2 ദിനവൃത്താന്തം - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 17 വരെ

2 ദിനവൃത്താന്തം 3:1

അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിനു യഹോവ പ്രത്യക്ഷനായ മോറിയാപർവതത്തിൽ യെബൂസ്യനായ ഒർന്നാന്റെ കളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്ത് യഹോവയുടെ ആലയം പണിവാൻ തുടങ്ങി.

2 ദിനവൃത്താന്തം 3:2

തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം തീയതിയായിരുന്നു അവൻ പണി തുടങ്ങിയത്.

2 ദിനവൃത്താന്തം 3:3

ദൈവാലയം പണിയേണ്ടതിനു ശലോമോൻ ഇട്ട അടിസ്ഥാനത്തിന്റെ പരിമാണമോ: മുമ്പിലത്തെ അളവിൻപ്രകാരം അതിന്റെ നീളം അറുപതു മുഴം, വീതി ഇരുപതു മുഴം.

2 ദിനവൃത്താന്തം 3:4

മുൻഭാഗത്തുള്ള മണ്ഡപത്തിന് ആലയത്തിന്റെ വീതിക്ക് ഒത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിഇരുപത് മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു.

2 ദിനവൃത്താന്തം 3:5

വലിയ ആലയത്തിന് അവൻ സരളമരംകൊണ്ട് മച്ചിട്ടു, അതിനെ തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേൽ ഈന്തപ്പനയും ലതയും കൊത്തിച്ചു.

2 ദിനവൃത്താന്തം 3:6

അവൻ ഭംഗിക്കായിട്ട് ആലയത്തെ രത്നംകൊണ്ട് അലങ്കരിച്ചു; പൊന്നോ പർവ്വയീം പൊന്ന് ആയിരുന്നു.

2 ദിനവൃത്താന്തം 3:7

അവൻ ആലയവും തുലാങ്ങളും കാലുകളും ചുവരുകളും കതകുകളും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുവരിന്മേൽ കെരൂബുകളെയും കൊത്തിച്ചു.

2 ദിനവൃത്താന്തം 3:8

അവൻ അതിവിശുദ്ധമന്ദിരവും ഉണ്ടാക്കി; അതിന്റെ നീളം ആലയത്തിന്റെ വീതിക്ക് ഒത്തവണ്ണം ഇരുപത് മുഴവും, വീതി ഇരുപത് മുഴവും ആയിരുന്നു; അവൻ അറുനൂറ് താലന്ത് തങ്കംകൊണ്ട് അതു പൊതിഞ്ഞു.

2 ദിനവൃത്താന്തം 3:9

ആണികളുടെ തൂക്കം അമ്പത് ശേക്കെൽ പൊന്ന് ആയിരുന്നു: മാളികമുറികളും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു.

2 ദിനവൃത്താന്തം 3:10

അതിവിശുദ്ധമന്ദിരത്തിൽ അവൻ കൊത്തുപണിയായ രണ്ട് കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.

2 ദിനവൃത്താന്തം 3:11

കെരൂബുകളുടെ ചിറകുകളുടെ നീളം ഇരുപതു മുഴം. ഒന്നിന്റെ ഒരു ചിറക് ആലയത്തിന്റെ ചുവരോട് തൊടുന്നതായി അഞ്ച് മുഴവും മറ്റേ ചിറക് മറ്റേ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ച് മുഴവും ആയിരുന്നു:

2 ദിനവൃത്താന്തം 3:12

മറ്റേ കെരൂബിന്റെ ഒരു ചിറക് ആലയത്തിന്റെ ചുവരോട് തൊടുന്നതായി അഞ്ച് മുഴവും മറ്റേ ചിറക് മറ്റേ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു.

2 ദിനവൃത്താന്തം 3:13

ഈ കെരൂബുകളുടെ ചിറകുകൾ ഇരുപത് മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാൽ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു.

2 ദിനവൃത്താന്തം 3:14

അവൻ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ട് തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെയും നെയ്തുണ്ടാക്കി.

2 ദിനവൃത്താന്തം 3:15

അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ച് മുഴം ഉയരമുള്ള രണ്ട് സ്തംഭം ഉണ്ടാക്കി; അവയുടെ തലയ്ക്കലുള്ള പോതികയ്ക്ക് അയ്യഞ്ചു മുഴം ഉയരമുണ്ടായിരുന്നു.

2 ദിനവൃത്താന്തം 3:16

അന്തർമന്ദിരത്തിൽ ഉള്ളതുപോലെ മാലകളെ അവൻ ഉണ്ടാക്കി സ്തംഭങ്ങളുടെ തലയ്ക്കൽ വച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു.

2 ദിനവൃത്താന്തം 3:17

അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ ഒന്നു വലത്തും മറ്റേത് ഇടത്തും നിർത്തി; വലത്തേതിനു യാഖീൻ എന്നും ഇടത്തേതിനു ബോവസ് എന്നും പേർ വിളിച്ചു.