യിരെമ്യാവ് - 9 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 26 വരെ

യിരെമ്യാവ് 9:1

അയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്മാർ നിമിത്തം രാവും പകലും കരയേണ്ടതിന് എന്റെ തല വെള്ളവും എന്റെ കണ്ണ് കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളായിരുന്നു!

യിരെമ്യാവ് 9:2

അയ്യോ, എന്റെ ജനത്തെ വിട്ടു പൊയ്ക്കളയേണ്ടതിനു മരുഭൂമിയിൽ വഴിയാത്രക്കാർക്കുള്ള ഒരു സത്രം എനിക്കു കിട്ടിയെങ്കിൽ കൊള്ളായിരുന്നു! അവരെല്ലാവരും വ്യഭിചാരികളും ദ്രോഹികളുടെ കൂട്ടവുമല്ലോ.

യിരെമ്യാവ് 9:3

അവർ വ്യാജത്തിനായിട്ടു നാവു വില്ലുപോലെ കുലയ്ക്കുന്നു; അവർ സത്യത്തിനായിട്ടല്ല ദേശത്തു വീര്യം കാണിക്കുന്നത്; അവർ ഒരു ദോഷം വിട്ടു മറ്റൊരു ദോഷത്തിനു പുറപ്പെടുന്നു; അവർ എന്നെ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 9:4

നിങ്ങൾ ഓരോരുത്തനും താന്താന്റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊൾവിൻ; ഒരു സഹോദരനിലും നിങ്ങൾ ആശ്രയിക്കരുത്; ഏതു സഹോദരനും ഉപായം പ്രവർത്തിക്കുന്നു; ഏതു കൂട്ടുകാരനും നുണ പറഞ്ഞുനടക്കുന്നു.

യിരെമ്യാവ് 9:5

അവർ ഓരോരുത്തനും താന്താന്റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കയുമില്ല; വ്യാജം സംസാരിപ്പാൻ അവർ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവർത്തിപ്പാൻ അവർ അധ്വാനിക്കുന്നു.

യിരെമ്യാവ് 9:6

നിന്റെ വാസം വഞ്ചനയുടെ നടുവിൽ ആകുന്നു; വഞ്ചന നിമിത്തം അവർ എന്നെ അറിവാൻ നിരസിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 9:7

അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ അവരെ ഉരുക്കി ശോധന കഴിക്കും; എന്റെ ജനത്തിന്റെ പുത്രിയെ വിചാരിച്ചു ഞാൻ മറ്റെന്തു ചെയ്യേണ്ടൂ?

യിരെമ്യാവ് 9:8

അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ട് ഓരോരുത്തനും താന്താന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവനായി പതിയിരിക്കുന്നു.

യിരെമ്യാവ് 9:9

ഇവ നിമിത്തം ഞാൻ അവരെ സന്ദർശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 9:10

പർവതങ്ങളെക്കുറിച്ചു ഞാൻ കരച്ചലും വിലാപവും മരുഭൂമിയിലെ മേച്ചൽപ്പുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; ആരും വഴിപോകാതവണ്ണം അവ വെന്തുപോയിരിക്കുന്നു; കന്നുകാലികളുടെ ഒച്ച കേൾക്കുന്നില്ല; ആകാശത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം വിട്ടുപോയിരിക്കുന്നു;

യിരെമ്യാവ് 9:11

ഞാൻ യെരൂശലേമിനെ കൽക്കുന്നുകളും കുറുനരികളുടെ പാർപ്പിടവും ആക്കും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികൾ ഇല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും.

യിരെമ്യാവ് 9:12

ഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനമുള്ളവൻ ആർ? അതിനെ പ്രസ്താവിപ്പാൻ തക്കവണ്ണം യഹോവയുടെ വായ് ആരോട് അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാൻ സംഗതി എന്ത്?

യിരെമ്യാവ് 9:13

യഹോവ അരുളിച്ചെയ്യുന്നത്: ഞാൻ അവരുടെ മുമ്പിൽ വച്ച ന്യായപ്രമാണം അവർ ഉപേക്ഷിച്ച് എന്റെ വാക്കു കേൾക്കയോ അത് അനുസരിച്ചു നടക്കയോ ചെയ്യാതെ,

യിരെമ്യാവ് 9:14

തങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാർ തങ്ങളെ അഭ്യസിപ്പിച്ച ബാൽവിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ട്,

യിരെമ്യാവ് 9:15

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെള്ളം കുടിപ്പിക്കും.

യിരെമ്യാവ് 9:16

അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയിൽ ഞാൻ അവരെ ചിന്നിച്ചു; അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയയ്ക്കും.

യിരെമ്യാവ് 9:17

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചിന്തിച്ചു വിലാപക്കാരത്തികളെ വിളിച്ചു വരുത്തുവിൻ; സാമർഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിൻ.

യിരെമ്യാവ് 9:18

നമ്മുടെ കണ്ണിൽനിന്നു കണ്ണുനീർ ഒഴുകത്തക്കവണ്ണവും നമ്മുടെ കൺപോളയിൽനിന്നു വെള്ളം ചാടത്തക്കവണ്ണവും അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.

യിരെമ്യാവ് 9:19

സീയോനിൽനിന്ന് ഒരു വിലാപം കേൾക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശത്തെ വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങളെ അവർ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു.

യിരെമ്യാവ് 9:20

എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേൾപ്പിൻ; നിങ്ങളുടെ ചെവി അവന്റെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോരുത്തി താന്താന്റെ കൂട്ടുകാരത്തിയെ പ്രലാപവും അഭ്യസിപ്പിപ്പിൻ.

യിരെമ്യാവ് 9:21

വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിനു മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.

യിരെമ്യാവ് 9:22

മനുഷ്യരുടെ ശവങ്ങൾ വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേർക്കയില്ല എന്നു യഹോവയുടെ അരുളപ്പാട് എന്നു പറക.

യിരെമ്യാവ് 9:23

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുത്.

യിരെമ്യാവ് 9:24

പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളത് എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 9:25

ഇതാ മിസ്രയീം, യെഹൂദാ, എദോം, അമ്മോന്യർ, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികൾ എന്നിങ്ങനെ അഗ്രചർമത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാൻ ശിക്ഷിപ്പാനുള്ള കാലം വരുന്നു.

യിരെമ്യാവ് 9:26

സകല ജാതികളും അഗ്രചർമികളല്ലോ; എന്നാൽ യിസ്രായേൽഗൃഹമൊക്കെയും ഹൃദയത്തിൽ അഗ്രചർമികളാകുന്നു എന്നു യഹോവയുടെ അരുളപ്പാട്.