ആമോസിന്റെ മകനായ യെശയ്യാവ് ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം:
മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ; അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിനു ശബ്ദം ഉയർത്തി അവരെ കൈകാട്ടി വിളിപ്പിൻ.
ഞാൻ എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗർവത്തോടെ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാൻ എന്റെ കോപത്തെ നിവർത്തിക്കേണ്ടതിനു വിളിച്ചിരിക്കുന്നു.
ബഹുജനത്തിന്റെ ഘോഷംപോലെ പർവതങ്ങളിൽ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.
ദേശത്തെയൊക്കെയും നശിപ്പിപ്പാൻ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു.
യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിൻ; അതു സർവശക്തങ്കൽനിന്നു സർവനാശംപോലെ വരുന്നു.
അതുകൊണ്ട് എല്ലാ കൈകളും തളർന്നുപോകും; സകല ഹൃദയവും ഉരുകിപ്പോകും.
അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്കു പിടിപെടും; നോവുകിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും; അവർ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.
ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ട് ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു.
ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യൻ ഉദയത്തിങ്കൽത്തന്നെ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം നല്കുകയുമില്ല.
ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദർശിക്കും; അഹങ്കാരികളുടെ ഗർവത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും ദുർലഭമാക്കും.
അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും ഭൂമി അതിന്റെ സ്ഥാനത്തുനിന്ന് ഇളകിപ്പോകും.
ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും അവർ ഓരോരുത്തൻ താന്താന്റെ ജാതിയുടെ അടുക്കലേക്ക് തിരിയും; ഓരോരുത്തൻ താന്താന്റെ സ്വദേശത്തിലേക്ക് ഓടിപ്പോകും.
കണ്ടുകിട്ടുന്നവനെയൊക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാൽ വീഴും.
അവർ കാൺകെ അവരുടെ ശിശുക്കളെ അടിച്ചു തകർത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.
ഞാൻ മേദ്യരെ അവർക്കു വിരോധമായി ഉണർത്തും; അവർ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നിൽ അവർക്കു താൽപര്യവുമില്ല.
അവരുടെ വില്ലുകൾ യുവാക്കളെ തകർത്തുകളയും; ഗർഭഫലത്തോട് അവർക്കു കരുണ തോന്നുകയില്ല; പൈതങ്ങളെയും അവർ ആദരിക്കയില്ല.
രാജ്യങ്ങളുടെ മഹത്ത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, ദൈവം സൊദോമിനെയും ഗൊമോറായെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും.
അതിൽ ഒരുനാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയോളം അതിൽ ആരും വസിക്കയുമില്ല; അറബിക്കാരൻ അവിടെ കൂടാരമടിക്കയില്ല; ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല.
മരുമൃഗങ്ങൾ അവിടെ കിടക്കും; അവരുടെ വീടുകളിൽ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികൾ അവിടെ പാർക്കും; ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും.
അവരുടെ അരമനകളിൽ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓളിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീർഘിച്ചുപോകയുമില്ല.