2 ദിനവൃത്താന്തം - 17 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 19 വരെ

2 ദിനവൃത്താന്തം 17:1

അവന്റെ മകനായ യെഹോശാഫാത്ത് അവനു പകരം രാജാവായി; അവൻ യിസ്രായേലിനെതിരേ പ്രബലനായിത്തീർന്നു.

2 ദിനവൃത്താന്തം 17:2

അവൻ യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവൽപട്ടാളങ്ങളെയും ആക്കി.

2 ദിനവൃത്താന്തം 17:3

യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ

2 ദിനവൃത്താന്തം 17:4

തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ട് യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.

2 ദിനവൃത്താന്തം 17:5

യഹോവ അവന് രാജത്വം ഉറപ്പിച്ചുകൊടുത്തു; എല്ലാ യെഹൂദായും യെഹോശാഫാത്തിനു കാഴ്ച കൊണ്ടുവന്നു; അവനു ധനവും മാനവും വളരെ ഉണ്ടായി.

2 ദിനവൃത്താന്തം 17:6

അവന്റെ ഹൃദയം യഹോവയുടെ വഴികളിൽ ധൈര്യപ്പെട്ടിട്ട് അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദായിൽനിന്നു നീക്കിക്കളഞ്ഞു.

2 ദിനവൃത്താന്തം 17:7

അവൻ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാനഗരങ്ങളിൽ ഉപദേശിപ്പാനായിട്ട് ബെൻ-ഹയീൽ, ഓബദ്യാവ്, സെഖര്യാവ്, നെഥനയേൽ, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും

2 ദിനവൃത്താന്തം 17:8

അവരോടുകൂടെ ശെമയ്യാവ്, നെഥന്യാവ്, സെബദ്യാവ്, അസായേൽ, ശെമീരാമോത്ത്, യെഹോനാഥാൻ, അദോനീയാവ്, തോബീയാവ്, തോബ്-അഥോനീയാവ് എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു.

2 ദിനവൃത്താന്തം 17:9

അവർ യെഹൂദായിൽ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കൈയിൽ ഉണ്ടായിരുന്നു; അവർ യെഹൂദാനഗരങ്ങളിലൊക്കെയും സഞ്ചരിച്ചു ജനത്തെ ഉപദേശിച്ചു.

2 ദിനവൃത്താന്തം 17:10

യഹോവയിങ്കൽനിന്ന് ഒരു ഭീതി യെഹൂദായ്ക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകല രാജ്യങ്ങളിന്മേലും വീണിരുന്നതുകൊണ്ട് അവർ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല.

2 ദിനവൃത്താന്തം 17:11

ഫെലിസ്ത്യരിലും ചിലർ യെഹോശാഫാത്തിനു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന് ഏഴായിരത്തി എഴുനൂറ് ആട്ടുകൊറ്റനും ഏഴായിരത്തി എഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിൻകൂട്ടത്തെ കൊണ്ടുവന്നു.

2 ദിനവൃത്താന്തം 17:12

യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായിത്തീർന്നു, യെഹൂദായിൽ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു.

2 ദിനവൃത്താന്തം 17:13

അവനു യെഹൂദാനഗരങ്ങളിൽ വളരെ പ്രവൃത്തി ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കൾ യെരൂശലേമിൽ ഉണ്ടായിരുന്നു.

2 ദിനവൃത്താന്തം 17:14

പിതൃഭവനം പിതൃഭവനമായുള്ള അവരുടെ എണ്ണമാവിത്: യെഹൂദായുടെ സഹസ്രാധിപന്മാർ: അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികൾ;

2 ദിനവൃത്താന്തം 17:15

അവന്റെ ശേഷം യെഹോഹാനാൻപ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെൺപതിനായിരം പേർ;

2 ദിനവൃത്താന്തം 17:16

അവന്റെ ശേഷം തന്നെത്താൻ മനഃപൂർവമായി യഹോവയ്ക്കു ഭരമേല്പിച്ചവനായ സിക്രിയുടെ മകൻ അമസ്യാവ്, അവനോടുകൂടെ രണ്ടുലക്ഷം പരാക്രമശാലികൾ;

2 ദിനവൃത്താന്തം 17:17

ബെന്യാമീനിൽനിന്നു പരാക്രമശാലിയായ എല്യാദാ, അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷം പേർ;

2 ദിനവൃത്താന്തം 17:18

അവന്റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ഒരു ലക്ഷത്തെൺപതിനായിരം പേർ.

2 ദിനവൃത്താന്തം 17:19

രാജാവ് യെഹൂദായിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിൽ ആക്കിയിരുന്നവരെ കൂടാതെ രാജാവിനു സേവചെയ്തുവന്നവർ ഇവർ തന്നെ.