യെശയ്യാവ് - 5 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 30 വരെ

യെശയ്യാവ് 5:1

ഞാൻ എന്റെ പ്രിയതമന് അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്റെ പ്രിയന്റെ പാട്ടു പാടും; എന്റെ പ്രിയതമന് ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.

യെശയ്യാവ് 5:2

അവൻ അതിനു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായിക്കും എന്ന് അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.

യെശയ്യാവ് 5:3

ആകയാൽ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിനും മധ്യേ വിധിപ്പിൻ.

യെശയ്യാവ് 5:4

ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്‍വാനുള്ളൂ? മുന്തിരിങ്ങ കായിക്കുമെന്നു ഞാൻ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്?

യെശയ്യാവ് 5:5

ആകയാൽ വരുവിൻ; ഞാൻ എന്റെ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.

യെശയ്യാവ് 5:6

ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളയ്ക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും.

യെശയ്യാവ് 5:7

സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവൻ ന്യായത്തിനായി കാത്തിരുന്നു;

യെശയ്യാവ് 5:8

എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ, ഭീതി! തങ്ങൾ മാത്രം ദേശമധ്യേ പാർക്കത്തക്കവണ്ണം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!

യെശയ്യാവ് 5:9

ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്: വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾപ്പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം.

യെശയ്യാവ് 5:10

പത്തു കാണി മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫായും മാത്രം കിട്ടും.

യെശയ്യാവ് 5:11

അതികാലത്ത് എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!

യെശയ്യാവ് 5:12

അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ട്; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.

യെശയ്യാവ് 5:13

അങ്ങനെ എന്റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാർ പട്ടിണി കിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു.

യെശയ്യാവ് 5:14

അതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു.

യെശയ്യാവ് 5:15

അങ്ങനെ മനുഷ്യൻ കുനിയുകയും പുരുഷൻ വണങ്ങുകയും നിഗളികളുടെ കണ്ണ് താഴുകയും ചെയ്യും.

യെശയ്യാവ് 5:16

എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കയും പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കയും ചെയ്യും.

യെശയ്യാവ് 5:17

അപ്പോൾ കുഞ്ഞാടുകൾ മേച്ചൽപ്പുറത്തെന്നപോലെ മേയും; പുഷ്‍ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളെ സഞ്ചാരികൾ അനുഭവിക്കും.

യെശയ്യാവ് 5:18

വ്യാജപാശംകൊണ്ട് അകൃത്യത്തെയും വണ്ടിക്കയറുകൊണ്ട് എന്നപോലെ പാപത്തെയും വലിക്കയും

യെശയ്യാവ് 5:19

അവൻ ബദ്ധപ്പെട്ടു തന്റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിൻ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!

യെശയ്യാവ് 5:20

തിന്മയ്ക്ക് നന്മ എന്നും നന്മയ്ക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കയ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!

യെശയ്യാവ് 5:21

തങ്ങൾക്കുതന്നെ ജ്ഞാനികളായും തങ്ങൾക്കുതന്നെ വിവേകികളായും തോന്നുന്നവർക്ക് അയ്യോ കഷ്ടം!

യെശയ്യാവ് 5:22

വീഞ്ഞു കുടിപ്പാൻ വീരന്മാരും മദ്യം കലർത്തുവാൻ ശൂരന്മാരും

യെശയ്യാവ് 5:23

ആയുള്ളവർക്കും സമ്മാനം നിമിത്തം ദുഷ്ടനെ നീതീകരിക്കയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം!

യെശയ്യാവ് 5:24

അതുകൊണ്ടു തീനാവു താളടിയെ തിന്നുകളകയും വൈക്കോൽ ജ്വാലയാൽ ദഹിച്ചുപോകയും ചെയ്യുന്നതുപോലെ അവരുടെ വേരു കെട്ടുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻപരിശുദ്ധന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു.

യെശയ്യാവ് 5:25

അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരേ ജ്വലിക്കും; അവൻ അവരുടെ നേരേ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോൾ മലകൾ വിറയ്ക്കയും അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

യെശയ്യാവ് 5:26

അവൻ ദൂരത്തുള്ള ജാതികൾക്ക് ഒരു കൊടി ഉയർത്തി, ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളകുത്തിവിളിക്കും; അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും.

യെശയ്യാവ് 5:27

അവരിൽ ഒരുത്തനും ക്ഷീണിക്കയോ ഇടറുകയോ ചെയ്കയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അഴികയില്ല, ചെരുപ്പുവാറു പൊട്ടുകയുമില്ല.

യെശയ്യാവ് 5:28

അവരുടെ അമ്പ് കൂർത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പു തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും.

യെശയ്യാവ് 5:29

അവരുടെ ഗർജനം സിംഹത്തിൻറേതുപോലെ ഇരിക്കും; അവർ ബാലസിംഹങ്ങളെപ്പോലെ ഗർജിക്കും; അവർ അലറി, ഇര പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയും ഇല്ല.

യെശയ്യാവ് 5:30

അന്നാളിൽ അവർ കടലിന്റെ അലർച്ചപോലെ അവരുടെ നേരേ അലറും; ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നെ; അതിന്റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും.