യെശയ്യാവ് - 52 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 15 വരെ

യെശയ്യാവ് 52:1

സീയോനേ, ഉണരുക, ഉണരുക; നിന്റെ ബലം ധരിച്ചുകൊൾക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊൾക; ഇനിമേലാൽ അഗ്രചർമിയും അശുദ്ധനും നിന്നിലേക്കു വരികയില്ല.

യെശയ്യാവ് 52:2

പൊടി കുടഞ്ഞുകളക; യെരൂശലേമേ, എഴുന്നേറ്റ് ഇരിക്ക; ബദ്ധയായ സീയോൻപുത്രീ, നിന്റെ കഴുത്തിലെ ബന്ധനങ്ങളെ അഴിച്ചുകളക.

യെശയ്യാവ് 52:3

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.

യെശയ്യാവ് 52:4

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനം പണ്ടു പരദേശവാസം ചെയ്‍വാൻ മിസ്രയീമിലേക്ക് ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതേ പീഡിപ്പിച്ചു.

യെശയ്യാവ് 52:5

ഇപ്പോഴോ എന്റെ ജനത്തെ വെറുതേ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാൻ ഇവിടെ എന്തു ചെയ്യേണ്ടൂ എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാർ മുറയിടുന്നു; എന്റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു.

യെശയ്യാവ് 52:6

അതുകൊണ്ട് എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്ന് അവർ അന്ന് അറിയും.

യെശയ്യാവ് 52:7

സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർത്താദൂതന്റെ കാൽ പർവതങ്ങളിന്മേൽ എത്ര മനോഹരം!

യെശയ്യാവ് 52:8

നിന്റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? അവർ ശബ്ദം ഉയർത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ അഭിമുഖമായി കാണും.

യെശയ്യാവ് 52:9

യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊൾവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ച്, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.

യെശയ്യാവ് 52:10

സകല ജാതികളും കാൺകെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും.

യെശയ്യാവ് 52:11

വിട്ടുപോരുവിൻ; വിട്ടുപോരുവിൻ; അവിടെനിന്നു പുറപ്പെട്ടു പോരുവിൻ; അശുദ്ധമായതൊന്നും തൊടരുത്; അതിന്റെ നടുവിൽനിന്നും പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നെ നിർമ്മലീകരിപ്പിൻ.

യെശയ്യാവ് 52:12

നിങ്ങൾ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങൾക്കു മുമ്പായി നടക്കും; യിസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിൻപട ആയിരിക്കും.

യെശയ്യാവ് 52:13

എന്റെ ദാസൻ കൃതാർഥനാകും; അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതൻ ആയിരിക്കും.

യെശയ്യാവ് 52:14

അവന്റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ,

യെശയ്യാവ് 52:15

അവൻ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാർ അവനെ കണ്ടു വായ്പൊത്തി നില്ക്കും; അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും.