യഹോവ യാക്കോബിനോടു മനസ്സലിഞ്ഞ് യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്ത് അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ്ഗൃഹത്തോടു ചേർന്നുകൊള്ളും.
ജാതികൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും അടക്കിക്കൊള്ളും; തങ്ങളെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും ചെയ്യും.
യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രാമം നല്കുന്ന നാളിൽ
നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണനഗരം എങ്ങനെ മുടിഞ്ഞു പോയി!
യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.
വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നെ.
സർവഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തുപാടുന്നു.
സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു: നീ വീണുകിടന്നതുമുതൽ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരേ കയറി വരുന്നില്ല എന്നു പറയുന്നു.
നിന്റെ വരവിങ്കൽ നിന്നെ എതിരേല്പാൻ താഴെ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകല ഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജാതികളുടെ സകല രാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.
അവരൊക്കെയും നിന്നോട്: നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായിത്തീർന്നുവോ? എന്നു പറയും.
നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്ക് ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്ക് പുതപ്പായിരിക്കുന്നു.
അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു!
“ഞാൻ സ്വർഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും; ഉത്തരദിക്കിന്റെ അതിർത്തിയിൽ സമാഗമപർവതത്തിന്മേൽ ഞാൻ ഇരുന്നരുളും;
ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞത്.
എന്നാൽ നീ പാതാളത്തിലേക്ക്, നാശകൂപത്തിന്റെ അടിയിലേക്കു തന്നെ വീഴും.
നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി: ഭൂമിയെ നടുക്കുകയും
രാജ്യങ്ങളെ കുലുക്കുകയും ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്ക് അഴിച്ചുവിടാതിരിക്കയും ചെയ്തവൻ ഇവനല്ലയോ എന്നു നിരൂപിക്കും.
ജാതികളുടെ സകല രാജാക്കന്മാരും ഒട്ടൊഴിയാതെ താന്താന്റെ ഭവനത്തിൽ മഹത്ത്വത്തോടെ കിടന്നുറങ്ങുന്നു.
നിന്നെയോ നിന്ദ്യമായൊരു ചുള്ളിയെപ്പോലെയും വാൾകൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു.
നീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്ക് അവരെപ്പോലെ ശവസംസ്കാരം ഉണ്ടാകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേർ എന്നും നിലനില്ക്കയില്ല.
അവന്റെ മക്കൾ എഴുന്നേറ്റ് ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങൾക്കൊണ്ടു നിറയ്ക്കയും ചെയ്യാതിരിക്കേണ്ടതിന് അവർക്ക് അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കൊലനിലം ഒരുക്കിക്കൊൾവിൻ.
ഞാൻ അവർക്കു വിരോധമായി എഴുന്നേല്ക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും പുത്രനെയും പൗത്രനെയും ഛേദിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.
ഞാൻ അതിനെ മുള്ളൻപന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്റെ ചൂലുകൊണ്ട് തൂത്തുവാരും എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
സൈന്യങ്ങളുടെ യഹോവ ആണയിട്ട് അരുളിച്ചെയ്യുന്നത്: ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണയിച്ചതുപോലെ നിവൃത്തിയാകും.
എന്റെ ദേശത്തുവച്ച് ഞാൻ അശ്ശൂരിനെ തകർക്കും; എന്റെ പർവതങ്ങളിൽവച്ച് അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേൽനിന്നു നീങ്ങും; അവന്റെ ചുമട് അവരുടെ തോളിൽനിന്നു മാറിപ്പോകും.
സർവഭൂമിയെയുംകുറിച്ച് നിർണയിച്ചിരിക്കുന്ന നിർണയം ഇതാകുന്നു; സകല ജാതികളുടെയുംമേൽ നീട്ടിയിരിക്കുന്ന കൈ ഇതു തന്നെ.
സൈന്യങ്ങളുടെ യഹോവ നിർണയിച്ചിരിക്കുന്നു; അതു ദുർബലമാക്കുന്നവനാർ? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാർ?
ആഹാസ്‍രാജാവ് മരിച്ച ആണ്ടിൽ ഈ പ്രവാചകം ഉണ്ടായി:
സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കകൊണ്ടു നീ സന്തോഷിക്കേണ്ടാ; സർപ്പത്തിന്റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും; അതിന്റെ ഫലം, പറക്കുന്ന അഗ്നിസർപ്പമായിരിക്കും.
എളിയവരുടെ ആദ്യജാതന്മാർ മേയും; ദരിദ്രന്മാർ നിർഭയമായി കിടക്കും; എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവൻ കൊല്ലും.
വാതിലേ, അലറുക; പട്ടണമേ, നിലവിളിക്ക; സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നീ അലിഞ്ഞുപോയി; വടക്കുനിന്ന് ഒരു പുക വരുന്നു; അവന്റെ ഗണങ്ങളിൽ ഉഴന്നുനടക്കുന്ന ഒരുത്തനുമില്ല.
ജാതികളുടെ ദൂതന്മാർക്കു കിട്ടുന്ന മറുപടിയോ: യഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാർ ശരണം പ്രാപിക്കും എന്നത്രേ.