2 ദിനവൃത്താന്തം - 29 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 36 വരെ

2 ദിനവൃത്താന്തം 29:1

യെഹിസ്കീയാവ് ഇരുപത്തിയഞ്ചാം വയസ്സിൽ വാഴ്ച തുടങ്ങി; ഇരുപത്തിയൊമ്പതു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അബീയാ എന്നു പേർ. അവൾ സെഖര്യാവിന്റെ മകൾ ആയിരുന്നു.

2 ദിനവൃത്താന്തം 29:2

അവൻ തന്റെ അപ്പനായ ദാവീദ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.

2 ദിനവൃത്താന്തം 29:3

അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്ന് അറ്റകുറ്റം തീർത്തു.

2 ദിനവൃത്താന്തം 29:4

അവൻ പുരോഹിതന്മാരെയും ലേവ്യരെയും വരുത്തി കിഴക്കേ വിശാലസ്ഥലത്ത് ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞതെന്തെന്നാൽ:

2 ദിനവൃത്താന്തം 29:5

ലേവ്യരേ, എന്റെ വാക്കു കേൾപ്പിൻ; ഇപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ച് വിശുദ്ധമന്ദിരത്തിൽ നിന്നു മലിനത നീക്കിക്കളവിൻ.

2 ദിനവൃത്താന്തം 29:6

നമ്മുടെ പിതാക്കന്മാർ അകൃത്യം ചെയ്തു, നമ്മുടെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായുള്ളത് പ്രവർത്തിച്ച് അവനെ ഉപേക്ഷിക്കയും യഹോവയുടെ നിവാസത്തിങ്കൽനിന്നു മുഖം തിരിച്ച് അതിനു പുറംകാട്ടുകയും ചെയ്തുവല്ലോ.

2 ദിനവൃത്താന്തം 29:7

അവർ മണ്ഡപത്തിന്റെ വാതിലുകൾ അടച്ചു, വിളക്കു കെടുത്തി, വിശുദ്ധമന്ദിരത്തിൽ യിസ്രായേലിന്റെ ദൈവത്തിനു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.

2 ദിനവൃത്താന്തം 29:8

അതുകൊണ്ട് യഹോവയുടെ കോപം യെഹൂദായുടെയും യെരൂശലേമിന്റെയുംമേൽ വന്നു; നിങ്ങൾ സ്വന്ത കണ്ണാൽ കാണുന്നതുപോലെ അവൻ അവരെ നടുക്കത്തിനും അമ്പരപ്പിനും ഹാസ്യത്തിനും വിഷയമാക്കിത്തീർത്തിരിക്കുന്നു.

2 ദിനവൃത്താന്തം 29:9

നമ്മുടെ പിതാക്കന്മാർ വാളിനാൽ വീഴുകയും, നമ്മുടെ പുത്രന്മാരും പുത്രിമാരും നമ്മുടെ ഭാര്യമാരും ഇതുനിമിത്തം പ്രവാസത്തിൽ ആകയും ചെയ്തിരിക്കുന്നു.

2 ദിനവൃത്താന്തം 29:10

ഇപ്പോൾ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറേണ്ടതിന് അവനോട് ഒരു നിയമം ചെയ്‍വാൻ എനിക്കു താൽപര്യം ഉണ്ട്.

2 ദിനവൃത്താന്തം 29:11

എന്റെ മക്കളേ, ഇപ്പോൾ ഉപേക്ഷ കാണിക്കരുത്; തന്നെ ശുശ്രൂഷിക്കേണ്ടതിന് തന്റെ സന്നിധിയിൽ നില്പാനും തനിക്കു ശുശ്രൂഷക്കാരായി ധൂപം കാട്ടുവാനും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ.

2 ദിനവൃത്താന്തം 29:12

അപ്പോൾ കെഹാത്യരിൽ അമാസായിയുടെ മകൻ മഹത്ത്, അസര്യാവിന്റെ മകൻ യോവേൽ, മെരാര്യരിൽ അബ്‍ദിയുടെ മകൻ കീശ്, യെഹല്ലലേലിന്റെ മകൻ അസര്യാവ്; ഗേർശോന്യരിൽ സിമ്മയുടെ മകൻ യോവാഹ്,

2 ദിനവൃത്താന്തം 29:13

യോവാ ഹിന്റെ മകൻ ഏദെൻ; എലീസാഫാന്യരിൽ സിമ്രി, യെയൂവേൽ; ആസാഫ്യരിൽ സെഖര്യാവ്, മത്ഥന്യാവ്;

2 ദിനവൃത്താന്തം 29:14

ഹേമാന്യരിൽ യെഹൂവേൽ, ശിമെയി; യെദൂഥൂന്യരിൽ ശിമെയ്യാവ്, ഉസ്സീയേൽ എന്നീ ലേവ്യർ എഴുന്നേറ്റു.

2 ദിനവൃത്താന്തം 29:15

തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചുകൂട്ടി തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു യഹോവയുടെ വചനപ്രകാരം രാജാവിന്റെ കല്പന അനുസരിച്ച് യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാൻ വന്നു.

2 ദിനവൃത്താന്തം 29:16

പുരോഹിതന്മാർ യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാൻ അതിൽ കടന്നു യഹോവയുടെ ആലയത്തിൽ കണ്ട മലിനതയൊക്കെയും പുറത്ത് യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ കൊണ്ടുവന്നു; ലേവ്യർ അതു കൊണ്ടുപോയി കിദ്രോൻതോട്ടിൽ ഇട്ടുകളഞ്ഞു.

2 ദിനവൃത്താന്തം 29:17

ഒന്നാം മാസം ഒന്നാം തീയതി അവർ വിശുദ്ധീകരിപ്പാൻ തുടങ്ങി; എട്ടാം തീയതി അവർ യഹോവയുടെ മണ്ഡപത്തിങ്കൽ എത്തി; ഇങ്ങനെ അവർ എട്ടു ദിവസംകൊണ്ട് യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തീയതി തീർത്തു.

2 ദിനവൃത്താന്തം 29:18

യെഹിസ്കീയാരാജാവിന്റെ അടുക്കൽ അകത്തു ചെന്ന്; ഞങ്ങൾ യഹോവയുടെ ആലയം മുഴുവനും ഹോമപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും കാഴ്ചയപ്പത്തിന്റെ മേശയും അതിന്റെ ഉപകരണങ്ങളൊക്കെയും വെടിപ്പാക്കി,

2 ദിനവൃത്താന്തം 29:19

ആഹാസ്‍രാജാവ് തന്റെ വാഴ്ച കാലത്ത് തന്റെ ദ്രോഹത്താൽ നീക്കിക്കളഞ്ഞ ഉപകരണങ്ങളൊക്കെയും നന്നാക്കി വിശുദ്ധീകരിച്ചിരിക്കുന്നു; അവ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ ഉണ്ട് എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 29:20

യെഹിസ്കീയാരാജാവ് കാലത്തെ എഴുന്നേറ്റ് നഗരാധിപതികളെ കൂട്ടി യഹോവയുടെ ആലയത്തിലേക്കു ചെന്നു.

2 ദിനവൃത്താന്തം 29:21

അവർ രാജത്വത്തിനും വിശുദ്ധമന്ദിരത്തിനും യെഹൂദായ്ക്കും വേണ്ടി ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും ഏഴു കുഞ്ഞാടിനെയും പാപയാഗത്തിനായിട്ട് ഏഴു വെള്ളാട്ടുകൊറ്റനെയും കൊണ്ടുവന്നു; അവയെ യഹോവയുടെ യാഗപീഠത്തിന്മേൽ യാഗംകഴിപ്പാൻ അവൻ അഹരോന്യരായ പുരോഹിതന്മാരോടു കല്പിച്ചു.

2 ദിനവൃത്താന്തം 29:22

അങ്ങനെ അവർ കാളകളെ അറുത്തു; പുരോഹിതന്മാർ രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു; ആട്ടുകൊറ്റന്മാരെ അറുത്ത് രക്തം യാഗപീഠത്തിന്മേൽ തളിച്ചു; കുഞ്ഞാടുകളെ അറുത്ത് രക്തം യാഗപീഠത്തിന്മേൽ തളിച്ചു.

2 ദിനവൃത്താന്തം 29:23

പിന്നെ അവർ പാപയാഗത്തിനുള്ള വെള്ളാട്ടുകൊറ്റന്മാരെ രാജാവിന്റെയും സഭയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അവയുടെമേൽ കൈ വച്ചു.

2 ദിനവൃത്താന്തം 29:24

പുരോഹിതന്മാർ അവയെ അറുത്ത് എല്ലാ യിസ്രായേലിനും പ്രായശ്ചിത്തം വരുത്തേണ്ടതിന് അവയുടെ രക്തം യാഗപീഠത്തിന്മേൽ പാപയാഗമായി അർപ്പിച്ചു; എല്ലാ യിസ്രായേലിനുംവേണ്ടി ഹോമയാഗവും പാപയാഗവും കഴിക്കേണം എന്ന് രാജാവ് കല്പിച്ചിരുന്നു.

2 ദിനവൃത്താന്തം 29:25

അവൻ ദാവീദിന്റെയും രാജാവിന്റെ ദർശകനായ ഗാദിന്റെയും നാഥാൻപ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടുംകൂടെ യഹോവയുടെ ആലയത്തിൽ നിർത്തി; അങ്ങനെ പ്രവാചകന്മാർ മുഖാന്തരം യഹോവ കല്പിച്ചിരുന്നു.

2 ദിനവൃത്താന്തം 29:26

ലേവ്യർ ദാവീദിന്റെ വാദ്യങ്ങളോടും പുരോഹിതന്മാർ കാഹളങ്ങളോടുംകൂടെ നിന്നു.

2 ദിനവൃത്താന്തം 29:27

പിന്നെ യെഹിസ്കീയാവ് യാഗപീഠത്തിന്മേൽ ഹോമയാഗം കഴിപ്പാൻ കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോൾതന്നെ അവർ കാഹളങ്ങളോടും യിസ്രായേൽരാജാവായ ദാവീദിന്റെ വാദ്യങ്ങളോടുംകൂടെ യഹോവയ്ക്കു പാട്ടുപാടുവാൻ തുടങ്ങി.

2 ദിനവൃത്താന്തം 29:28

ഉടനെ സർവസഭയും നമസ്കരിച്ചു, സംഗീതക്കാർ പാടുകയും കാഹളക്കാർ ഊതുകയും ചെയ്തു; ഇതൊക്കെയും ഹോമയാഗം കഴിയുന്നതുവരെ ചെയ്തുകൊണ്ടിരുന്നു.

2 ദിനവൃത്താന്തം 29:29

യാഗം കഴിച്ചു തീർന്നപ്പോൾ രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു.

2 ദിനവൃത്താന്തം 29:30

പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്റെയും ആസാഫ്ദർശകന്റെയും വചനങ്ങളാൽ യഹോവയ്ക്ക് സ്തോത്രം ചെയ്‍വാൻ കല്പിച്ചു. അവർ സന്തോഷത്തോടെ സ്തോത്രം ചെയ്ത് തലകുനിച്ചു നമസ്കരിച്ചു.

2 ദിനവൃത്താന്തം 29:31

നിങ്ങൾ ഇപ്പോൾ യഹോവയ്ക്കു നിങ്ങളെത്തന്നെ നിവേദിച്ചിരിക്കുന്നു; അടുത്തുവന്ന് യഹോവയുടെ ആലയത്തിൽ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരുവിൻ എന്നു യെഹിസ്കീയാവ് പറഞ്ഞു; അങ്ങനെ സഭ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും നല്ല മനസ്സുള്ളവർ എല്ലാവരും ഹോമയാഗങ്ങളും കൊണ്ടുവന്നു.

2 ദിനവൃത്താന്തം 29:32

സഭ കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം കാള എഴുപത്, ആട്ടുകൊറ്റൻ നൂറ്, കുഞ്ഞാട് ഇരുനൂറ്; ഇവയൊക്കെയും യഹോവയ്ക്കു ഹോമയാഗത്തിനായിരുന്നു.

2 ദിനവൃത്താന്തം 29:33

നിവേദിതവസ്തുക്കളോ അറുനൂറ് കാളയും മൂവായിരം ആടും ആയിരുന്നു.

2 ദിനവൃത്താന്തം 29:34

പുരോഹിതന്മാർ ചുരുക്കമായിരുന്നതിനാൽ ഹോമയാഗങ്ങളെല്ലാം തോലുരിപ്പാൻ അവർക്കു കഴിഞ്ഞില്ല; അതുകൊണ്ട് അവരുടെ സഹോദരന്മാരായ ലേവ്യർ ആ വേല തീരുവോളവും പുരോഹിതന്മാരൊക്കെയും തങ്ങളെത്തന്നെ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ അധികം ഉത്സാഹമുള്ളവരായിരുന്നു.

2 ദിനവൃത്താന്തം 29:35

ഹോമയാഗങ്ങൾ സമാധാനയാഗങ്ങൾക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങൾക്കുള്ള പാനീയയാഗങ്ങളോടുംകൂടെ അനവധിയായിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി.

2 ദിനവൃത്താന്തം 29:36

ദൈവം ജനത്തിന് ഒരുക്കിക്കൊടുത്തതിൽ യെഹിസ്കീയാവും സകല ജനവും സന്തോഷിച്ചു; കാര്യം ക്ഷണത്തിലല്ലോ നടന്നത്.