1 ദിനവൃത്താന്തം - 16 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 43 വരെ

1 ദിനവൃത്താന്തം 16:1

ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിനകത്തു വച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.

1 ദിനവൃത്താന്തം 16:2

ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചു തീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.

1 ദിനവൃത്താന്തം 16:3

അവൻ യിസ്രായേലിൽ ഓരോ പുരുഷനും സ്ത്രീക്കും ആളൊന്നിന് ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടയും വീതം വിഭാഗിച്ചുകൊടുത്തു.

1 ദിനവൃത്താന്തം 16:4

അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.

1 ദിനവൃത്താന്തം 16:5

ആസാഫ് തലവൻ; രണ്ടാമൻ സെഖര്യാവ്; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.

1 ദിനവൃത്താന്തം 16:6

പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതി.

1 ദിനവൃത്താന്തം 16:7

അന്ന്, ആ ദിവസംതന്നെ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവയ്ക്ക് സ്തോത്രം ചെയ്യേണ്ടതിന് ആദ്യം നിയമിച്ചതെന്തെന്നാൽ:

1 ദിനവൃത്താന്തം 16:8

യഹോവയ്ക്കു സ്തോത്രം ചെയ്ത്; അവന്റെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ;

1 ദിനവൃത്താന്തം 16:9

അവനു പാടി കീർത്തനം ചെയ്‍വിൻ; അവന്റെ അദ്ഭുതങ്ങളെയൊക്കെയും വർണിപ്പിൻ.

1 ദിനവൃത്താന്തം 16:10

അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.

1 ദിനവൃത്താന്തം 16:11

യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.

1 ദിനവൃത്താന്തം 16:12

അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,

1 ദിനവൃത്താന്തം 16:13

അവൻ ചെയ്ത അദ്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ.

1 ദിനവൃത്താന്തം 16:14

അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികൾ സർവഭൂമിയിലുമുണ്ട്.

1 ദിനവൃത്താന്തം 16:15

അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഓർത്തു കൊൾവിൻ.

1 ദിനവൃത്താന്തം 16:16

അബ്രാഹാമിനോടു അവൻ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ.

1 ദിനവൃത്താന്തം 16:17

അതിനെ അവൻ യാക്കോബിന് ഒരു പ്രമാണമായും യിസ്രായേലിനൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.

1 ദിനവൃത്താന്തം 16:18

ഞാൻ നിനക്ക് അവകാശമായി കനാൻദേശത്തെ തരും എന്നു കല്പിച്ചു.

1 ദിനവൃത്താന്തം 16:19

നിങ്ങൾ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും

1 ദിനവൃത്താന്തം 16:20

അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും

1 ദിനവൃത്താന്തം 16:21

ആരും അവരെ പീഡിപ്പിപ്പാൻ അവൻ സമ്മതിച്ചില്ല; അവർ നിമിത്തം രാജാക്കന്മാരെയും ശാസിച്ചത്:

1 ദിനവൃത്താന്തം 16:22

എന്റെ അഭിഷിക്തന്മാരെ തൊടരുത്; എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുത്.

1 ദിനവൃത്താന്തം 16:23

സർവഭൂവാസികളേ, യഹോവയ്ക്കു പാടുവിൻ; നാൾക്കുനാൾ അവന്റെ രക്ഷയെ പ്രസ്താവിപ്പിൻ.

1 ദിനവൃത്താന്തം 16:24

ജാതികളുടെ നടുവിൽ അവന്റെ മഹത്ത്വവും സർവവംശങ്ങളുടെയും മധ്യേ അവന്റെ അദ്ഭുതങ്ങളും കഥിപ്പിൻ.

1 ദിനവൃത്താന്തം 16:25

യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവദേവന്മാരിലും അതിഭയങ്കരനുമല്ലോ.

1 ദിനവൃത്താന്തം 16:26

ജാതികളുടെ സകല ദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമച്ചവൻ.

1 ദിനവൃത്താന്തം 16:27

യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ട്.

1 ദിനവൃത്താന്തം 16:28

ജാതികളുടെ കുലങ്ങളേ, യഹോവയ്ക്കു കൊടുപ്പിൻ;

1 ദിനവൃത്താന്തം 16:29

യഹോവയ്ക്ക് അവന്റെ നാമത്തിന്റെ മഹത്ത്വം കൊടുപ്പിൻ; കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.

1 ദിനവൃത്താന്തം 16:30

സർവഭൂമിയേ, അവന്റെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലുങ്ങാതവണ്ണം സ്ഥാപിതമാകുന്നു.

1 ദിനവൃത്താന്തം 16:31

സ്വർഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മധ്യേ ഘോഷിക്കട്ടെ.

1 ദിനവൃത്താന്തം 16:32

സമുദ്രവും അതിന്റെ പൂർണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.

1 ദിനവൃത്താന്തം 16:33

അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നുവല്ലോ.

1 ദിനവൃത്താന്തം 16:34

യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.

1 ദിനവൃത്താന്തം 16:35

ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിൻ.

1 ദിനവൃത്താന്തം 16:36

യിസ്രായേലിൻദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകല ജനവും ആമേൻ എന്നു പറഞ്ഞ് യഹോവയെ സ്തുതിച്ചു.

1 ദിനവൃത്താന്തം 16:37

ഇങ്ങനെ പെട്ടകത്തിന്റെ മുമ്പിൽ ദിവസം പ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന് ആസാഫിനെയും

1 ദിനവൃത്താന്തം 16:38

അവന്റെ സഹോദരന്മാരെയും ഓബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടു പേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതിൽക്കാവല്ക്കാരായും നിർത്തി.

1 ദിനവൃത്താന്തം 16:39

പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള

1 ദിനവൃത്താന്തം 16:40

അവന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവയ്ക്ക് ഹോമയാഗം കഴിപ്പാനും

1 ദിനവൃത്താന്തം 16:41

അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായ പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളത് എന്നിങ്ങനെ യഹോവയ്ക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.

1 ദിനവൃത്താന്തം 16:42

അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിനായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിനു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാർ വാതിൽക്കാവല്ക്കാർ ആയിരുന്നു;

1 ദിനവൃത്താന്തം 16:43

പിന്നെ സർവജനവും ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.