2 ദിനവൃത്താന്തം - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 17 വരെ

2 ദിനവൃത്താന്തം 1:1

ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വത്തിൽ സ്ഥിരപ്പെട്ടു; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരുന്ന് അവനെ അത്യന്തം മഹത്ത്വപ്പെടുത്തി.

2 ദിനവൃത്താന്തം 1:2

ശലോമോൻ എല്ലാ യിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും എല്ലാ യിസ്രായേലിന്റെയും പിതൃഭവനത്തലവന്മാരായ സകല പ്രഭുക്കന്മാരോടും സംസാരിച്ചിട്ട്

2 ദിനവൃത്താന്തം 1:3

ശലോമോൻ സർവസഭയുമായി ഗിബെയോനിലെ പൂജാഗിരിക്കു പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയിൽവച്ച് ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമനകൂടാരം അവിടെ ആയിരുന്നു.

2 ദിനവൃത്താന്തം 1:4

എന്നാൽ ദൈവത്തിന്റെ പെട്ടകം ദാവീദ് കിര്യത്ത്-യെയാരീമിൽനിന്ന് താൻ അതിനായി ഒരുക്കിയിരുന്ന സ്ഥലത്തേക്കു കൊണ്ടുപോന്നു; അവൻ അതിനായി യെരൂശലേമിൽ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു.

2 ദിനവൃത്താന്തം 1:5

ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും അവനോടു പ്രാർഥിച്ചു.

2 ദിനവൃത്താന്തം 1:6

ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്ന് അതിന്മേൽ ആയിരം ഹോമയാഗം കഴിച്ചു.

2 ദിനവൃത്താന്തം 1:7

അന്നു രാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി അവനോട്: ഞാൻ നിനക്ക് എന്തു തരേണം; ചോദിച്ചുകൊൾക എന്നരുളിച്ചെയ്തു.

2 ദിനവൃത്താന്തം 1:8

ശലോമോൻ ദൈവത്തോടു പറഞ്ഞത്: എന്റെ അപ്പനായ ദാവീദിനോടു നീ മഹാദയ കാണിച്ച് അവനു പകരം എന്നെ രാജാവാക്കിയിരിക്കുന്നു.

2 ദിനവൃത്താന്തം 1:9

ആകയാൽ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായി വരുമാറാകട്ടെ; ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിനു നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ.

2 ദിനവൃത്താന്തം 1:10

ആകയാൽ ഈ ജനത്തിനു നായകനായിരിക്കേണ്ടതിന് എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിനു ന്യായപാലനം ചെയ്‍വാൻ ആർക്കു കഴിയും?

2 ദിനവൃത്താന്തം 1:11

അതിനു ദൈവം ശലോമോനോട്: ഇതു നിന്റെ താൽപര്യമായിരിക്കയാലും ധനം, സമ്പത്ത്, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീർഘായുസ്സോ ചോദിക്കാതെ ഞാൻ നിന്നെ രാജാവാക്കിവച്ച എന്റെ ജനത്തിനു ന്യായപാലനം ചെയ്യേണ്ടതിനു ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും

2 ദിനവൃത്താന്തം 1:12

ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആർക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാൻ നിനക്കു തരും എന്ന് അരുളിച്ചെയ്തു.

2 ദിനവൃത്താന്തം 1:13

പിന്നെ ശലോമോൻ ഗിബെയോനിലെ പൂജാഗിരിയിൽനിന്നു, സമാഗമനകൂടാരത്തിന്റെ മുമ്പിൽ നിന്നുതന്നെ, യെരൂശലേമിലേക്കു വന്ന് യിസ്രായേലിൽ വാണു.

2 ദിനവൃത്താന്തം 1:14

ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു; അവന് ആയിരത്തിനാനൂറ് രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചു.

2 ദിനവൃത്താന്തം 1:15

രാജാവ് യെരൂശലേമിൽ പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരു താഴ്വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.

2 ദിനവൃത്താന്തം 1:16

ശലോമോനു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായി വിലയ്ക്കു വാങ്ങിക്കൊണ്ടുവരും.

2 ദിനവൃത്താന്തം 1:17

അവർ മിസ്രയീമിൽനിന്നു രഥമൊന്നിന് അറുനൂറും കുതിര ഒന്നിനു നൂറ്റമ്പതും വെള്ളി ശേക്കെൽ വില കൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെതന്നെ അവർ ഹിത്യരുടെ സകല രാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.