യിരെമ്യാവ് - 36 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 32 വരെ

യിരെമ്യാവ് 36:1

യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാടാവിത്:

യിരെമ്യാവ് 36:2

നീ ഒരു പുസ്തകച്ചുരുൾ മേടിച്ച്, ഞാൻ യോശീയാവിന്റെ കാലത്ത് നിന്നോടു സംസാരിച്ചു തുടങ്ങിയനാൾ മുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദായെയും സകല ജാതികളെയും കുറിച്ച് ഞാൻ നിന്നോട് അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക.

യിരെമ്യാവ് 36:3

പക്ഷേ യെഹൂദാഗൃഹം ഞാൻ അവർക്കു വരുത്തുവാൻ വിചാരിക്കുന്ന സകല അനർഥത്തെയും കുറിച്ചു കേട്ടിട്ട് ഓരോരുത്തൻ താന്താന്റെ ദുർമാർഗം വിട്ടുതിരിവാനും ഞാൻ അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും.

യിരെമ്യാവ് 36:4

അങ്ങനെ യിരെമ്യാവ് നേര്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോട് അരുളിച്ചെയ്ത സകല വചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക് ഒരു പുസ്തകച്ചുരുളിൽ എഴുതി.

യിരെമ്യാവ് 36:5

യിരെമ്യാവ് ബാരൂക്കിനോടു കല്പിച്ചത്: ഞാൻ അടയ്ക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തിൽ പോകുവാൻ കഴിവില്ല.

യിരെമ്യാവ് 36:6

ആകയാൽ നീ ചെന്ന് എന്റെ വാമൊഴി കേട്ട് എഴുതിയ ചുരുളിൽനിന്ന് യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നെ ജനം കേൾക്കെ വായിക്ക; അതതു പട്ടണങ്ങളിൽനിന്നു വരുന്ന എല്ലാ യെഹൂദായും കേൾക്കെ നീ അതു വായിക്കേണം.

യിരെമ്യാവ് 36:7

പക്ഷേ അവർ യഹോവയുടെ മുമ്പിൽ വീണ് അപേക്ഷിച്ചുകൊണ്ട് ഓരോരുത്തൻ താന്താന്റെ ദുർമാർഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിനു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ.

യിരെമ്യാവ് 36:8

യിരെമ്യാപ്രവാചകൻ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്യാവിന്റെ മകനായ ബാരൂക് ചെയ്തു, യഹോവയുടെ ആലയത്തിൽ ആ പുസ്തകത്തിൽനിന്ന് യഹോവയുടെ വചനങ്ങളെ വായിച്ചു കേൾപ്പിച്ചു.

യിരെമ്യാവ് 36:9

യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവർ യെരൂശലേമിലെ സകല ജനത്തിനും യെഹൂദാപട്ടണങ്ങളിൽനിന്നു യെരൂശലേമിൽ വന്ന സകല ജനത്തിനും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,

യിരെമ്യാവ് 36:10

അപ്പോൾ ബാരൂക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്റെ പുതിയ വാതിലിന്റെ പ്രവേശനത്തിങ്കൽ, മേലത്തെ മുറ്റത്ത്, ശാഫാന്റെ മകനായ ഗെമര്യാരായസക്കാരന്റെ മുറിയിൽവച്ച് ആ പുസ്തകത്തിൽനിന്ന് യിരെമ്യാവിന്റെ വചനങ്ങളെ സകല ജനത്തെയും വായിച്ച് കേൾപ്പിച്ചു.

യിരെമ്യാവ് 36:11

ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തിൽനിന്ന് വായിച്ചു കേട്ടപ്പോൾ അവൻ രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിൽ ചെന്നു;

യിരെമ്യാവ് 36:12

അവിടെ സകല പ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരൻ എലീശാമായും ശെമയ്യാവിന്റെ മകൻ ദെലായാവും അഖ്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നെ.

യിരെമ്യാവ് 36:13

ബാരൂക് ജനത്തെ പുസ്തകം വായിച്ചു കേൾപ്പിച്ചപ്പോൾ, താൻ കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവ് അവരോടു പ്രസ്താവിച്ചു.

യിരെമ്യാവ് 36:14

അപ്പോൾ സകല പ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: നീ ജനത്തെ വായിച്ചു കേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തു കൊണ്ടുവരിക എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകൻ ബാരൂക് പുസ്തകച്ചുരുൾ എടുത്തുകൊണ്ട് അവരുടെ അടുക്കൽ വന്നു.

യിരെമ്യാവ് 36:15

അവർ അവനോട്: ഇവിടെ ഇരുന്ന് അതു വായിച്ചു കേൾപ്പിക്ക എന്നു പറഞ്ഞു; ബാരൂക് വായിച്ചു കേൾപ്പിച്ചു.

യിരെമ്യാവ് 36:16

ആ വചനങ്ങളൊക്കെയും കേട്ടപ്പോൾ അവർ ഭയപ്പെട്ടു തമ്മിൽതമ്മിൽ നോക്കി, ബാരൂക്കിനോട്: ഈ വചനങ്ങളൊക്കെയും ഞങ്ങൾ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു.

യിരെമ്യാവ് 36:17

നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയത്? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്ന് അവർ ബാരൂക്കിനോട് ചോദിച്ചു.

യിരെമ്യാവ് 36:18

ബാരൂക് അവരോട്: അവൻ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാൻ മഷികൊണ്ട് പുസ്തകത്തിൽ എഴുതി എന്നുത്തരം പറഞ്ഞു.

യിരെമ്യാവ് 36:19

അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോട്: പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊൾവിൻ; നിങ്ങൾ ഇന്നേടത്തു ഇരിക്കുന്നു എന്ന് ആരും അറിയരുത് എന്നു പറഞ്ഞു.

യിരെമ്യാവ് 36:20

അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമായുടെ മുറിയിൽ വച്ചേച്ച്, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു.

യിരെമ്യാവ് 36:21

രാജാവ് ചുരുൾ എടുത്തുകൊണ്ടുവരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമായുടെ മുറിയിൽനിന്ന് അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകല പ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു.

യിരെമ്യാവ് 36:22

അന്ന് ഒമ്പതാം മാസത്തിൽ രാജാവ് ഹേമന്തഗൃഹത്തിൽ ഇരിക്കയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു.

യിരെമ്യാവ് 36:23

യെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവ് എഴുത്തുകാരന്റെ ഒരു കത്തികൊണ്ട് അതു കണ്ടിച്ചു ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു.

യിരെമ്യാവ് 36:24

രാജാവാകട്ടെ ആ വചനങ്ങളൊക്കെയും കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമാകട്ടെ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.

യിരെമ്യാവ് 36:25

ചുരുൾ ചുട്ടുകളയരുതേ എന്ന് എൽനാഥാനും ദെലായാവും ശെമര്യാവും രാജാവിനോട് അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല.

യിരെമ്യാവ് 36:26

അനന്തരം ബാരൂക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാൻ രാജാവ് രാജകുമാരനായ യെരഹ്‍മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു;

യിരെമ്യാവ് 36:27

ചുരുളും ബാരൂക് യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവ് ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:

യിരെമ്യാവ് 36:28

നീ മറ്റൊരു ചുരുൾ മേടിച്ച് യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളിൽ ഉണ്ടായിരുന്ന വചനങ്ങളൊക്കെയും അതിൽ എഴുതുക.

യിരെമ്യാവ് 36:29

എന്നാൽ യെഹൂദാരാജാവായ യെഹോയാക്കീമിനോട് നീ പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവ് വന്ന് ഈ ദേശത്തെ നശിപ്പിച്ച്, മനുഷ്യനെയും മൃഗത്തെയും മുടിച്ചുകളയും എന്നു നീ അതിൽ എഴുതിയത് എന്തിന് എന്നു പറഞ്ഞു നീ ആ ചുരുൾ ചുട്ടുകളഞ്ഞുവല്ലോ.

യിരെമ്യാവ് 36:30

അതുകൊണ്ട് യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന് ദാവീദിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്പാൻ എറിഞ്ഞുകളയും.

യിരെമ്യാവ് 36:31

ഞാൻ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യം നിമിത്തം സന്ദർശിക്കും; അവർക്കും യെരൂശലേംനിവാസികൾക്കും യെഹൂദാപുരുഷന്മാർക്കും വരുത്തുമെന്നു ഞാൻ വിധിച്ചതും അവർ ശ്രദ്ധിക്കാത്തതുമായ അനർഥമൊക്കെയും ഞാൻ അവർക്കു വരുത്തും.

യിരെമ്യാവ് 36:32

അങ്ങനെ യിരെമ്യാവ് മറ്റൊരു ചുരുൾ എടുത്തു നേര്യാവിന്റെ മകൻ ബാരൂക് എന്ന എഴുത്തുകാരന്റെ കൈയിൽ കൊടുത്തു; അവൻ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു.