യെശയ്യാവ് - 32 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 20 വരെ

യെശയ്യാവ് 32:1

ഒരു രാജാവ് നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.

യെശയ്യാവ് 32:2

ഓരോരുത്തൻ കാറ്റിന് ഒരു മറവും പിശറിന് ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്ത് ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും.

യെശയ്യാവ് 32:3

കാണുന്നവരുടെ കണ്ണ് ഇനി മങ്ങുകയില്ല; കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും.

യെശയ്യാവ് 32:4

അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും.

യെശയ്യാവ് 32:5

ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല. ഭോഷൻ ഭോഷത്തം സംസാരിക്കും;

യെശയ്യാവ് 32:6

വഷളത്തം ചെയ്തും യഹോവയ്ക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ട് അവന്റെ ഹൃദയം നീതികേടും പ്രവർത്തിക്കും.

യെശയ്യാവ് 32:7

ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാൻ അവൻ ദുരുപായങ്ങളെ നിരൂപിക്കുന്നു.

യെശയ്യാവ് 32:8

ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കുന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.

യെശയ്യാവ് 32:9

സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റ് എന്റെ വാക്കു കേൾപ്പിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, എന്റെ വചനം ശ്രദ്ധിപ്പിൻ.

യെശയ്യാവ് 32:10

ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരാണ്ടും കുറെ നാളും കഴിയുമ്പോൾ നിങ്ങൾ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും;

യെശയ്യാവ് 32:11

ഫലശേഖരം ഉണ്ടാകയുമില്ല. സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറപ്പിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ; വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിൻ; അരയിൽ രട്ടു കെട്ടുവിൻ.

യെശയ്യാവ് 32:12

മനോഹരമായ വയലുകളെയും ഫലപുഷ്‍ടിയുള്ള മുന്തിരിവള്ളിയെയും ഓർത്ത് അവർ മാറത്ത് അടിക്കും.

യെശയ്യാവ് 32:13

എന്റെ ജനത്തിന്റെ ദേശത്ത് ഉല്ലസിതനഗരത്തിലെ സകല സന്തോഷഭവനങ്ങളിലും മുള്ളും പറക്കാരയും മുളയ്ക്കും.

യെശയ്യാവ് 32:14

അരമന ഉപേക്ഷിക്കപ്പെടും; ജനപുഷ്‍ടിയുള്ള നഗരം നിർജനമായിത്തീരും; കുന്നും കാവൽമാളികയും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും ആട്ടിൻകൂട്ടങ്ങളുടെ മേച്ചൽപ്പുറവും ആയിരിക്കും.

യെശയ്യാവ് 32:15

ഉയരത്തിൽനിന്ന് ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നെ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.

യെശയ്യാവ് 32:16

അന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാർക്കും.

യെശയ്യാവ് 32:17

നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും.

യെശയ്യാവ് 32:18

എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.

യെശയ്യാവ് 32:19

എന്നാൽ വനത്തിന്റെ വീഴ്ചയ്ക്കു കന്മഴ പെയ്കയും നഗരം അശേഷം നിലംപരിചാകയും ചെയ്യും.

യെശയ്യാവ് 32:20

വെള്ളത്തിനരികത്തെല്ലാം വിതയ്ക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്കു ഭാഗ്യം!