അയ്യോ, കൂശിലെ നദികൾക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽ വഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയയ്ക്കുന്നതും ആയ ദേശമേ!
ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും മൃദുചർമികളുമായ ജാതിയുടെ അടുക്കൽ, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കൽതന്നെ ചെല്ലുവിൻ.
ഭൂതലത്തിലെ സർവനിവാസികളും ഭൂമിയിൽ പാർക്കുന്നവരും ആയുള്ളോരേ, പർവതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ നിങ്ങൾ നോക്കുവിൻ; കാഹളം ഊതുമ്പോൾ കേൾപ്പിൻ.
യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ, കൊയ്ത്തുകാലത്ത് ഉഷ്ണത്തിൽ മേഘം മഞ്ഞു പൊഴിക്കുമ്പോൾ, ഞാൻ എന്റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.
കൊയ്ത്തിനു മുമ്പേ, മൊട്ടിട്ടു കഴിഞ്ഞു, പൂ പൊഴിഞ്ഞു മുന്തിരിങ്ങാ മൂക്കുമ്പോൾ, അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു ചില്ലി ചെത്തിക്കളയും.
അതൊക്കെയും മലയിലെ കഴുകിനും ഭൂമിയിലെ മൃഗത്തിനും ഇട്ടുകളയും; കഴുക് അതുകൊണ്ടു വേനൽ കഴിക്കും; ഭൂമിയിലെ സകല മൃഗവും അതുകൊണ്ടു വർഷം കഴിക്കും.
ആ കാലത്തു ദീർഘകായന്മാരും മൃദുചർമികളും ആയ ജാതി, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നെ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻപർവതത്തിലേക്കു സൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുൽക്കാഴ്ച കൊണ്ടുവരും.