2 ദിനവൃത്താന്തം - 4 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

2 ദിനവൃത്താന്തം 4:1

അവൻ താമ്രംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു.

2 ദിനവൃത്താന്തം 4:2

അവൻ ഒരു വാർപ്പു കടലും ഉണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിനു വക്കോടുവക്ക് പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.

2 ദിനവൃത്താന്തം 4:3

അതിനു കീഴെ ചുറ്റിലും കുമിഴുകൾ മുഴത്തിനു പത്തു വീതം കടലിനെ ചുറ്റിയിരുന്നു. അതു വാർത്തപ്പോൾ തന്നെ കുമിഴുകളും രണ്ട് നിരയായി വാർത്തുണ്ടാക്കിയിരുന്നു.

2 ദിനവൃത്താന്തം 4:4

അതു പന്ത്രണ്ട് കാളയുടെ പുറത്തുവച്ചിരുന്നു: മൂന്നു വടക്കോട്ടും മൂന്നു പടിഞ്ഞാറോട്ടും മൂന്നു തെക്കോട്ടും മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു. കടൽ അവയുടെ പുറത്തു വച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ട് ആയിരുന്നു.

2 ദിനവൃത്താന്തം 4:5

അതിന്റെ കനം നാല് അംഗുലവും അതിന്റെ വക്ക് പാനപാത്രത്തിന്റെ വക്കുപോലെയും വിടർന്ന താമരപ്പൂപോലെയും ആയിരുന്നു; അതിൽ മൂവായിരം ബത്ത് വെള്ളംകൊള്ളും.

2 ദിനവൃത്താന്തം 4:6

അവൻ പത്തു തൊട്ടിയും ഉണ്ടാക്കി; കഴുകുന്ന ആവശ്യത്തിലേക്ക് അഞ്ചു വലത്തുഭാഗത്തും അഞ്ച് ഇടത്തുഭാഗത്തും വച്ചു. ഹോമയാഗത്തിനുള്ള സാധനങ്ങളെ അവർ അവയിൽ കഴുകും; കടലോ പുരോഹിതന്മാർക്കു കഴുകുവാനുള്ളതായിരുന്നു.

2 ദിനവൃത്താന്തം 4:7

അവൻ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി വച്ചു.

2 ദിനവൃത്താന്തം 4:8

അവൻ പത്തു മേശയും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി വച്ചു; അവൻ പൊന്നുകൊണ്ടു നൂറ് കലശവും ഉണ്ടാക്കി.

2 ദിനവൃത്താന്തം 4:9

അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിനു വാതിലുകളും ഉണ്ടാക്കി, കതക് താമ്രംകൊണ്ടു പൊതിഞ്ഞു.

2 ദിനവൃത്താന്തം 4:10

അവൻ കടലിനെ വലത്തുഭാഗത്തു തെക്കുകിഴക്കായിട്ടു വച്ചു.

2 ദിനവൃത്താന്തം 4:11

ഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിനുവേണ്ടി ചെയ്ത പണി തീർത്തു.

2 ദിനവൃത്താന്തം 4:12

സ്തംഭങ്ങൾ, രണ്ടു സ്തംഭങ്ങളുടെ തലയ്ക്കലുള്ള ഗോളാകാരമായ പോതികകൾ, സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാൻ രണ്ടു വലപ്പണി,

2 ദിനവൃത്താന്തം 4:13

സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ രണ്ടു ഗോളങ്ങളെ മൂടുന്ന ഓരോ വലപ്പണിയിൽ ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറ് മാതളപ്പഴം,

2 ദിനവൃത്താന്തം 4:14

പീഠങ്ങൾ, പീഠങ്ങളിന്മേൽ തൊട്ടികൾ,

2 ദിനവൃത്താന്തം 4:15

കടൽ, അതിനു കീഴെ പന്ത്രണ്ട് കാള,

2 ദിനവൃത്താന്തം 4:16

കലങ്ങൾ, ചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവിന് ഉണ്ടാക്കിക്കൊടുത്തു.

2 ദിനവൃത്താന്തം 4:17

യോർദ്ദാൻസമഭൂമിയിൽ സുക്കോത്തിനും സെരേദാഥയ്ക്കും മധ്യേ കളിമണ്ണുള്ള നിലത്തുവച്ചു രാജാവ് അവയെ വാർപ്പിച്ചു.

2 ദിനവൃത്താന്തം 4:18

ഇങ്ങനെ ശലോമോൻ ഈ ഉപകരണങ്ങളൊക്കെയും ധാരാളമായി ഉണ്ടാക്കി; താമ്രത്തിന്റെ തൂക്കത്തിന് നിശ്ചയമില്ലായിരുന്നു.

2 ദിനവൃത്താന്തം 4:19

ശലോമോൻ ദൈവാലയത്തിലെ ഉപകരണങ്ങളൊക്കെയും പൊന്നുകൊണ്ടുള്ള പീഠവും കാഴ്ചയപ്പം വയ്ക്കുന്ന മേശകളും

2 ദിനവൃത്താന്തം 4:20

അന്തർമന്ദിരത്തിനു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിനു നിർമ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ട്,

2 ദിനവൃത്താന്തം 4:21

സാക്ഷാൽ നിർമ്മലമായ തങ്കംകൊണ്ടുതന്നെ, പുഷ്പങ്ങളും ദീപങ്ങളും ചവണകളും

2 ദിനവൃത്താന്തം 4:22

തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തെ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ട് ആയിരുന്നു.