ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്‍ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നെ.
നീ വെള്ളത്തിൽക്കൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽക്കൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല. നീ തീയിൽക്കൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.
നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.
നീ എനിക്കു വിലയേറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവനു പകരം ജാതികളെയും കൊടുക്കുന്നു.
ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്നു നിന്നെ ശേഖരിക്കയും ചെയ്യും.
ഞാൻ വടക്കിനോട്: തരിക എന്നും തെക്കിനോട്: തടുത്തുവയ്ക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്ന് എന്റെ പുത്രിമാരെയും
എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്ത്വത്തിനായി സൃഷ്‍ടിച്ചു നിർമിച്ചുണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.
കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ.
സകല ജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ; അവരിൽ ആർ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചു തരികയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിനു സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു സത്യം തന്നെ എന്നു പറയട്ടെ.
നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിനു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്; എനിക്കുമുമ്പേ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.
ഞാൻ, ഞാൻ തന്നെ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.
നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നെ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തത്; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ ദൈവം തന്നെ.
ഇന്നും ഞാൻ അനന്യൻ തന്നെ; എന്റെ കൈയിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും?
നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്ക് ആളയച്ചു, അവരെയൊക്കെയും, കല്ദയരെ തന്നെ, ഓടിപ്പോകുന്നവരായി അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ട് ഓടുമാറാക്കും.
ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.
സമുദ്രത്തിൽ വഴിയും പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും
രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കയില്ല; അവർ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു.
മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ.
ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോൾ ഉദ്ഭവിക്കും; നിങ്ങൾ അത് അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജനപ്രദേശത്തു നദികളും ഉണ്ടാക്കും.
ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിനു കുടിപ്പാൻ കൊടുക്കേണ്ടതിനു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറുക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും.
ഞാൻ എനിക്കുവേണ്ടി നിർമിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.
എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; യിസ്രായേലേ, നീ എന്റെ നിമിത്തം അധ്വാനിച്ചിട്ടുമില്ല.
നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തിയിട്ടില്ല; ധൂപനംകൊണ്ടു ഞാൻ നിന്നെ അധ്വാനിപ്പിച്ചിട്ടുമില്ല.
നീ എനിക്കായി വയമ്പു വാങ്ങിയിട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ട് എനിക്കു തൃപ്തിവരുത്തിയിട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ അധ്വാനിപ്പിക്കയും നിന്റെ അകൃത്യങ്ങൾകൊണ്ട് എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു.
എന്റെ നിമിത്തം ഞാൻ, ഞാൻ തന്നെ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല.
എന്നെ ഓർപ്പിക്ക; നാം തമ്മിൽ വ്യവഹരിക്ക; നീ നീതീകരിക്കപ്പെടേണ്ടതിനു വാദിച്ചുകൊൾക.
നിന്റെ ആദ്യപിതാവ് പാപം ചെയ്തു; നിന്റെ മധ്യസ്ഥന്മാർ എന്നോടു ദ്രോഹം ചെയ്തു,
അതുകൊണ്ടു ഞാൻ വിശുദ്ധമന്ദിരത്തിന്റെ പ്രഭുക്കന്മാരെ മലിനമാക്കി, യാക്കോബിനെ ഉന്മൂലനാശത്തിനും, യിസ്രായേലിനെ നിന്ദയ്ക്കും ഏല്പിച്ചിരിക്കുന്നു.