യെശയ്യാവ് - 55 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 13 വരെ

യെശയ്യാവ് 55:1

അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിനു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ.

യെശയ്യാവ് 55:2

അപ്പമല്ലാത്തതിനു ദ്രവ്യവും തൃപ്തിവരുത്താത്തതിനു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിൻ; പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ.

യെശയ്യാവ് 55:3

നിങ്ങൾ ചെവി ചായിച്ച് എന്റെ അടുക്കൽ വരുവിൻ; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിനു കേട്ടുകൊൾവിൻ; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വതനിയമം ഞാൻ നിങ്ങളോടു ചെയ്യും.

യെശയ്യാവ് 55:4

ഞാൻ അവനെ ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.

യെശയ്യാവ് 55:5

നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്റെ ദൈവമായ യഹോവ നിമിത്തവും യിസ്രായേലിന്റെ പരിശുദ്ധൻ നിമിത്തവും അവൻ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കയാൽ തന്നെ നിന്റെ അടുക്കൽ ഓടിവരും.

യെശയ്യാവ് 55:6

യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.

യെശയ്യാവ് 55:7

ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.

യെശയ്യാവ് 55:8

എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.

യെശയ്യാവ് 55:9

ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.

യെശയ്യാവ് 55:10

മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ

യെശയ്യാവ് 55:11

എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്ക് ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.

യെശയ്യാവ് 55:12

നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയയ്ക്കും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; ദേശത്തിലെ സകല വൃക്ഷങ്ങളും കൈ കൊട്ടും.

യെശയ്യാവ് 55:13

മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും; പറക്കാരയ്ക്കു പകരം കൊഴുന്തു മുളയ്ക്കും; അതു യഹോവയ്ക്ക് ഒരു കീർത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായോരു അടയാളമായും ഇരിക്കും.