യിസ്രായേലിന്റെ പുത്രന്മാരാവിത്: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ,
ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.
യെഹൂദായുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ; ഇവർ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയിൽനിന്ന് അവനു ജനിച്ചു. യെഹൂദായുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് അവൻ അവനെ കൊന്നു.
അവന്റെ മരുമകൾ താമാർ അവനു പേരെസിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദായുടെ പുത്രന്മാർ ആകെ അഞ്ചു പേർ.
പേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.
സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കല്ക്കോൽ, ദാരാ; ഇങ്ങനെ അഞ്ചു പേർ.
കർമ്മിയുടെ പുത്രൻ: ശപഥാർപ്പിതവസ്തുവിൽ അകൃത്യം ചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ തന്നെ.
ഏഥാന്റെ പുത്രൻ: അസര്യാവ്.
ഹെസ്രോനു ജനിച്ച പുത്രന്മാർ: യെരഹ്‍മയേൽ, രാം, കെലൂബായി.
രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കൾക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.
നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മബോവസിനെ ജനിപ്പിച്ചു.
ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു.
യിശ്ശായി തന്റെ ആദ്യജാതൻ എലിയാബിനെയും രണ്ടാമൻ അബീനാദാബിനെയും മൂന്നാമൻ ശിമെയയെയും
നാലാമൻ നഥനയേലിനെയും അഞ്ചാമൻ രദ്ദായിയെയും
ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു.
അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നു പേർ.
അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിശ്മായേല്യനായ യേഥെർ ആയിരുന്നു.
ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാര്യയായ അസൂബായിലും യെരിയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അർദ്ദോൻ.
അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവനു ഹൂരിനെ പ്രസവിച്ചു.
ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.
അതിന്റെ ശേഷം ഹെസ്രോൻ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കൽ ചെന്ന് അവളെ വിവാഹം ചെയ്തപ്പോൾ അവന് അറുപതു വയസ്സായിരുന്നു. അവൾ അവന് സെഗൂബിനെ പ്രസവിച്ചു.
സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവനു ഗിലെയാദു ദേശത്ത് ഇരുപത്തിമൂന്ന് പട്ടണം ഉണ്ടായിരുന്നു.
എന്നാൽ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കൈയിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ പുത്രന്മാരായിരുന്നു.
ഹെസ്രോൻ കാലേബ് -എഫ്രാത്തയിൽവച്ചു മരിച്ചശേഷം ഹെസ്രോന്റെ ഭാര്യ അബീയാ അവനു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.
ഹെസ്രോന്റെ ആദ്യജാതനായ യെരഹ്‍മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്.
യെരഹ്‍മയേലിനു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവൾക്ക് അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ.
യെരഹ്‍മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ.
ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബീശൂർ.
അബീശൂരിന്റെ ഭാര്യക്ക് അബീഹയീൽ എന്നു പേർ; അവൾ അവന് അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു.
നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.
അപ്പയീമിന്റെ പുത്രന്മാർ: യിശി. യിശിയുടെ പുത്രന്മാർ: ശേശാൻ. ശേശാന്റെ പുത്രന്മാർ: അഹനുയീം.
ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു.
യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്‍മയേലിന്റെ പുത്രന്മാർ.
ശേശാനു പുത്രിമാരല്ലാതെ പുത്രന്മാരില്ലായിരുന്നു. ശേശാനു മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവനു യർഹാ എന്നു പേർ.
ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹായ്ക്കു ഭാര്യയായി കൊടുത്തു; അവൾ അവന് അത്ഥായിയെ പ്രസവിച്ചു.
അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു;
സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു;
എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു;
അസര്യാവ് ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;
എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;
ശല്ലും യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവ് എലീശാമായെ ജനിപ്പിച്ചു.
യെരഹ്‍മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.
ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.
ശേമാ യൊർക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബേത്ത്-സൂറിന്റെ അപ്പനായിരുന്നു.
കാലേബിന്റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു.
യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്.
കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിർഹനയെയും പ്രസവിച്ചു.
അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മഗ്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു.
ഇവരത്രേ കാലേബിന്റെ പുത്രന്മാർ. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാൽ,
ബേത്‍ലഹേമിന്റെ അപ്പനായ ശല്മ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്.
കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിനു പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ പാതി.
കിര്യത്ത്-യെയാരീമിന്റെ കുലങ്ങളാവിത്: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്നു സൊരാത്യരും എസ്താവോല്യരും ഉദ്ഭവിച്ചു.
ശല്മയുടെ പുത്രന്മാർ: ബേത്‍ലഹേം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ പാതി സൊര്യർ.
യബ്ബേസിൽ പാർത്തുവന്ന ശാസ്ത്രിമാരുടെ കുലങ്ങളാവിത്: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ്ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുദ്ഭവിച്ച കേന്യരാകുന്നു.