യിരെമ്യാവ് - 46 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 28 വരെ

യിരെമ്യാവ് 46:1

ജാതികളെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്. മിസ്രയീമിനെക്കുറിച്ചുള്ളത്:

യിരെമ്യാവ് 46:2

ഫ്രാത്ത്നദീതീരത്തു കർക്കെമീശിൽ ഉണ്ടായിരുന്നതും ബാബേൽരാജാവായ നെബൂഖദ്നേസർ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാംആണ്ടിൽ തോല്പിച്ചുകളഞ്ഞതുമായ ഫറവോൻ നെഖോ എന്ന മിസ്രയീംരാജാവിന്റെ സൈന്യത്തെക്കുറിച്ചുള്ളതു തന്നെ.

യിരെമ്യാവ് 46:3

പരിചയും പലകയും ഒരുക്കി യുദ്ധത്തിനടുത്തുകൊൾവിൻ!

യിരെമ്യാവ് 46:4

കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! തലക്കോരികയുമായി അണിനിരപ്പിൻ; കുന്തങ്ങളെ മിനുക്കി കവചങ്ങളെ ധരിപ്പിൻ.

യിരെമ്യാവ് 46:5

അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്? അവരുടെ വീരന്മാർ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സർവത്രഭീതി എന്നു യഹോവയുടെ അരുളപ്പാട്. വേഗവാൻ ഓടിപ്പോകയില്ല;

യിരെമ്യാവ് 46:6

വീരൻ ചാടിപ്പോകയുമില്ല; വടക്കു ഫ്രാത്ത്നദീതീരത്ത് അവർ ഇടറിവീഴും.

യിരെമ്യാവ് 46:7

നീലനദിപോലെ പൊങ്ങുകയും നദികളിലെ വെള്ളംപോലെ അലയ്ക്കയും ചെയ്യുന്നോരിവനാർ?

യിരെമ്യാവ് 46:8

മിസ്രയീം നീലനദിപോലെ പൊങ്ങുകയും അതിന്റെ വെള്ളം നദികൾ പോലെ അലയ്ക്കയും ഞാൻ പെരുകി ദേശത്തെ മൂടി നഗരത്തെയും അതിലെ നിവാസികളെയും നശിപ്പിക്കും എന്നു പറകയും ചെയ്യുന്നു.

യിരെമ്യാവ് 46:9

കുതിരകളേ, കുതിച്ചുചാടുവിൻ; രഥങ്ങളേ, മുറുകി ഓടുവിൻ! വീരന്മാർ പുറപ്പെടട്ടെ; പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും വില്ലടുത്തു കുലയ്ക്കുന്ന ലൂദ്യരും കൂടെ.

യിരെമ്യാവ് 46:10

ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവ് തന്റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; വാൾ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ചു മദിക്കയും ചെയ്യും; വടക്കു ഫ്രാത്ത്നദീതീരത്തു സൈന്യങ്ങളുടെ യഹോവയായ കർത്താവിന് ഒരു ഹനനയാഗമുണ്ടല്ലോ.

യിരെമ്യാവ് 46:11

മിസ്രയീംപുത്രിയായ കന്യകേ! ഗിലെയാദിൽ ചെന്ന് തൈലം വാങ്ങുക; നീ വളരെ ഔഷധം പ്രയോഗിക്കുന്നതു വെറുതെ! നിനക്കു രോഗശാന്തി ഉണ്ടാകയില്ല.

യിരെമ്യാവ് 46:12

ജാതികൾ നിന്റെ ലജ്ജയെക്കുറിച്ചു കേട്ടിരിക്കുന്നു; നിന്റെ നിലവിളി ദേശത്ത് നിറഞ്ഞിരിക്കുന്നു; വീരൻ വീരനോടു മുട്ടി രണ്ടു പേരും ഒരുമിച്ചു വീണിരിക്കുന്നു!

യിരെമ്യാവ് 46:13

ബാബേൽരാജാവായ നെബൂഖദ്നേസർ വന്നു മിസ്രയീംദേശത്തെ ജയിക്കുന്നതിനെക്കുറിച്ചു യിരെമ്യാപ്രവാചകനോടു യഹോവ കല്പിച്ച അരുളപ്പാട്:

യിരെമ്യാവ് 46:14

മിസ്രയീമിൽ പ്രസ്താവിച്ചു മിഗ്ദോലിൽ പ്രസിദ്ധമാക്കി, നോഫിലും തഹ്പനേസിലും കേൾപ്പിപ്പിൻ; അണിനിരന്ന് ഒരുങ്ങി നില്ക്ക എന്നു പറവിൻ! വാൾ നിന്റെ ചുറ്റും തിന്നുകളയുന്നുവല്ലോ.

യിരെമ്യാവ് 46:15

നിന്റെ ബലവാന്മാർ വീണുകിടക്കുന്നതെന്ത്? യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് അവർക്കു നില്പാൻ കഴിഞ്ഞില്ല.

യിരെമ്യാവ് 46:16

അവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; എഴുന്നേല്പിൻ; നശിപ്പിക്കുന്ന വാളിന് ഒഴിഞ്ഞു നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്ന് അവർ പറയും.

യിരെമ്യാവ് 46:17

മിസ്രയീംരാജാവായ ഫറവോന്: വിനാശം എന്നും സമയം തെറ്റി വരുന്നവൻ എന്നും പേർ പറവിൻ!

യിരെമ്യാവ് 46:18

എന്നാണ, പർവതങ്ങളിൽവച്ചു താബോർപോലെയും കടലിനരികെയുള്ള കർമ്മേൽപോലെയും നിശ്ചയമായിട്ട് അവൻ വരുമെന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാട്.

യിരെമ്യാവ് 46:19

മിസ്രയീമിൽ പാർക്കുന്ന പുത്രീ, പ്രവാസത്തിനു പോകുവാൻ കോപ്പു കൂട്ടുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും.

യിരെമ്യാവ് 46:20

മിസ്രയീം ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; എന്നാൽ വടക്കുനിന്ന് ഈച്ച അതിന്മേൽ വരുന്നു.

യിരെമ്യാവ് 46:21

അതിന്റെ കൂലിച്ചേവകർ അതിന്റെ മധ്യേ തടിച്ച കാളക്കിടാക്കളെപ്പോലെ യാകുന്നു; അവരും പിൻതിരിഞ്ഞ് ഒരുപോലെ ഓടിപ്പോയി; അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കയാൽ അവർക്കു നില്പാൻ കഴിഞ്ഞില്ല.

യിരെമ്യാവ് 46:22

അതിന്റെ ശബ്ദം പാമ്പ് ഓടുന്ന ശബ്ദംപോലെ; അവർ സൈന്യത്തോടുകൂടെ നടന്നു, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്റെ നേരേ വരും.

യിരെമ്യാവ് 46:23

അതിന്റെ കാടു തിങ്ങിയതായിരുന്നാലും അവർ അതിനെ വെട്ടിക്കളയും എന്നു യഹോവയുടെ അരുളപ്പാട്; അവർ വെട്ടുക്കിളികളെക്കാൾ അധികം; അവർക്കു സംഖ്യയുമില്ല.

യിരെമ്യാവ് 46:24

മിസ്രയീംപുത്രി ലജ്ജിച്ചുപോകും; അവൾ വടക്കേ ജാതിയുടെ കൈയിൽ ഏല്പിക്കപ്പെടും.

യിരെമ്യാവ് 46:25

ഞാൻ നോവിലെ അമ്മോനെയും ഫറവോനെയും മിസ്രയീമിനെയും അതിന്റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദർശിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്നവരെയും സന്ദർശിക്കും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

യിരെമ്യാവ് 46:26

ഞാൻ അവരെ, അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവന്റെ ഭൃത്യന്മാരുടെ കൈയിലും ഏല്പിക്കും; അതിന്റെശേഷം അതിനു പുരാതനകാലത്തെന്നപോലെ നിവാസികൾ ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 46:27

എന്നാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ; ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ അവരുടെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയുമില്ല.

യിരെമ്യാവ് 46:28

എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടു കൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട്. നിന്നെ ഞാൻ ചിതറിച്ചുകളഞ്ഞ സകല ജാതികളെയും ഞാൻ മുടിച്ചുകളയും; എങ്കിലും നിന്നെ ഞാൻ മുടിച്ചുകളകയില്ല; ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.