2 രാജാക്കന്മാർ - 25 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 30 വരെ

2 രാജാക്കന്മാർ 25:1

അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തീയതി ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സർവസൈന്യവുമായി യെരൂശലേമിന്റെ നേരേ വന്നു പാളയം ഇറങ്ങി; അതിനെതിരേ ചുറ്റും വാടകോരി.

2 രാജാക്കന്മാർ 25:2

സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.

2 രാജാക്കന്മാർ 25:3

നാലാം മാസം ഒമ്പതാം തീയതി നഗരത്തിൽ ക്ഷാമം കലശലായി ദേശത്തെ ജനത്തിന് ആഹാരം ഇല്ലാതെപോയി.

2 രാജാക്കന്മാർ 25:4

അപ്പോൾ നഗരമതിൽ ഒരിടം പൊളിച്ച്, കൽദയർ നഗരം വളഞ്ഞിരിക്കെ, പടയാളികളൊക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിനരികെ രണ്ടു മതിലുകൾക്കും മധ്യേയുള്ള പടിവാതിൽവഴിയായി ഓടിപ്പോയി; രാജാവും അരാബായിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി.

2 രാജാക്കന്മാർ 25:5

എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യെരീഹോസമഭൂമിയിൽവച്ച് അവനോട് എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി.

2 രാജാക്കന്മാർ 25:6

അവർ രാജാവിനെ പിടിച്ചു രിബ്ലായിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവർ അവനു വിധി കല്പിച്ചു.

2 രാജാക്കന്മാർ 25:7

അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; സിദെക്കീയാവിന്റെ കണ്ണ് പൊട്ടിച്ചിട്ട് രണ്ടു ചങ്ങലകൊണ്ട് അവനെ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി.

2 രാജാക്കന്മാർ 25:8

അഞ്ചാം മാസം ഏഴാം തീയതി, നെബൂഖദ്നേസർരാജാവെന്ന ബാബേൽരാജാവിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നെ, ബാബേൽരാജാവിന്റെ ഭൃത്യനായി അകമ്പടിനായകനായ നെബൂസരദാൻ യെരൂശലേമിൽ വന്നു.

2 രാജാക്കന്മാർ 25:9

അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും അവൻ തീവച്ചു ചുട്ടുകളഞ്ഞു.

2 രാജാക്കന്മാർ 25:10

അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു.

2 രാജാക്കന്മാർ 25:11

നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേൽരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാൻ കൊണ്ടുപോയി.

2 രാജാക്കന്മാർ 25:12

എന്നാൽ അകമ്പടിനായകൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചുപോയി.

2 രാജാക്കന്മാർ 25:13

യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടച്ചുകളഞ്ഞ് അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി.

2 രാജാക്കന്മാർ 25:14

കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷയ്ക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവർ എടുത്തു കൊണ്ടുപോയി.

2 രാജാക്കന്മാർ 25:15

തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയുംകൊണ്ടുള്ളതൊക്കെയും അകമ്പടിനായകൻ കൊണ്ടുപോയി.

2 രാജാക്കന്മാർ 25:16

ശലോമോൻ യഹോവയുടെ ആലയത്തിനുവേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭം, ഒരു കടൽ, പീഠങ്ങൾ എന്നിങ്ങനെയുള്ള സകല ഉപകരണങ്ങളുടെയും താമ്രത്തിനു തൂക്കമില്ലാതെയിരുന്നു.

2 രാജാക്കന്മാർ 25:17

ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള പോതിക താമ്രംകൊണ്ട് ആയിരുന്നു; പോതികയുടെ ഉയരം മൂന്നു മുഴം; പോതികയുടെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റേ സ്തംഭത്തിനും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.

2 രാജാക്കന്മാർ 25:18

അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്ന് ഉമ്മരപ്പടിക്കാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി.

2 രാജാക്കന്മാർ 25:19

നഗരത്തിൽനിന്ന് അവൻ യോദ്ധാക്കളുടെ മേൽവിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവച്ചു കണ്ടെത്തിയ രാജപരിചാരകന്മാരിൽ അഞ്ചു പേരെയും ദേശത്തെ ജനത്തെ പടയ്ക്കു സ്വരൂപിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തിൽ കണ്ട ദേശത്തെ ജനത്തിൽ അറുപതു പേരെയും പിടിച്ചു കൊണ്ടുപോയി.

2 രാജാക്കന്മാർ 25:20

ഇവരെ അകമ്പടിനായകനായ നെബൂസരദാൻ പിടിച്ച് രിബ്ലായിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.

2 രാജാക്കന്മാർ 25:21

ബാബേൽരാജാവ് ഹമാത്ത്ദേശത്തിലെ രിബ്ലായിൽവച്ച് അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടുപോകേണ്ടിവന്നു.

2 രാജാക്കന്മാർ 25:22

ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്ത് ശേഷിപ്പിച്ചുവച്ച ജനത്തിന് ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ അധിപതിയാക്കി.

2 രാജാക്കന്മാർ 25:23

ബാബേൽരാജാവ് ഗെദല്യാവെ അധിപതിയാക്കി എന്നു നെഥന്യാവിന്റെ മകൻ യിശ്മായേൽ, കാരേഹിന്റെ മകൻ യോഹാനാൻ, നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ സെരായ്യാവ്, മാഖാത്യന്റെ മകൻ യാസന്യാവ് എന്നിങ്ങനെ സകല സേനാപതികളും അവരുടെ ആളുകളും കേട്ടപ്പോൾ അവർ മിസ്പായിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു.

2 രാജാക്കന്മാർ 25:24

ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യം ചെയ്ത് അവരോട്: നിങ്ങൾ കൽദയരുടെ ദാസന്മാർ നിമിത്തം ഭയപ്പെടരുത്; ദേശത്തു പാർത്തു ബാബേൽരാജാവിനെ സേവിപ്പിൻ; അതു നിങ്ങൾക്കു നന്മയായിരിക്കും.

2 രാജാക്കന്മാർ 25:25

എന്നാൽ ഏഴാം മാസത്തിൽ രാജവംശക്കാരനായ എലീശായുടെ മകനായ നെഥന്യാവിന്റെ മകനായ യിശ്മായേൽ പത്ത് ആളുമായി വന്നു ഗെദല്യാവെയും അവനോടുകൂടെ മിസ്പായിൽ ഉണ്ടായിരുന്ന യെഹൂദ്യരെയും കൽദയരെയും വെട്ടിക്കൊന്നു.

2 രാജാക്കന്മാർ 25:26

അപ്പോൾ ആബാലവൃദ്ധം ജനമൊക്കെയും സേനാപതിമാരും കൽദയരെ ഭയപ്പെടുകയാൽ എഴുന്നേറ്റു പുറപ്പെട്ട് മിസ്രയീമിലേക്കു പോയി.

2 രാജാക്കന്മാർ 25:27

യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തേഴാം തീയതി ബാബേൽരാജാവായ എവീൽ-മെരോദക് താൻ രാജാവായ ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്നു വിടുവിച്ച്

2 രാജാക്കന്മാർ 25:28

അവനോട് ആദരവായി സംസാരിച്ച് അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങൾക്കു മേലായിവച്ചു.

2 രാജാക്കന്മാർ 25:29

അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവൻ ജീവപര്യന്തം നിത്യം അവന്റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.

2 രാജാക്കന്മാർ 25:30

അവന്റെ അഹോവൃത്തിയോ, രാജാവ് അവന് അവന്റെ മരണദിവസം വരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്ക് ദിവസംപ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.