യെശയ്യാവ് - 36 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

യെശയ്യാവ് 36:1

ഹിസ്കീയാരാജാവിന്റെ പതിന്നാലാം ആണ്ടിൽ, അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദായിലെ ഉറപ്പുള്ള എല്ലാ പട്ടണങ്ങളുടെയും നേരേ പുറപ്പെട്ടുവന്ന് അവയെ പിടിച്ചു.

യെശയ്യാവ് 36:2

അന്ന് അശ്ശൂർരാജാവ് രബ്-ശാക്കേയെ ലാഖീശിൽനിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്റെ അടുക്കൽ ഒരു വലിയ സൈന്യത്തോടുകൂടെ അയച്ചു; അവൻ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കളത്തിന്റെ കല്പാത്തിക്കരികെ നിന്നു.

യെശയ്യാവ് 36:3

അപ്പോൾ ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും അവന്റെ അടുക്കൽ പുറത്തു ചെന്നു.

യെശയ്യാവ് 36:4

രബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ ഹിസ്കീയാവോടു പറയേണ്ടത്: അശ്ശൂർരാജാവായ മഹാരാജാവ് ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്ത്?

യെശയ്യാവ് 36:5

യുദ്ധത്തിനു വേണ്ടുന്ന ആലോചനയും ബലവും ഉണ്ട് എന്നുള്ള വെറും വാക്ക് അത്രേ എന്നു ഞാൻ പറയുന്നു; ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നത്?

യെശയ്യാവ് 36:6

ചതഞ്ഞ ഓടക്കോലായ മിസ്രയീമിലല്ലോ നീ ആശ്രയിച്ചിരിക്കുന്നത്; അത് ഒരുത്തൻ ഊന്നിയാൽ, അവന്റെ ഉള്ളംകൈയിൽ തറച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നെയാകുന്നു.

യെശയ്യാവ് 36:7

അല്ല നീ എന്നോട്: ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങൾ ആശ്രയിക്കുന്നു എന്നു പറയുന്നുവെങ്കിൽ അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവ് നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും: നിങ്ങൾ ഈ യാഗപീഠത്തിന്റെ മുമ്പിൽ നമസ്കരിപ്പിൻ എന്നു കല്പിച്ചത്?

യെശയ്യാവ് 36:8

ആകട്ടെ; എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതു കെട്ടുക: തക്ക കുതിരച്ചേവകരെ കയറ്റുവാൻ നിനക്കു കഴിയുമെങ്കിൽ ഞാൻ രണ്ടായിരം കുതിരയെ നിനക്കു തരാം.

യെശയ്യാവ് 36:9

നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങൾക്കായിട്ടും കുതിരച്ചേവകർക്കായിട്ടും നീ മിസ്രയീമിൽ ആശ്രയിക്കുന്നുവല്ലോ.

യെശയ്യാവ് 36:10

ഞാൻ ഇപ്പോൾ ഈ ദേശം നശിപ്പിപ്പാൻ യഹോവയെ കൂടാതെയോ അതിന്റെ നേരേ പുറപ്പെട്ടുവന്നിരിക്കുന്നത്? യഹോവ എന്നോട്: ഈ ദേശത്തിന്റെ നേരേ പുറപ്പെട്ടുചെന്ന് അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.

യെശയ്യാവ് 36:11

അപ്പോൾ എല്യാക്കീമും ശെബ്നയും യോവാഹും രബ്-ശാക്കേയോട്: അടിയങ്ങളോട് അരാംഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങൾക്ക് അറിയാം; മതിലിന്മേലുള്ള ജനം കേൾക്കേ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ എന്നു പറഞ്ഞു.

യെശയ്യാവ് 36:12

അതിനു രബ്-ശാക്കേ: നിന്റെ യജമാനനോടും നിന്നോടും ഈ വാക്ക് പറവാനോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാൻ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ എന്നു പറഞ്ഞു.

യെശയ്യാവ് 36:13

അങ്ങനെ രബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞതെന്തെന്നാൽ: മഹാരാജാവായ അശ്ശൂർരാജാവിന്റെ വാക്ക് കേൾപ്പിൻ.

യെശയ്യാവ് 36:14

രാജാവ് ഇപ്രകാരം കല്പിക്കുന്നു: ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; അവനു നിങ്ങളെ വിടുവിപ്പാൻ കഴികയില്ല.

യെശയ്യാവ് 36:15

യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂർരാജാവിന്റെ കൈയിൽ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുത്.

യെശയ്യാവ് 36:16

ഹിസ്കീയാവിനു നിങ്ങൾ ചെവികൊടുക്കരുത്; അശ്ശൂർരാജാവ് ഇപ്രകാരം കല്പിക്കുന്നു: നിങ്ങൾ എന്നോടു സന്ധിചെയ്ത് എന്റെ അടുക്കൽ പുറത്തുവരുവിൻ; നിങ്ങൾ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊൾവിൻ.

യെശയ്യാവ് 36:17

പിന്നെ ഞാൻ വന്നു, നിങ്ങളുടെ ദേശത്തിനു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.

യെശയ്യാവ് 36:18

യഹോവ നമ്മെ വിടുവിക്കുമെന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; ജാതികളുടെ ദേവന്മാരിൽ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ?

യെശയ്യാവ് 36:19

ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവ്വയീമിലെ ദേവന്മാരും എവിടെ? അവർ ശമര്യയെ എന്റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ?

യെശയ്യാവ് 36:20

യഹോവ യെരൂശലേമിനെ എന്റെ കൈയിൽനിന്നു വിടുവിപ്പാൻ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വച്ച് ഒരുത്തൻ തന്റെ ദേശത്തെ എന്റെ കൈയിൽനിന്നു വിടുവിച്ചുവോ?

യെശയ്യാവ് 36:21

എന്നാൽ ജനം മിണ്ടാതിരുന്ന് അവനോട് ഒന്നും ഉത്തരം പറഞ്ഞില്ല; അവനോട് ഉത്തരം പറയരുതെന്നു രാജകല്പന ഉണ്ടായിരുന്നു.

യെശയ്യാവ് 36:22

ഹില്ക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു രബ്-ശാക്കേയുടെ വാക്ക് അവനോട് അറിയിച്ചു.