യിരെമ്യാവ് - 7 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 34 വരെ

യിരെമ്യാവ് 7:1

യഹോവയിങ്കൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:

യിരെമ്യാവ് 7:2

നീ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ട്: യഹോവയെ നമസ്കരിപ്പാൻ ഈ വാതിലുകളിൽക്കൂടി കടക്കുന്നവരായ എല്ലാ യെഹൂദായുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേൾപ്പിൻ എന്നീ വചനം വിളിച്ചുപറക.

യിരെമ്യാവ് 7:3

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ; എന്നാൽ ഞാൻ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും.

യിരെമ്യാവ് 7:4

യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്.

യിരെമ്യാവ് 7:5

നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽ തമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ,

യിരെമ്യാവ് 7:6

പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്തു ചിന്നിക്കാതെയും നിങ്ങൾക്ക് ആപത്തിനായി അന്യദേവന്മാരോടു ചെന്നു ചേരാതെയും ഇരിക്കുന്നുവെങ്കിൽ,

യിരെമ്യാവ് 7:7

ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്തു നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും.

യിരെമ്യാവ് 7:8

നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു.

യിരെമ്യാവ് 7:9

നിങ്ങൾ മോഷ്‍ടിക്കയും കൊലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു.

യിരെമ്യാവ് 7:10

പിന്നെ വന്ന് എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ട്: ഞങ്ങൾ രക്ഷപെട്ടിരിക്കുന്നു എന്നു പറയുന്നത് ഈ മ്ലേച്ഛതകളൊക്കെയും ചെയ്യേണ്ടതിനു തന്നെയോ?

യിരെമ്യാവ് 7:11

എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങൾക്കു തോന്നുന്നുവോ? എനിക്കും അത് അങ്ങനെ തന്നെ തോന്നുന്നു എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 7:12

എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിൽ ഉള്ള എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്ന് എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടത നിമിത്തം ഞാൻ അതിനോടു ചെയ്തതു നോക്കുവിൻ!

യിരെമ്യാവ് 7:13

ആകയാൽ നിങ്ങൾ ഈ പ്രവൃത്തികളെയൊക്കെയും ചെയ്കയും ഞാൻ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങൾ കേൾക്കാതിരിക്കയും ഞാൻ നിങ്ങളെ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ട്,

യിരെമ്യാവ് 7:14

എന്റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാൻ ചെയ്യും.

യിരെമ്യാവ് 7:15

നിങ്ങളുടെ സകല സഹോദരന്മാരുമായ എഫ്രയീംസന്തതിയെയൊക്കെയും ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു തള്ളിക്കളയും എന്ന് യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 7:16

അതുകൊണ്ടു നീ ഈ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്; അവർക്കുവേണ്ടി യാചനയും പ്രാർഥനയും കഴിക്കരുത്; എന്നോടു പക്ഷവാദം ചെയ്കയുമരുത്; ഞാൻ നിന്റെ അപേക്ഷ കേൾക്കയില്ല.

യിരെമ്യാവ് 7:17

യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും അവർ ചെയ്യുന്നതു നീ കാണുന്നില്ലയോ?

യിരെമ്യാവ് 7:18

എനിക്കു കോപം വരത്തക്കവണ്ണം അവർ ആകാശരാജ്ഞിക്ക് അപ്പം ചുടേണ്ടതിനും അന്യദേവന്മാർക്ക് പാനീയബലി പകരേണ്ടതിനും മക്കൾ വിറകു പെറുക്കുകയും അപ്പന്മാർ തീ കത്തിക്കയും സ്ത്രീകൾ മാവു കുഴയ്ക്കുകയും ചെയ്യുന്നു.

യിരെമ്യാവ് 7:19

എന്നാൽ അവർ എന്നെയോ മുഷിപ്പിക്കുന്നത്? സ്വന്തലജ്ജയ്ക്കായിട്ടു തങ്ങളെ തന്നെയല്ലയോ എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 7:20

അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ കോപവും എന്റെ ക്രോധവും ഈ സ്ഥലത്തു മനുഷ്യന്റെമേലും മൃഗത്തിന്മേലും പറമ്പിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അതു കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും.

യിരെമ്യാവ് 7:21

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിൻ.

യിരെമ്യാവ് 7:22

ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഹോമയാഗങ്ങളെക്കുറിച്ചാകട്ടെ ഹനനയാഗങ്ങളെക്കുറിച്ചാകട്ടെ അവരോടു സംസാരിക്കയോ കല്പിക്കയോ ചെയ്തിട്ടില്ല.

യിരെമ്യാവ് 7:23

എന്റെ വാക്കു കേട്ടനുസരിപ്പിൻ; എന്നാൽ ഞാൻ നിങ്ങൾക്കു ദൈവമായും നിങ്ങൾ എനിക്കു ജനമായും ഇരിക്കും; നിങ്ങൾക്കു നന്നായിരിക്കേണ്ടതിനു ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള വഴികളിലൊക്കെയും നടപ്പിൻ എന്നീ കാര്യമത്രേ ഞാൻ അവരോടു കല്പിച്ചത്.

യിരെമ്യാവ് 7:24

എന്നാൽ അവർ അനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പുറകോട്ടു തന്നെ പൊയ്ക്കളഞ്ഞു.

യിരെമ്യാവ് 7:25

നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകല ദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.

യിരെമ്യാവ് 7:26

എന്നിട്ടും എന്നെ കേട്ടനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ അവർ ദുശ്ശാഠ്യം കാട്ടി തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തു.

യിരെമ്യാവ് 7:27

ഈ വചനങ്ങളെയൊക്കെയും നീ അവരോടു പറയുമ്പോൾ അവർ നിനക്കു ചെവി തരികയില്ല; നീ അവരെ വിളിക്കുമ്പോൾ അവർ ഉത്തരം പറകയില്ല.

യിരെമ്യാവ് 7:28

എന്നാൽ നീ അവരോടു പറയേണ്ടത്: തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കയോ ഉപദേശം കൈക്കൊൾകയോ ചെയ്യാത്ത ജാതിയാകുന്നു ഇത്; വിശ്വസ്തത നശിച്ച് അവരുടെ വായിൽനിന്നും നിർമ്മൂലമായിരിക്കുന്നു.

യിരെമ്യാവ് 7:29

നിന്റെ തലമുടി കത്രിച്ച് എറിഞ്ഞുകളക; മൊട്ടക്കുന്നിന്മേൽ കയറി വിലാപം കഴിക്ക; യഹോവ തന്റെ ക്രോധത്തിന്റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.

യിരെമ്യാവ് 7:30

യെഹൂദാപുത്രന്മാർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാട്. എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാൻ തക്കവണ്ണം അവർ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

യിരെമ്യാവ് 7:31

തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ഇട്ടു ദഹിപ്പിക്കേണ്ടതിന് അവർ ബെൻ-ഹിന്നോം താഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല.

യിരെമ്യാവ് 7:32

അതുകൊണ്ട് ഇനി അതിനു തോഫെത്ത് എന്നും ബെൻ-ഹിന്നോം താഴ്വര എന്നും പേരു പറയാതെ കൊലത്താഴ്വര എന്നു പേർ വിളിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്; വേറേ സ്ഥലം ഇല്ലായ്കകൊണ്ട് അവർ തോഫെത്തിൽ ശവം അടക്കും.

യിരെമ്യാവ് 7:33

എന്നാൽ ഈ ജനത്തിന്റെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ കാട്ടുമൃഗങ്ങൾക്കും ഇരയായിത്തീരും; ആരും അവയെ ആട്ടിക്കളകയുമില്ല.

യിരെമ്യാവ് 7:34

അന്നു ഞാൻ യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേം വീഥികളിൽനിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും നീക്കിക്കളയും; ദേശമോ ശൂന്യമായിക്കിടക്കും.