യഹോവേ, ഞാൻ നിന്നോടു വാദിച്ചാൽ നീ നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ചു ഞാൻ നിന്നോടു ചോദിപ്പാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാൻ സംഗതി എന്ത്? ദ്രോഹം പ്രവർത്തിക്കുന്നവരൊക്കെയും നിർഭയന്മാരായിരിക്കുന്നതെന്ത്?
നീ അവരെ നട്ട് അവർ വേരൂന്നി വളർന്നു ഫലം കായിക്കുന്നു; അവരുടെ വായിൽ നീ സമീപസ്ഥനായും അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു.
എന്നാൽ യഹോവേ, എന്നെ നീ അറിയുന്നു; നീ എന്നെ കണ്ടു നിന്റെ സന്നിധിയിൽ എന്റെ ഹൃദയത്തെ ശോധന ചെയ്യുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴയ്ക്കേണമേ; കൊലദിവസത്തിനായി അവരെ വേർതിരിക്കേണമേ.
ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടത നിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവൻ ഞങ്ങളുടെ അന്ത്യാവസ്ഥ കാണുകയില്ല എന്ന് അവർ പറയുന്നു.
കാലാളുകളോടുകൂടെ ഓടിയിട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോട് എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻകാട്ടിൽ നീ എന്തുചെയ്യും?
നിന്റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു. അവരുംകൂടെ നിന്റെ പിന്നാലെ ആർപ്പുവിളിക്കുന്നു; അവർ നിന്നോടു ചക്കരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുത്.
ഞാൻ എന്റെ ആലയത്തെ ഉപേക്ഷിച്ച്, എന്റെ അവകാശത്തെ ത്യജിച്ച്, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചുകളഞ്ഞിരിക്കുന്നു.
എന്റെ അവകാശം എനിക്കു കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അത് എന്റെ നേരേ നാദം കേൾപ്പിക്കുന്നു; അതുകൊണ്ടു ഞാൻ അതിനെ വെറുക്കുന്നു.
എന്റെ അവകാശം എനിക്കു പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? ചെന്ന് എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടിക്കൊണ്ടു തിന്മാൻ വരുവിൻ.
അനേകം ഇടയന്മാർ എന്റെ മുന്തിരിത്തോട്ടം നശിപ്പിക്കയും എന്റെ ഓഹരിയെ ചവിട്ടിക്കളകയും എന്റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു.
അവർ അതിനെ ശൂന്യമാക്കിയിരിക്കുന്നു; ശൂന്യമായിത്തീർന്നതിനാൽ അത് എന്നോടു സങ്കടം പറയുന്നു; ആരും ശ്രദ്ധ വയ്ക്കായ്കയാൽ ദേശമൊക്കെയും ശൂന്യമായിപ്പോയിരിക്കുന്നു.
വിനാശകന്മാർ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേലൊക്കെയും വന്നിരിക്കുന്നു; യഹോവയുടെ വാൾ ദേശത്തെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ തിന്നുകളയുന്നു; ഒരു ജഡത്തിനും സമാധാനം ഇല്ല.
അവർ കോതമ്പു വിതച്ചു മുള്ളു കൊയ്തു; അവർ പ്രയാസപ്പെട്ടു, ഒരു ഫലവും ഉണ്ടായില്ല; യഹോവയുടെ ഉഗ്രകോപം നിമിത്തം അവർ തങ്ങളുടെ വിളവിനെക്കുറിച്ചു ലജ്ജിക്കും.
ഞാൻ എന്റെ ജനമായ യിസ്രായേലിനു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരായ എന്റെ എല്ലാ അയൽക്കാരെയും കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളയും; യെഹൂദാഗൃഹത്തെ ഞാൻ അവരുടെ ഇടയിൽനിന്നു പറിച്ചുകളയും.
അവരെ പറിച്ചുകളഞ്ഞശേഷം ഞാൻ വീണ്ടും അവരോടു കരുണ കാണിച്ച് ഓരോരുത്തനെ അവനവന്റെ അവകാശത്തിലേക്കും ദേശത്തിലേക്കും തിരിച്ചുവരുത്തും.
അവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ സത്യം ചെയ്‍വാൻ പഠിപ്പിച്ചതുപോലെ, യഹോവയാണ എന്ന് എന്റെ നാമത്തിൽ സത്യം ചെയ്‍വാൻ തക്കവണ്ണം എന്റെ ജനത്തിന്റെ നടപടികളെ താൽപര്യത്തോടെ പഠിക്കുമെങ്കിൽ അവർ എന്റെ ജനത്തിന്റെ മധ്യേ അഭിവൃദ്ധി പ്രാപിക്കും.
അവർ കേട്ടനുസരിക്കുന്നില്ലെങ്കിലോ, ഞാൻ ആ ജാതിയെ പറിച്ചു നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.