന് അവർ: ഇതു വെറുതേ; ഞങ്ങൾ ഞങ്ങളുടെ സ്വന്തനിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും എന്നു പറഞ്ഞു.

യിരെമ്യാവ് 18:13

അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്ന് അന്വേഷിപ്പിൻ; ഇങ്ങനെയുള്ളത് ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.

യിരെമ്യാവ് 18:14

ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്ന് ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമോ?

യിരെമ്യാവ് 18:15

എന്റെ ജനമോ എന്നെ മറന്നു മിഥ്യാമൂർത്തികൾക്കു ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽത്തന്നെ, അവർ അവരെ ഇടറിവീഴുമാറാക്കി; അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;

യിരെമ്യാവ് 18:16

അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽക്കൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.

യിരെമ്യാവ് 18:17

കിഴക്കൻകാറ്റുകൊണ്ടെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനർഥദിവസത്തിൽ ഞാൻ അവർക്ക് എന്റെ മുഖമല്ല, പുറമത്രേ കാണിക്കും.

യിരെമ്യാവ് 18:18

എന്നാൽ അവർ: വരുവിൻ, നമുക്കു യിരെമ്യാവിന്റെ നേരേ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിൻ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്റെ വാക്ക് ഒന്നും നാം ശ്രദ്ധിക്കരുത് എന്നു പറഞ്ഞു.

യിരെമ്യാവ് 18:19

യഹോവേ, എനിക്കു ചെവി തന്നു എന്റെ പ്രതിയോഗികളുടെ വാക്ക് കേൾക്കേണമേ.

യിരെമ്യാവ് 18:20

നന്മയ്ക്കു പകരം തിന്മ ചെയ്യാമോ? അവർ എന്റെ പ്രാണഹാനിക്കായിട്ട് ഒരു കുഴി കുഴിച്ചിരിക്കുന്നു; നിന്റെ കോപം അവരെ വിട്ടുമാറേണ്ടതിനു ഞാൻ അവർക്കുവേണ്ടി നന്മ സംസാരിപ്പാൻ തിരുമുമ്പിൽ നിന്നത് ഓർക്കേണമേ.

യിരെമ്യാവ് 18:21

അവരുടെ മക്കളെ ക്ഷാമത്തിന് ഏല്പിച്ചു, വാളിന് ഇരയാക്കേണമേ; അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ; അവരുടെ പുരുഷന്മാർ മരണത്തിന് ഇരയാകട്ടെ; അവരുടെ യൗവനക്കാർ യുദ്ധത്തിൽ വാളിനാൽ പട്ടുപോകട്ടെ.

യിരെമ്യാവ് 18:22

നീ പെട്ടെന്ന് ഒരു പടക്കൂട്ടത്തെ അവരുടെമേൽ വരുത്തിയിട്ട് അവരുടെ വീടുകളിൽനിന്നു നിലവിളി കേൾക്കുമാറാകട്ടെ; അവർ എന്നെ പിടിപ്പാൻ ഒരു കുഴി കുഴിച്ചു, എന്റെ കാലിനു കെണി മറച്ചു വച്ചിരിക്കുന്നുവല്ലോ.

യിരെമ്യാവ് 18:23

യഹോവേ, എന്റെ മരണത്തിനായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽ നിന്നു മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തുതന്നെ അവരോടു പ്രവർത്തിക്കേണമേ.