യെശയ്യാവ് - 27 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 13 വരെ

യെശയ്യാവ് 27:1

അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും സന്ദർശിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.

യെശയ്യാവ് 27:2

അന്നു നിങ്ങൾ മനോഹരമായൊരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടുപാടുവിൻ.

യെശയ്യാവ് 27:3

യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനയ്ക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിനു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.

യെശയ്യാവ് 27:4

ക്രോധം എനിക്കില്ല; യുദ്ധത്തിൽ പറക്കാരയും മുൾപ്പടർപ്പും എനിക്കു വിരോധമായിരുന്നെങ്കിൽ കൊള്ളായിരുന്നു; ഞാൻ അവയുടെ നേരേ ചെന്ന് അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.

യെശയ്യാവ് 27:5

അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ച് എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതെ, അവൻ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ.

യെശയ്യാവ് 27:6

വരുംകാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിർത്തു പൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണമാകയും ചെയ്യും.

യെശയ്യാവ് 27:7

അവനെ അടിച്ചവരെ അടിച്ചതുപോലെയോ അവൻ അവനെ അടിച്ചത്? അവനെ കൊന്നവരെ കൊന്നതുപോലെയോ അവൻ കൊല്ലപ്പെട്ടിരിക്കുന്നത്?

യെശയ്യാവ് 27:8

അവരെ ഉപേക്ഷിച്ചതിനാൽ നീ മിതമായിട്ട് അവളോടു വാദിച്ചു; കിഴക്കൻകാറ്റുള്ള നാളിൽ അവൻ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു.

യെശയ്യാവ് 27:9

ഇതുകൊണ്ട് യാക്കോബിന്റെ അകൃത്യത്തിനു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീഠത്തിന്റെ കല്ല് ഒക്കെയും ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവർന്നുനില്ക്കയില്ല.

യെശയ്യാവ് 27:10

ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിർജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന് അവിടെയുള്ള തളിരുകളെ തിന്നുകളയും.

യെശയ്യാവ് 27:11

അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും; സ്ത്രീകൾ വന്ന് അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജാതിയല്ലോ; അതുകൊണ്ട് അവരെ നിർമിച്ചവന് അവരോടു കരുണ തോന്നുകയില്ല; അവരെ മനഞ്ഞവൻ അവർക്കു കൃപ കാണിക്കയുമില്ല.

യെശയ്യാവ് 27:12

അന്നാളിൽ യഹോവ നദിമുതൽ മിസ്രയീംതോടുവരെ കറ്റ മെതിക്കും; യിസ്രായേൽമക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും.

യെശയ്യാവ് 27:13

അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപർവതത്തിൽ യഹോവയെ നമസ്കരിക്കും.