യിരെമ്യാവ് - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 19 വരെ

യിരെമ്യാവ് 1:1

ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.

യിരെമ്യാവ് 1:2

അവനു യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്ത്, അവന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടിൽ, യഹോവയുടെ അരുളപ്പാടുണ്ടായി.

യിരെമ്യാവ് 1:3

യെഹൂദാരാജാവായി യോശീയാവിന്റെ മകനായ യെഹോയാക്കീമിന്റെ കാലത്തും യെഹൂദാരാജാവായി യോശീയാവിന്റെ മകനായ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിന്റെ അവസാനംവരെയും അഞ്ചാം മാസത്തിൽ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതുവരെയും തന്നെ, അങ്ങനെ ഉണ്ടായി.

യിരെമ്യാവ് 1:4

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

യിരെമ്യാവ് 1:5

നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിനുമുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.

യിരെമ്യാവ് 1:6

എന്നാൽ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ എന്നു പറഞ്ഞു.

യിരെമ്യാവ് 1:7

അതിനു യഹോവ എന്നോട് അരുളിച്ചെയ്തത്: ഞാൻ ബാലൻ എന്നു നീ പറയരുത്; ഞാൻ നിന്നെ അയയ്ക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം.

യിരെമ്യാവ് 1:8

നീ അവരെ ഭയപ്പെടരുത്; നിന്നെ വിടുവിക്കേണ്ടതിനു ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് 1:9

പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു;

യിരെമ്യാവ് 1:10

നോക്കുക; നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെ മേലും രാജ്യങ്ങളുടെ മേലും ആക്കിവച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.

യിരെമ്യാവ് 1:11

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പു കാണുന്നു എന്നു ഞാൻ പറഞ്ഞു.

യിരെമ്യാവ് 1:12

യഹോവ എന്നോട്: നീ കണ്ടതു ശരി തന്നെ; എന്റെ വചനം നിവർത്തിക്കേണ്ടതിനു ഞാൻ ജാഗരിച്ചുകൊള്ളും എന്ന് അരുളിച്ചെയ്തു.

യിരെമ്യാവ് 1:13

യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: നീ എന്തു കാണുന്നു എന്നു ചോദിച്ചു. തിളയ്ക്കുന്ന ഒരു കലം കാണുന്നു, അതു വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു എന്നു ഞാൻ പറഞ്ഞു.

യിരെമ്യാവ് 1:14

യഹോവ എന്നോട്: വടക്കുനിന്നു ദേശത്തിലെ സർവനിവാസികൾക്കും അനർഥം വരും.

യിരെമ്യാവ് 1:15

ഞാൻ വടക്കേരാജ്യങ്ങളിലെ വംശങ്ങളെയൊക്കെയും വിളിക്കും എന്നു യഹോവയുടെ അരുളപ്പാട്; അവർ വന്നു, ഓരോരുത്തൻ താന്താന്റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകൾക്കും നേരേയും, യെഹൂദായിലെ എല്ലാ പട്ടണങ്ങൾക്കും നേരേയും വയ്ക്കും.

യിരെമ്യാവ് 1:16

അവർ എന്നെ ഉപേക്ഷിക്കയും അന്യദേവന്മാർക്കു ധൂപം കാട്ടി തങ്ങളുടെ കൈപ്പണികളെ നമസ്കരിക്കയും ചെയ്ത സകല ദോഷത്തെയുംകുറിച്ച് ഞാൻ അവരോടു ന്യായവാദം കഴിക്കും.

യിരെമ്യാവ് 1:17

ആകയാൽ നീ അരകെട്ടി എഴുന്നേറ്റു ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും അവരോടു പ്രസ്താവിക്ക; ഞാൻ നിന്നെ അവരുടെ മുമ്പിൽ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിനു നീ അവരെ കണ്ടു ഭ്രമിച്ചുപോകരുത്.

യിരെമ്യാവ് 1:18

ഞാൻ ഇന്നു നിന്നെ സർവദേശത്തിനും യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിനും നേരേ ഉറപ്പുള്ളൊരു പട്ടണവും ഇരുമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു.

യിരെമ്യാവ് 1:19

അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ട് എന്നു യഹോവയുടെ അരുളപ്പാട്.