യിരെമ്യാവ് - 32 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 44 വരെ

യിരെമ്യാവ് 32:1

യെഹൂദാരാജാവായ സിദെക്കീയാവിന്റെ പത്താം ആണ്ടിൽ, നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടിൽതന്നെ, യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാട്.

യിരെമ്യാവ് 32:2

അന്നു ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനെ നിരോധിച്ചിരുന്നു; യിരെമ്യാപ്രവാചകനോ യെഹൂദാരാജാവിന്റെ അരമനയുടെ കാവല്പുരമുറ്റത്ത് അടയ്ക്കപ്പെട്ടിരുന്നു.

യിരെമ്യാവ് 32:3

ഞാൻ ഈ നഗരത്തെ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കും; അവൻ അതിനെ പിടിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നും

യിരെമ്യാവ് 32:4

യെഹൂദാരാജാവായ സിദെക്കീയാവ് കല്ദയരുടെ കൈയിൽനിന്ന് ഒഴിഞ്ഞുപോകാതെ, ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടും; അവൻ ഇവനുമായി വായോടുവായ് സംസാരിക്കയും കണ്ണോടുകണ്ണ് കാണുകയും ചെയ്യും;

യിരെമ്യാവ് 32:5

അവൻ സിദെക്കീയാവെ ബാബേലിലേക്കു കൊണ്ടുപോകും; ഞാൻ അവനെ സന്ദർശിക്കുംവരെ അവൻ അവിടെ ഇരിക്കും; നിങ്ങൾ കല്ദയരോടു യുദ്ധം ചെയ്താലും നിങ്ങൾക്കു സാധ്യം ഉണ്ടാകയില്ല എന്നു യഹോവയുടെ അരുളപ്പാട് എന്നും നീ പ്രവചിപ്പാൻ എന്ത് എന്നു പറഞ്ഞു യെഹൂദാരാജാവായ സിദെക്കീയാവ് അവനെ അവിടെ അടച്ചിരുന്നു.

യിരെമ്യാവ് 32:6

യിരെമ്യാവു പറഞ്ഞത്: യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യിരെമ്യാവ് 32:7

നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽ വന്നു: അനാഥോത്തിലെ എന്റെ നിലം മേടിച്ചുകൊൾക; അതു മേടിപ്പാൻ തക്കവണ്ണം വീണ്ടെടുപ്പിന്റെ അവകാശം നിനക്കുള്ളതല്ലോ എന്നു പറയും.

യിരെമ്യാവ് 32:8

യഹോവ അരുളിച്ചെയ്തതുപോലെ എന്റെ ഇളയപ്പന്റെ മകൻ ഹനമെയേൽ കാവല്പുരമുറ്റത്ത് എന്റെ അടുക്കൽ വന്നു: ബെന്യാമീൻ ദേശത്ത് അനാഥോത്തിലെ എന്റെ നിലം മേടിക്കേണമേ; അവകാശം നിനക്കുള്ളതല്ലോ, വീണ്ടെടുപ്പും നിനക്കുള്ളത്; നീ അതു മേടിച്ചു കൊള്ളേണം എന്ന് എന്നോടു പറഞ്ഞു; അതു യഹോവയുടെ അരുളപ്പാട് എന്നു ഞാൻ ഗ്രഹിച്ചു.

യിരെമ്യാവ് 32:9

അങ്ങനെ ഞാൻ ഇളയപ്പന്റെ മകൻ ഹനമെയേലിനോട് അനാഥോത്തിലെ നിലം മേടിച്ചു, വില പതിനേഴു ശേക്കെൽ വെള്ളി തൂക്കിക്കൊടുത്തു.

യിരെമ്യാവ് 32:10

ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ചശേഷം ഞാൻ പണം അവനു തുലാസിൽ തൂക്കിക്കൊടുത്തു.

യിരെമ്യാവ് 32:11

ഇങ്ങനെ ന്യായവും പതിവും അനുസരിച്ചു മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങൾ ഞാൻ വാങ്ങി,

യിരെമ്യാവ് 32:12

ഇളയപ്പന്റെ മകനായ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുറ്റത്ത് ഇരുന്നിരുന്ന യെഹൂദന്മാരൊക്കെയും കാൺകെ ആധാരം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ ബാരൂക്കിന്റെ പക്കൽ കൊടുത്തു.

യിരെമ്യാവ് 32:13

അവർ കേൾക്കെ ഞാൻ ബാരൂക്കിനോടു കല്പിച്ചതെന്തെന്നാൽ:

യിരെമ്യാവ് 32:14

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുദ്രയിട്ടിരിക്കുന്നതും തുറന്നിരിക്കുന്നതുമായ ഈ ആധാരങ്ങളെ മേടിച്ച് അവ ഏറിയകാലം നില്പാൻ തക്കവണ്ണം ഒരു മൺപാത്രത്തിൽ വയ്ക്കുക.

യിരെമ്യാവ് 32:15

ഇനിയും ഈ ദേശത്തു വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

യിരെമ്യാവ് 32:16

അങ്ങനെ ആധാരം നേര്യാവിന്റെ മകനായ ബാരൂക്കിന്റെ പക്കൽ ഏല്പിച്ചശേഷം, ഞാൻ യഹോവയോടു പ്രാർഥിച്ചത് എന്തെന്നാൽ:

യിരെമ്യാവ് 32:17

അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്ക് അസാധ്യമായത് ഒന്നുമില്ല.

യിരെമ്യാവ് 32:18

നീ ആയിരം തലമുറയോളം ദയകാണിക്കയും പിതാക്കന്മാരുടെ അകൃത്യത്തിന് അവരുടെ ശേഷം അവരുടെ മക്കളുടെ മാർവിടത്തിൽ പകരം കൊടുക്കയും ചെയ്യുന്നു; മഹത്ത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ നിന്റെ നാമം.

യിരെമ്യാവ് 32:19

നീ ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തിമാനും ആകുന്നു; ഓരോരുത്തന് അവനവന്റെ നടപ്പിനും പ്രവൃത്തികളുടെ ഫലത്തിനും തക്കവണ്ണം കൊടുക്കേണ്ടതിനു നീ മനുഷ്യരുടെ എല്ലാ വഴികളിന്മേലും ദൃഷ്‍ടി വയ്ക്കുന്നു.

യിരെമ്യാവ് 32:20

നീ മിസ്രയീംദേശത്തും ഇന്നുവരെയും യിസ്രായേലിലും മറ്റു മനുഷ്യരുടെ ഇടയിലും അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിച്ച് ഇന്നുള്ളതുപോലെ നിനക്ക് ഒരു നാമം സമ്പാദിക്കയും

യിരെമ്യാവ് 32:21

നിന്റെ ജനമായ യിസ്രായേലിനെ അടയാളങ്ങൾകൊണ്ടും അദ്ഭുതങ്ങൾകൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും

യിരെമ്യാവ് 32:22

അവരുടെ പിതാക്കന്മാർക്കു കൊടുപ്പാൻ നീ അവരോടു സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ഈ ദേശത്തെ അവർക്കു കൊടുക്കയും ചെയ്തു.

യിരെമ്യാവ് 32:23

അവർ അതിൽ കടന്ന് അതിനെ കൈവശമാക്കി; എങ്കിലും അവർ നിന്റെ വാക്ക് അനുസരിക്കയോ നിന്റെ ന്യായപ്രമാണംപോലെ നടക്കയോ ചെയ്തില്ല; ചെയ്‍വാൻ നീ അവരോടു കല്പിച്ചതൊന്നും അവർ ചെയ്തില്ല; അതുകൊണ്ട് ഈ അനർഥമൊക്കെയും നീ അവർക്കു വരുത്തിയിരിക്കുന്നു.

യിരെമ്യാവ് 32:24

ഇതാ, വാടകൾ! നഗരത്തെ പിടിക്കേണ്ടതിന് അടുത്തിരിക്കുന്നു! വാളും ക്ഷാമവും മഹാമാരിയും ഹേതുവായി ഈ നഗരം അതിനു നേരേ യുദ്ധം ചെയ്യുന്ന കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; നീ അരുളിച്ചെയ്തതു സംഭവിച്ചിരിക്കുന്നു;

യിരെമ്യാവ് 32:25

നീ അതു കാണുന്നുവല്ലോ. യഹോവയായ കർത്താവേ, നഗരം കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലയ്ക്കു മേടിച്ച് അതിനു സാക്ഷികളെ വയ്ക്കുവാൻ നീ എന്നോടു കല്പിച്ചുവല്ലോ?

യിരെമ്യാവ് 32:26

അപ്പോൾ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:

യിരെമ്യാവ് 32:27

ഞാൻ സകല ജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?

യിരെമ്യാവ് 32:28

അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ നഗരത്തെ കല്ദയരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും ഏല്പിക്കും; അവൻ അതിനെ പിടിക്കും.

യിരെമ്യാവ് 32:29

ഈ നഗരത്തിന്റെ നേരേ യുദ്ധം ചെയ്യുന്ന കല്ദയർ കടന്നു നഗരത്തിനു തീ വച്ച് അതിനെ, എന്നെ കോപിപ്പിക്കേണ്ടതിനു മേല്പുരകളിൽവച്ചു ബാലിനു ധൂപംകാട്ടി അന്യദേവന്മാർക്കു പാനീയബലി പകർന്നിരിക്കുന്ന വീടുകളോടുകൂടെ ചുട്ടുകളയും.

യിരെമ്യാവ് 32:30

യിസ്രായേൽമക്കളും യെഹൂദാമക്കളും ബാല്യംമുതൽ എനിക്ക് അനിഷ്ടമായുള്ളതു മാത്രം ചെയ്തു വന്നു; യിസ്രായേൽമക്കൾ തങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിച്ചതേയുള്ളൂ എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 32:31

അവർ ഈ നഗരത്തെ പണിത നാൾമുതൽ ഇന്നുവരെയും ഞാൻ അതിനെ എന്റെ മുമ്പിൽനിന്നു നീക്കിക്കളയത്തക്കവണ്ണം അത് എനിക്കു കോപവും ക്രോധവും വരുത്തിയിരിക്കുന്നു.

യിരെമ്യാവ് 32:32

എന്നെ കോപിപ്പിക്കേണ്ടതിന് യിസ്രായേൽമക്കളും യെഹൂദാമക്കളും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ചെയ്ത സകല ദോഷവും നിമിത്തം തന്നെ.

യിരെമ്യാവ് 32:33

അവർ മുഖമല്ല, പുറമത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നത്; ഞാൻ ഇടവിടാതെ അവരെ ഉപദേശിച്ചു പഠിപ്പിച്ചിട്ടും ഉപദേശം കൈക്കൊൾവാൻ അവർ മനസ്സുവച്ചില്ല.

യിരെമ്യാവ് 32:34

എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ അശുദ്ധമാക്കുവാൻ തക്കവണ്ണം അവർ അതിൽ മ്ലേച്ഛവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചു.

യിരെമ്യാവ് 32:35

മോലേക്കിനു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന് അവർ ബെൻ-ഹിന്നോം താഴ്വരയിൽ ബാലിന്റെ പൂജാഗിരികളെ പണിതു; ഈ മ്ലേച്ഛതകളെ പ്രവർത്തിച്ചു യെഹൂദായെക്കൊണ്ടു പാപം ചെയ്യിപ്പാൻ ഞാൻ അവരോടു കല്പിച്ചിട്ടില്ല; എന്റെ മനസ്സിൽ അതു തോന്നിയിട്ടുമില്ല.

യിരെമ്യാവ് 32:36

ഇപ്പോൾ വാൾ, ക്ഷാമം, മഹാമാരി എന്നിവയാൽ ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടുന്നു എന്നു നിങ്ങൾ പറയുന്ന ഈ നഗരത്തെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു;

യിരെമ്യാവ് 32:37

എന്റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാൻ അവരെ നീക്കിക്കളഞ്ഞ സകല ദേശങ്ങളിൽനിന്നും ഞാൻ അവരെ ശേഖരിക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തി അതിൽ നിർഭയമായി വസിക്കുമാറാക്കും.

യിരെമ്യാവ് 32:38

അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.

യിരെമ്യാവ് 32:39

അവർക്കും അവരുടെശേഷം അവരുടെ മക്കൾക്കും ഗുണംവരത്തക്കവണ്ണം അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിനു ഞാൻ അവർക്ക് ഏകമനസ്സും ഏകമാർഗവും കൊടുക്കും.

യിരെമ്യാവ് 32:40

ഞാൻ അവരെ വിട്ടുപിരിയാതെ അവർക്കു നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോട് ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിപ്പാൻ എങ്കലുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും.

യിരെമ്യാവ് 32:41

ഞാൻ അവരിൽ സന്തോഷിച്ച് അവർക്കു ഗുണം ചെയ്യും. ഞാൻ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ അവരെ ഈ ദേശത്തു നടും.

യിരെമ്യാവ് 32:42

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന് ഈവലിയ അനർഥമൊക്കെയും വരുത്തിയതുപോലെ തന്നെ ഞാൻ അവർക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാ നന്മയും അവർക്കു വരുത്തും.

യിരെമ്യാവ് 32:43

മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ പറയുന്ന ഈ ദേശത്ത് അവർ നിലങ്ങളെ വിലയ്ക്കു മേടിക്കും.

യിരെമ്യാവ് 32:44

ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുന്നതുകൊണ്ടു ബെന്യാമീൻദേശത്തും യെരൂശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കേ പട്ടണങ്ങളിലും ആളുകൾ നിലങ്ങളെ വിലയ്ക്കു മേടിച്ച് ആധാരങ്ങൾ എഴുതി മുദ്രയിട്ടു സാക്ഷികളെയും വയ്ക്കും എന്നു യഹോവയുടെ അരുളപ്പാട്.