2 ദിനവൃത്താന്തം - 21 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 20 വരെ

2 ദിനവൃത്താന്തം 21:1

യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവനു പകരം രാജാവായി.

2 ദിനവൃത്താന്തം 21:2

അവനു യെഹോശാഫാത്തിന്റെ പുത്രന്മാരായി അസര്യാവ്, യെഹീയേൽ, സെഖര്യാവ്, അസര്യാവ്, മീഖായേൽ, ശെഫത്യാവ് എന്നീ സഹോദരന്മാർ ഉണ്ടായിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാർ.

2 ദിനവൃത്താന്തം 21:3

അവരുടെ അപ്പൻ അവർക്കു വെള്ളിയും പൊന്നും വിശേഷവസ്തുക്കളുമായ വലിയ ദാനങ്ങളും യെഹൂദായിൽ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാൽ യെഹോരാം ആദ്യജാതനായിരിക്കയാൽ രാജത്വം അവനു കൊടുത്തു.

2 ദിനവൃത്താന്തം 21:4

യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നെത്താൻ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെയൊക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു.

2 ദിനവൃത്താന്തം 21:5

യെഹോരാം വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.

2 ദിനവൃത്താന്തം 21:6

ആഹാബ്ഗൃഹം ചെയ്തതുപോലെ അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവനു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.

2 ദിനവൃത്താന്തം 21:7

എന്നാൽ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമം നിമിത്തവും അവനും അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്ക നിമിത്തവും ദാവീദ്ഗൃഹത്തെ നശിപ്പിപ്പാൻ അവനു മനസ്സില്ലായിരുന്നു.

2 ദിനവൃത്താന്തം 21:8

അവന്റെ കാലത്ത് എദോം യെഹൂദായുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു.

2 ദിനവൃത്താന്തം 21:9

യെഹോരാം തന്റെ പ്രഭുക്കന്മാരോടും സകല രഥങ്ങളോടുംകൂടെ ചെന്ന് രാത്രിയിൽ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും തേരാളികളെയും തോല്പിച്ചുകളഞ്ഞു.

2 ദിനവൃത്താന്തം 21:10

എന്നാൽ എദോം ഇന്നുവരെ യെഹൂദായുടെ മേലധികാരത്തോടു മത്സരിച്ചുനില്ക്കുന്നു; അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് ആ കാലത്തു തന്നെ ലിബ്നായും അവന്റെ മേലധികാരത്തോടു മത്സരിച്ചു.

2 ദിനവൃത്താന്തം 21:11

അവൻ യെഹൂദാപർവതങ്ങളിൽ പൂജാഗിരികളെ ഉണ്ടാക്കി; യെരൂശലേംനിവാസികളെ പരസംഗം ചെയ്യുമാറാക്കി, യെഹൂദായെ തെറ്റിച്ചു കളഞ്ഞു.

2 ദിനവൃത്താന്തം 21:12

അവന് ഏലീയാപ്രവാചകന്റെ പക്കൽനിന്ന് ഒരു എഴുത്തു വന്നതെന്തെന്നാൽ: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാരാജാവായ ആസായുടെ വഴികളിലും നടക്കാതെ

2 ദിനവൃത്താന്തം 21:13

യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടക്കയും ആഹാബ്ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദായെയും യെരൂശലേംനിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും നിന്നെക്കാൾ നല്ലവരായ നിന്റെ പിതൃഭവനത്തിലുള്ള നിന്റെ സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ടു

2 ദിനവൃത്താന്തം 21:14

യഹോവ നിന്റെ ജനത്തെയും നിന്റെ മക്കളെയും നിന്റെ ഭാര്യമാരെയും നിന്റെ സകല വസ്തുവകകളെയും മഹാബാധകൊണ്ടു ബാധിക്കും.

2 ദിനവൃത്താന്തം 21:15

നിനക്കോ ദീനത്താൽ നിന്റെ കുടൽ കാലക്രമേണ പുറത്തു ചാടുംവരെ കുടലിൽ വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും.

2 ദിനവൃത്താന്തം 21:16

യഹോവ ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അറബികളുടെയും മനസ്സ് യെഹോരാമിന്റെ നേരേ ഉണർത്തി;

2 ദിനവൃത്താന്തം 21:17

അവർ യെഹൂദായിലേക്കു വന്ന് അതിനെ ആക്രമിച്ചു രാജധാനിയിൽ കണ്ട സകല വസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ട് അവന്റെ ഇളയമകനായ യെഹോവാഹാസ്സല്ലാതെ ഒരു മകനും അവനു ശേഷിച്ചില്ല.

2 ദിനവൃത്താന്തം 21:18

ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലിൽ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു.

2 ദിനവൃത്താന്തം 21:19

കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ട് ദീനത്താൽ അവന്റെ കുടൽ പുറത്തുചാടി അവൻ കഠിനവ്യാധിയാൽ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവനുവേണ്ടി ദഹനം കഴിച്ചില്ല.

2 ദിനവൃത്താന്തം 21:20

അവൻ വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണ് ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും.