സദൃശവാക്യങ്ങൾ - 4 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 27 വരെ

സദൃശവാക്യങ്ങൾ 4:1

മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിനു ശ്രദ്ധിപ്പിൻ.

സദൃശവാക്യങ്ങൾ 4:2

ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചു തരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്.

സദൃശവാക്യങ്ങൾ 4:3

ഞാൻ എന്റെ അപ്പനു മകനും എന്റെ അമ്മയ്ക്ക് ഓമനയും ഏക പുത്രനും ആയിരുന്നു;

സദൃശവാക്യങ്ങൾ 4:4

അവൻ എന്നെ പഠിപ്പിച്ച് എന്നോടു പറഞ്ഞത്: എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.

സദൃശവാക്യങ്ങൾ 4:5

ജ്ഞാനം സമ്പാദിക്ക; വിവേകം നേടുക; മറക്കരുത്; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുത്.

സദൃശവാക്യങ്ങൾ 4:6

അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; അതിൽ പ്രിയം വയ്ക്കുക; അത് നിന്നെ സൂക്ഷിക്കും.

സദൃശവാക്യങ്ങൾ 4:7

ജ്ഞാനം തന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകല സമ്പാദ്യത്താലും വിവേകം നേടുക.

സദൃശവാക്യങ്ങൾ 4:8

അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.

സദൃശവാക്യങ്ങൾ 4:9

അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്ത്വകിരീടം ചൂടിക്കും.

സദൃശവാക്യങ്ങൾ 4:10

മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും.

സദൃശവാക്യങ്ങൾ 4:11

ജ്ഞാനത്തിന്റെ മാർഗം ഞാൻ നിന്നെ ഉപദേശിക്കുന്നു: നേരേയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.

സദൃശവാക്യങ്ങൾ 4:12

നടക്കുമ്പോൾ നിന്റെ കാലടിക്ക് ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല.

സദൃശവാക്യങ്ങൾ 4:13

പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുത്; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.

സദൃശവാക്യങ്ങൾ 4:14

ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; ദുർജനത്തിന്റെ വഴിയിൽ നടക്കയുമരുത്;

സദൃശവാക്യങ്ങൾ 4:15

അതിനോട് അകന്നു നില്ക്ക; അതിൽ നടക്കരുത്; അത് വിട്ടുമാറി കടന്നുപോക.

സദൃശവാക്യങ്ങൾ 4:16

അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരികയില്ല.

സദൃശവാക്യങ്ങൾ 4:17

ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു; ബലാൽക്കാരത്തിന്റെ വീഞ്ഞ് അവർ പാനം ചെയ്യുന്നു.

സദൃശവാക്യങ്ങൾ 4:18

നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.

സദൃശവാക്യങ്ങൾ 4:19

ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെ ആകുന്നു; ഏതിങ്കൽ തട്ടിവീഴും എന്ന് അവർ അറിയുന്നില്ല.

സദൃശവാക്യങ്ങൾ 4:20

മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധ തരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക.

സദൃശവാക്യങ്ങൾ 4:21

അവ നിന്റെ ദൃഷ്‍ടിയിൽനിന്നു മാറിപ്പോകരുത്; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.

സദൃശവാക്യങ്ങൾ 4:22

അവയെ കിട്ടുന്നവർക്ക് അവ ജീവനും അവരുടെ സർവദേഹത്തിനും സൗഖ്യവും ആകുന്നു.

സദൃശവാക്യങ്ങൾ 4:23

സകല ജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്.

സദൃശവാക്യങ്ങൾ 4:24

വായുടെ വക്രത നിങ്കൽനിന്ന് നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്ന് അകറ്റുക.

സദൃശവാക്യങ്ങൾ 4:25

നിന്റെ കണ്ണ് നേരേ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വേ മുമ്പോട്ടു മിഴിക്കട്ടെ.

സദൃശവാക്യങ്ങൾ 4:26

നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.

സദൃശവാക്യങ്ങൾ 4:27

ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.