വികടാധരം ഉള്ള മൂഢനെക്കാൾ പരമാർഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
പരിജ്ഞാനമില്ലാത്ത മനസ്സ് നന്നല്ല; തത്രപ്പെട്ടു കാൽ വയ്ക്കുന്നവനോ പിഴച്ചുപോകുന്നു.
മനുഷ്യന്റെ ഭോഷത്തം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.
സമ്പത്ത് സ്നേഹിതന്മാരെ വർധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോട് അകന്നിരിക്കുന്നു.
കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല.
പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ.
ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകയ്ക്കുന്നു; അവന്റെ സ്നേഹിതന്മാർ എത്ര അധികം അകന്നുനില്ക്കും? അവൻ വാക്ക് തിരയുമ്പോഴേക്ക് അവരെ കാൺമാനില്ല.
ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.
കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ നശിച്ചുപോകും.
സുഖജീവനം ഭോഷനു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ കർത്തൃത്വം നടത്തുന്നതോ ദാസന് എങ്ങനെ?
വിവേകബുദ്ധിയാൽ മനുഷ്യനു ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവനു ഭൂഷണം.
രാജാവിന്റെ ക്രോധം സിംഹഗർജനത്തിനു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
മൂഢനായ മകൻ അപ്പനു നിർഭാഗ്യം; ഭാര്യയുടെ കലമ്പൽ തീരാത്ത ചോർച്ചപോലെ.
ഭവനവും സമ്പത്തും പിതാക്കന്മാർ വച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടിണികിടക്കും.
കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.
എളിയവനോടു കൃപ കാട്ടുന്നവൻ യഹോവയ്ക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മയ്ക്ക് അവൻ പകരം കൊടുക്കും.
പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുത്.
മുൻകോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാൽ അതു പിന്നെയും ചെയ്യേണ്ടിവരും.
പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന് ആലോചന കേട്ടു പ്രബോധനം കൈക്കൊൾക.
മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
മനുഷ്യൻ തന്റെ മനസ്സുപോലെ ദയ കാണിക്കും; ഭോഷ്കു പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ.
യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനർഥം അവനു നേരിടുകയില്ല.
മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.
പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ വിട്ടുമാറേണ്ടതിനുള്ള ഉപദേശം കേൾക്കുന്നതു മതിയാക്കുക.
നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
പരിഹാസികൾക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിനു തല്ലും ഒരുങ്ങിയിരിക്കുന്നു.