യെശയ്യാവ് - 65 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 25 വരെ

യെശയ്യാവ് 65:1

എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിപ്പാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർക്ക് എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോട്: ഇതാ ഞാൻ, ഇതാ ഞാൻ എന്നു ഞാൻ പറഞ്ഞു.

യെശയ്യാവ് 65:2

സ്വന്തവിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു.

യെശയ്യാവ് 65:3

അവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നെ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്‍ടികമേൽ ധൂപം കാണിക്കയും

യെശയ്യാവ് 65:4

കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാർക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറപ്പായ ചാറു നിറയ്ക്കയും

യെശയ്യാവ് 65:5

മാറി നില്ക്ക; ഇങ്ങോട്ട് അടുക്കരുത്; ഞാൻ നിന്നെക്കാൾ ശുദ്ധൻ എന്നു പറകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു.

യെശയ്യാവ് 65:6

അത് എന്റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാർവിടത്തിലേക്കു തന്നെ ഞാൻ പകരം വീട്ടും.

യെശയ്യാവ് 65:7

നിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും കുന്നുകളിന്മേൽ എന്നെ ദുഷിക്കയും ചെയ്തിട്ടുള്ള നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കും കൂടെ പകരം വീട്ടും; ഞാൻ ആദ്യം അവരുടെ പ്രതിഫലം അവരുടെ മാർവിടത്തിലേക്ക് അളന്നുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

യെശയ്യാവ് 65:8

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുന്തിരിക്കുലയിൽ പുതുവീഞ്ഞു കണ്ടിട്ട്; നശിപ്പിക്കരുത്; ഒരനുഗ്രഹം അതിൽ ഉണ്ട് എന്നു പറയുന്നതുപോലെ ഞാൻ എന്റെ ദാസന്മാർ നിമിത്തം പ്രവർത്തിക്കും; എല്ലാവരെയും നശിപ്പിക്കയില്ല.

യെശയ്യാവ് 65:9

ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും യെഹൂദായിൽനിന്ന് എന്റെ പർവതങ്ങൾക്ക് ഒരു അവകാശിയെയും ഉദ്ഭവിപ്പിക്കും; എന്റെ വൃതന്മാർ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാർ അവിടെ വസിക്കയും ചെയ്യും.

യെശയ്യാവ് 65:10

എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിനായി ശാരോൻ ആടുകൾക്കു മേച്ചൽപ്പുറവും ആഖോർ താഴ്വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും.

യെശയ്യാവ് 65:11

എന്നാൽ യഹോവയെ ഉപേക്ഷിക്കയും എന്റെ വിശുദ്ധപർവതത്തെ മറക്കയും ഗദ്‍ദേവന് ഒരു മേശ ഒരുക്കി മെനിദേവിക്കു വീഞ്ഞു കലർത്തി നിറച്ചുവയ്ക്കയും ചെയ്യുന്നവരേ,

യെശയ്യാവ് 65:12

ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും എനിക്ക് അനിഷ്ടമായുള്ളതു പ്രവർത്തിച്ച് എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാൻ നിങ്ങളെ വാളിനു നിയമിച്ചു കൊടുക്കും; നിങ്ങൾ എല്ലാവരും കൊലയ്ക്കു കുനിയേണ്ടിവരും.

യെശയ്യാവ് 65:13

അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനം ചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും.

യെശയ്യാവ് 65:14

എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും.

യെശയ്യാവ് 65:15

നിങ്ങളുടെ പേർ നിങ്ങൾ എന്റെ വൃതന്മാർക്ക് ഒരു ശാപവാക്കായി വച്ചേച്ചുപോകും; യഹോവയായ കർത്താവ് നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്ക് അവൻ വേറൊരു പേർ വിളിക്കും.

യെശയ്യാവ് 65:16

മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോകയും അവ എന്റെ കണ്ണിനു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയിൽ തന്നെത്താൻ അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ തന്നെത്താൻ അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും.

യെശയ്യാവ് 65:17

ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്‍ടിക്കുന്നു; മുമ്പിലത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.

യെശയ്യാവ് 65:18

ഞാൻ സൃഷ്‍ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ച് എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്‍ടിക്കുന്നു.

യെശയ്യാവ് 65:19

ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും ഇനി അതിൽ കേൾക്കയില്ല;

യെശയ്യാവ് 65:20

കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.

യെശയ്യാവ് 65:21

അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.

യെശയ്യാവ് 65:22

അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നെ തങ്ങളുടെ അധ്വാനഫലം അനുഭവിക്കും.

യെശയ്യാവ് 65:23

അവർ വൃഥാ അധ്വാനിക്കയില്ല; ആപത്തിനായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.

യെശയ്യാവ് 65:24

അവർ വിളിക്കുന്നതിനുമുമ്പേ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ കേൾക്കും.

യെശയ്യാവ് 65:25

ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിനു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.