മകനേ, എന്റെ ഉപദേശം മറക്കരുത്; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
അവ ദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വർധിപ്പിച്ചുതരും.
ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക.
അങ്ങനെ നീ ദൈവത്തിനും മനുഷ്യർക്കും ബോധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.
പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്.
നിന്റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരേയാക്കും;
നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക.
അതു നിന്റെ നാഭിക്ക് ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും.
യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാ വിളവിന്റെയും ആദ്യഫലം കൊണ്ടും ബഹുമാനിക്ക.
അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും.
മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്; അവന്റെ ശാസനയിങ്കൽ മുഷികയും അരുത്.
അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ.
അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലത്.
അതു മുത്തുകളിലും വിലയേറിയത്; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിനു തുല്യമാകയില്ല.
അതിന്റെ വലംകൈയിൽ ദീർഘായുസ്സും ഇടംകൈയിൽ ധനവും മാനവും ഇരിക്കുന്നു.
അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.
ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.
അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; മേഘങ്ങൾ മഞ്ഞു പൊഴിക്കുന്നു.
മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക; അവ നിന്റെ ദൃഷ്‍ടിയിൽനിന്നു മാറിപ്പോകരുത്.
അവ നിനക്കു ജീവനും നിന്റെ കഴുത്തിന് അലങ്കാരവും ആയിരിക്കും.
അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല.
നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.
പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാർക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.
യഹോവ നിന്റെ ആശ്രയമായിരിക്കും; അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും.
നന്മ ചെയ്‍വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിനു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുത്.
നിന്റെ കൈയിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്: പോയിവരിക, നാളെത്തരാം എന്നു പറയരുത്.
കൂട്ടുകാരൻ സമീപേ നിർഭയം വസിക്കുമ്പോൾ, അവന്റെ നേരേ ദോഷം നിരൂപിക്കരുത്.
നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട് നീ വെറുതെ ശണ്ഠയിടരുത്.
സാഹസക്കാരനോടു നീ അസൂയപ്പെടരുത്; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുത്.
വക്രതയുള്ളവൻ യഹോവയ്ക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ട്.
യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ട്; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവൻ അനുഗ്രഹിക്കുന്നു.
പരിഹാസികളെ അവൻ പരിഹസിക്കുന്നു; എളിയവർക്കോ അവൻ കൃപ നല്കുന്നു.
ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നെ.