സദൃശവാക്യങ്ങൾ - 15 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 33 വരെ

സദൃശവാക്യങ്ങൾ 15:1

മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 15:2

ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്തം പൊഴിക്കുന്നു.

സദൃശവാക്യങ്ങൾ 15:3

യഹോവയുടെ കണ്ണ് എല്ലാടവും ഉണ്ട്; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.

സദൃശവാക്യങ്ങൾ 15:4

നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.

സദൃശവാക്യങ്ങൾ 15:5

ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്ത്തീരും.

സദൃശവാക്യങ്ങൾ 15:6

നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്; ദുഷ്ടന്റെ ആദായത്തിലോ അനർഥം.

സദൃശവാക്യങ്ങൾ 15:7

ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.

സദൃശവാക്യങ്ങൾ 15:8

ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്കു വെറുപ്പ്; നേരുള്ളവരുടെ പ്രാർഥനയോ അവനു പ്രസാദം.

സദൃശവാക്യങ്ങൾ 15:9

ദുഷ്ടന്മാരുടെ വഴി യഹോവയ്ക്കു വെറുപ്പ്; എന്നാൽ നീതിയെ പിന്തുടരുന്നവനെ അവൻ സ്നേഹിക്കുന്നു.

സദൃശവാക്യങ്ങൾ 15:10

സന്മാർഗം ത്യജിക്കുന്നവനു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവൻ മരിക്കും.

സദൃശവാക്യങ്ങൾ 15:11

പാതാളവും നരകവും യഹോവയുടെ ദൃഷ്‍ടിയിൽ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!

സദൃശവാക്യങ്ങൾ 15:12

പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല;

സദൃശവാക്യങ്ങൾ 15:13

സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.

സദൃശവാക്യങ്ങൾ 15:14

വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്തം ആചരിക്കുന്നു.

സദൃശവാക്യങ്ങൾ 15:15

അരിഷ്ടന്റെ ജീവനാളൊക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം.

സദൃശവാക്യങ്ങൾ 15:16

ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടെ അല്പ ധനം ഉള്ളതു നന്നു.

സദൃശവാക്യങ്ങൾ 15:17

ദ്വേഷമുള്ളേടത്തെ തടിച്ച കാളയെക്കാൾ സേഹമുള്ളേടത്തെ ശാകഭോജനം നല്ലത്.

സദൃശവാക്യങ്ങൾ 15:18

ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 15:19

മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ.

സദൃശവാക്യങ്ങൾ 15:20

ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.

സദൃശവാക്യങ്ങൾ 15:21

ഭോഷത്വം ബുദ്ധിഹീനനു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.

സദൃശവാക്യങ്ങൾ 15:22

ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെപോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.

സദൃശവാക്യങ്ങൾ 15:23

താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യനു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്ക് എത്ര മനോഹരം!

സദൃശവാക്യങ്ങൾ 15:24

ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.

സദൃശവാക്യങ്ങൾ 15:25

അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവൻ ഉറപ്പിക്കും.

സദൃശവാക്യങ്ങൾ 15:26

ദുരുപായങ്ങൾ യഹോവയ്ക്കു വെറുപ്പ്; ദയാവാക്കോ നിർമ്മലം.

സദൃശവാക്യങ്ങൾ 15:27

ദുരാഗ്രഹി തന്റെ ഭവനത്തെ വലയ്ക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.

സദൃശവാക്യങ്ങൾ 15:28

നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.

സദൃശവാക്യങ്ങൾ 15:29

യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാർഥനയോ അവൻ കേൾക്കുന്നു.

സദൃശവാക്യങ്ങൾ 15:30

കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 15:31

ജീവാർഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മധ്യേ വസിക്കും.

സദൃശവാക്യങ്ങൾ 15:32

പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.

സദൃശവാക്യങ്ങൾ 15:33

യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിനു വിനയം മുന്നോടിയാകുന്നു.