കൂടെക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.
നീതിമാന്മാർ വർധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; ദുഷ്ടൻ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീർപ്പിടുന്നു.
ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവൻ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.
രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.
കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന് ഒരു വല വിരിക്കുന്നു.
ദുഷ്കർമി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല.
പരിഹാസികൾ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു. ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.
ജ്ഞാനിക്കും ഭോഷനും തമ്മിൽ വാഗ്വാദം ഉണ്ടായിട്ട് അവൻ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.
രക്തപാതകന്മാർ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.
മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.
അധിപതി നുണ കേൾപ്പാൻ തുടങ്ങിയാൽ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.
ദരിദ്രനും പീഡകനും തമ്മിൽ എതിർപെടുന്നു; ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു.
അഗതികൾക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.
വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു; തന്നിഷ്ടത്തിനു വിട്ടിരുന്ന ബാലനോ അമ്മയ്ക്കു ലജ്ജ വരുത്തുന്നു.
ദുഷ്ടന്മാർ പെരുകുമ്പോൾ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും.
നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്ക് ആശ്വാസമായിത്തീരും; അവൻ നിന്റെ മനസ്സിനു പ്രമോദം വരുത്തും.
വെളിപ്പാട് ഇല്ലാത്തേടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.
ദാസനെ ഗുണീകരിപ്പാൻ വാക്കു മാത്രം പോരാ; അവൻ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.
വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
ദാസനെ ബാല്യംമുതൽ ലാളിച്ചു വളർത്തുന്നവനോട് അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.
കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർധിപ്പിക്കുന്നു.
മനുഷ്യന്റെ ഗർവം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.
കള്ളനുമായി പങ്കു കൂടുന്നവൻ സ്വന്ത പ്രാണനെ പകയ്ക്കുന്നു; അവൻ സത്യവാചകം കേൾക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും.
മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.
അനേകർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാൽ വരുന്നു.
നീതികെട്ടവൻ നീതിമാന്മാർക്കു വെറുപ്പ്; സന്മാർഗി ദുഷ്ടന്മാർക്കും വെറുപ്പ്.