1 ദിനവൃത്താന്തം - 15 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 29 വരെ

1 ദിനവൃത്താന്തം 15:1

അവൻ തനിക്ക് ദാവീദിന്റെ നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിനായി ഒരു സ്ഥലം ഒരുക്കി, അതിന് ഒരു കൂടാരവും അടിച്ചു.

1 ദിനവൃത്താന്തം 15:2

അന്നു ദാവീദ്: ലേവ്യരല്ലാതെ ആരും ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടതല്ല; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമപ്പാനും തനിക്ക് എന്നും ശുശ്രൂഷ ചെയ്‍വാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നത് എന്നു പറഞ്ഞു.

1 ദിനവൃത്താന്തം 15:3

അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താൻ അതിന് ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാൻ എല്ലാ യിസ്രായേലിനെയും യെരൂശലേമിൽ കൂട്ടിവരുത്തി.

1 ദിനവൃത്താന്തം 15:4

ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി.

1 ദിനവൃത്താന്തം 15:5

കെഹാത്യരിൽ പ്രധാനിയായ ഊരീയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റി ഇരുപതു പേരെയും

1 ദിനവൃത്താന്തം 15:6

മെരാര്യരിൽ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റി ഇരുപതു പേരെയും

1 ദിനവൃത്താന്തം 15:7

ഗേർശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പത് പേരെയും

1 ദിനവൃത്താന്തം 15:8

എലീസാഫാന്യരിൽ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറു പേരെയും

1 ദിനവൃത്താന്തം 15:9

ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എൺപതു പേരെയും

1 ദിനവൃത്താന്തം 15:10

ഉസ്സീയേല്യരിൽ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടു പേരെയും തന്നെ.

1 ദിനവൃത്താന്തം 15:11

ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേൽ, അസായാവ്, യോവേൽ, ശെമയ്യാവ്, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ച് അവരോടു പറഞ്ഞത്:

1 ദിനവൃത്താന്തം 15:12

നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാൻ അതിന് ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാൻ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചുകൊൾവിൻ.

1 ദിനവൃത്താന്തം 15:13

ആദിയിൽ നിങ്ങൾ തന്നെ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചത്.

1 ദിനവൃത്താന്തം 15:14

അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാൻ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു.

1 ദിനവൃത്താന്തം 15:15

ലേവ്യരുടെ പുത്രന്മാർ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിൽ കൊണ്ടു ചുമന്നു.

1 ദിനവൃത്താന്തം 15:16

പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ ധ്വനിപ്പിക്കേണ്ടതിനു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാൻ കല്പിച്ചു.

1 ദിനവൃത്താന്തം 15:17

അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരിൽ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്യരിൽ കൂശായാവിന്റെ മകനായ ഏഥാനെയും

1 ദിനവൃത്താന്തം 15:18

അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്യാവ്, ബേൻ, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവ്, മയസേയാവ്, മത്ഥിഥ്യാവ്, എലീഫെലേഹൂ, മിക്നേയാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വാതിൽക്കാവല്ക്കാരായും നിയമിച്ചു.

1 ദിനവൃത്താന്തം 15:19

സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും

1 ദിനവൃത്താന്തം 15:20

സെഖര്യാവ്, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവ്, ബെനായാവ് എന്നിവർ അലാമോത്ത് രാഗത്തിൽ വീണകളെയും ധ്വനിപ്പിപ്പാനും

1 ദിനവൃത്താന്തം 15:21

മത്ഥിഥ്യാവ്, എലീഫേലേഹൂ, മിക്നേയാവ്, ഓബേദ്-എദോം, യെയീയേൽ, അസസ്യാവ് എന്നിവർ ശെമീനീത്ത്‍രാഗത്തിൽ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു.

1 ദിനവൃത്താന്തം 15:22

വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവ് പെട്ടകം വഹിക്കുന്നതിനു മേൽവിചാരകനായിരുന്നു; അവൻ അതിൽ സമർഥനായിരുന്നു.

1 ദിനവൃത്താന്തം 15:23

ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിനു വാതിൽക്കാവല്ക്കാർ ആയിരുന്നു.

1 ദിനവൃത്താന്തം 15:24

ശെബന്യാവ്, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാവ്, ബെനായാവ്, എലെയാസാർ എന്നീ പുരോഹിതന്മാർ ദൈവത്തിന്റെ പെട്ടകത്തിനു മുമ്പിൽ കാഹളം ഊതി; ഓബേദ്-എദോമും യെഹീയാവും പെട്ടകത്തിനു വാതിൽക്കാവല്ക്കാർ ആയിരുന്നു.

1 ദിനവൃത്താന്തം 15:25

ഇങ്ങനെ ദാവീദും യിസ്രായേൽമൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽനിന്നു സന്തോഷത്തോടെ കൊണ്ടുവരുവാൻ പോയി.

1 ദിനവൃത്താന്തം 15:26

യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യർക്കു ദൈവം സഹായിച്ചതുകൊണ്ട് അവർ ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും യാഗം കഴിച്ചു.

1 ദിനവൃത്താന്തം 15:27

ദാവീദും പെട്ടകവാഹകന്മാരായ ലേവ്യരൊക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടംകൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണംകൊണ്ടുള്ള ഏഫോദ് ധരിച്ചു.

1 ദിനവൃത്താന്തം 15:28

അങ്ങനെ യിസ്രായേലൊക്കെയും ആർപ്പോടും കാഹളനാദത്തോടും തൂര്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടും കൂടി കിന്നരവും വീണയും വായിച്ചുകൊണ്ട് യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.

1 ദിനവൃത്താന്തം 15:29

എന്നാൽ യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തിൽ എത്തിയപ്പോൾ ശൗലിന്റെ മകളായ മീഖൾ കിളിവാതിലിൽക്കൂടി നോക്കി, ദാവീദ്‍രാജാവ് നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തിൽ അവനെ നിന്ദിച്ചു.