യെശയ്യാവ് - 57 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 21 വരെ

യെശയ്യാവ് 57:1

നീതിമാൻ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർഥത്തിനുമുമ്പേ കഴിഞ്ഞുപോകുന്നു എന്ന് ആരും ഗ്രഹിക്കുന്നില്ല.

യെശയ്യാവ് 57:2

അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്താന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു.

യെശയ്യാവ് 57:3

ക്ഷുദ്രക്കാരത്തിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ;

യെശയ്യാവ് 57:4

ഇങ്ങോട്ട് അടുത്തുവരുവിൻ. നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നത്? ആരുടെ നേരേയാകുന്നു നിങ്ങൾ വായ് പിളർന്നു നാക്കു നീട്ടുന്നത്? നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ?

യെശയ്യാവ് 57:5

നിങ്ങൾ കരുവേലകങ്ങൾക്കരികത്തും ഓരോ പച്ചമരത്തിൻകീഴിലും ജ്വലിച്ചു, പാറപ്പിളർപ്പുകൾക്കു താഴെ തോട്ടുവക്കത്തു വച്ചു കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ.

യെശയ്യാവ് 57:6

തോട്ടിലെ മിനുസമുള്ള കല്ല് നിന്റെ പങ്ക്; അതു തന്നെ നിന്റെ ഓഹരി; അതിനല്ലോ നീ പാനീയബലി പകർന്നു ഭോജനബലി അർപ്പിച്ചിരിക്കുന്നത്? ഈ വക കണ്ടിട്ടു ഞാൻ ക്ഷമിച്ചിരിക്കുമോ?

യെശയ്യാവ് 57:7

പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നെ നീ ബലികഴിപ്പാൻ കയറിച്ചെന്നു.

യെശയ്യാവ് 57:8

കതകിനും കട്ടിളയ്ക്കും പുറകിൽ നീ നിന്റെ അടയാളം വച്ചു, നീ എന്നെ വിട്ടു ചെന്നു മറ്റുള്ളവർക്കു നിന്നെത്തന്നെ അനാവൃതയാക്കി കയറി നിന്റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടമ്പടിചെയ്ത് അവരുടെ ശയനം കൊതിച്ച് ആംഗ്യം നോക്കിക്കൊണ്ടിരുന്നു.

യെശയ്യാവ് 57:9

നീ തൈലവുംകൊണ്ടു മോലേക്കിന്റെ അടുക്കൽ ചെന്നു, നിന്റെ പരിമളവർഗം ധാരാളം ചെലവു ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു.

യെശയ്യാവ് 57:10

വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല.

യെശയ്യാവ് 57:11

കപടം കാണിപ്പാനും എന്നെ ഓർക്കയോ കൂട്ടാക്കുകയോ ചെയ്യാതിരിപ്പാനും നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടത്? ഞാൻ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നത്?

യെശയ്യാവ് 57:12

നിന്റെ നീതി ഞാൻ വെളിച്ചത്താക്കും; നിന്റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാകയില്ല.

യെശയ്യാവ് 57:13

നീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാൽ അവയെയൊക്കെയും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപർവതത്തെ കൈവശമാക്കും.

യെശയ്യാവ് 57:14

നികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ; എന്റെ ജനത്തിന്റെ വഴിയിൽനിന്ന് ഇടർച്ച നീക്കിക്കളവിൻ എന്ന് അവൻ അരുളിച്ചെയ്യുന്നു.

യെശയ്യാവ് 57:15

ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടുകൂടെയും വസിക്കുന്നു.

യെശയ്യാവ് 57:16

ഞാൻ എന്നേക്കും വാദിക്കയില്ല; എല്ലായ്പോഴും കോപിക്കയുമില്ല; അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്‍ടിച്ചിട്ടുള്ള ദേഹികളും എന്റെ മുമ്പിൽനിന്നു ക്ഷയിച്ചുപോകുമല്ലോ.

യെശയ്യാവ് 57:17

അവരുടെ അത്യാഗ്രഹത്തിന്റെ അകൃത്യം നിമിത്തം ഞാൻ കോപിച്ച് അവരെ അടിച്ചു; ഞാൻ കോപിച്ചു മുഖം മറച്ചു; എന്നാറെ അവർ തിരിഞ്ഞ് തങ്ങൾക്കു തോന്നിയ വഴിയിൽ നടന്നു.

യെശയ്യാവ് 57:18

ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാൻ അവരെ സൗഖ്യമാക്കും; ഞാൻ അവരെ നടത്തി അവർക്ക്, അവരുടെ ദുഃഖിതന്മാർക്കു തന്നെ, വീണ്ടും ആശ്വാസം വരുത്തും;

യെശയ്യാവ് 57:19

ഞാൻ അധരങ്ങളുടെ ഫലം സൃഷ്‍ടിക്കും; ദൂരസ്ഥനും സമീപസ്ഥനും സമാധാനം, സമാധാനം എന്നും ഞാൻ അവരെ സൗഖ്യമാക്കും എന്നും യഹോവ അരുളിച്ചെയ്യുന്നു.

യെശയ്യാവ് 57:20

ദുഷ്ടന്മാരോ കലങ്ങി മറിയുന്ന കടൽപോലെയാകുന്നു; അതിന് അടങ്ങിയിരിപ്പാൻ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.

യെശയ്യാവ് 57:21

ദുഷ്ടന്മാർക്കു സമാധാനമില്ല എന്ന് എന്റെ ദൈവം അരുളിച്ചെയ്യുന്നു.