2 രാജാക്കന്മാർ - 8 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 29 വരെ

2 രാജാക്കന്മാർ 8:1

അനന്തരം എലീശാ താൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോട്: നീയും നിന്റെ ഭവനവും പുറപ്പെട്ട് എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊൾവിൻ; യഹോവ ഒരു ക്ഷാമം വരുത്തുവാൻ പോകുന്നു; അത് ഏഴുസംവത്സരം ദേശത്ത് ഉണ്ടായിരിക്കും എന്നു പറഞ്ഞു.

2 രാജാക്കന്മാർ 8:2

ആ സ്ത്രീ എഴുന്നേറ്റ് ദൈവപുരുഷൻ പറഞ്ഞതുപോലെ ചെയ്തു; അവളും ഭവനവും ഫെലിസ്ത്യദേശത്തു പോയി ഏഴു സംവത്സരം പരദേശവാസം ചെയ്തു.

2 രാജാക്കന്മാർ 8:3

ഏഴു സംവത്സരംകഴിഞ്ഞിട്ട് അവൾ ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവൾ തന്റെ വീടും നിലവും സംബന്ധിച്ച് രാജാവിനോടു സങ്കടം ബോധിപ്പിപ്പാൻ ചെന്നു.

2 രാജാക്കന്മാർ 8:4

അന്നേരം രാജാവ് ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയിൽ എലീശാ ചെയ്ത വൻകാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചു പറക എന്നുകല്പിച്ചു.

2 രാജാക്കന്മാർ 8:5

മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവൻ രാജാവിനെ കേൾപ്പിക്കുമ്പോൾതന്നെ അവൻ മകനെ ജീവിപ്പിച്ചു കൊടുത്തിരുന്ന സ്ത്രീവന്നു തന്റെ വീടും നിലവും സംബന്ധിച്ച് രാജാവിനോട് സങ്കടം ബോധിപ്പിച്ചു. അപ്പോൾ ഗേഹസി: യജമാനനായ രാജാവേ, ഇവൾതന്നെ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകൻ ഇവൻതന്നെ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 8:6

രാജാവ് സ്ത്രീയോടു ചോദിച്ചപ്പോൾ അവളും അതു വിവരിച്ചു പറഞ്ഞു. രാജാവ് ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: അവൾക്കുണ്ടായിരുന്നതൊക്കെയും അവൾ ദേശം വിട്ടുപോയ നാൾമുതൽ ഇതുവരെയുള്ള നിലത്തിന്റെ ആദായവും അവൾക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു.

2 രാജാക്കന്മാർ 8:7

അനന്തരം എലീശാ ദമ്മേശെക്കിൽ ചെന്നു; അന്ന് അരാംരാജാവായ ബെൻ-ഹദദ് ദീനം പിടിച്ചു കിടക്കയായിരുന്നു; ദൈവപുരുഷൻ വന്നിട്ടുണ്ട് എന്ന് അവന് അറിവുകിട്ടി.

2 രാജാക്കന്മാർ 8:8

രാജാവ് ഹസായേലിനോട്: ഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ട്: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്ന് അവൻ മുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.

2 രാജാക്കന്മാർ 8:9

അങ്ങനെ ഹസായേൽ ദമ്മേശെക്കിലെ വിശേഷവസ്തുക്കളിൽനിന്നൊക്കെയും എടുത്തു നാല്പത് ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ട് അവന്റെ മുമ്പിൽ നിന്നു: നിന്റെ മകൻ അരാംരാജാവായ ബെൻ-ഹദദ് എന്നെ നിന്റെ അടുക്കൽ അയച്ചു: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 8:10

അതിന് എലീശാ: നീ ചെന്ന് അവനോട്: നിനക്കു നിശ്ചയമായിട്ടു സൗഖ്യംവരും എന്നു പറക; എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്ന് യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 8:11

പിന്നെ അവനു ലജ്ജ തോന്നുവോളം അവൻ കണ്ണുപറിക്കാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷൻ കരഞ്ഞു.

2 രാജാക്കന്മാർ 8:12

യജമാനൻ കരയുന്നത് എന്ത് എന്നു ഹസായേൽ ചോദിച്ചതിന് അവൻ: നീ യിസ്രായേൽമക്കളോടു ചെയ്‍വാനിരിക്കുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടു തന്നെ; നീ അവരുടെ ദുർഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൗവനക്കാരെ വാൾകൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകർക്കയും അവരുടെ ഗർഭിണികളെ പിളർക്കയും ചെയ്യും എന്നു പറഞ്ഞു.

2 രാജാക്കന്മാർ 8:13

ഈ മഹാകാര്യം ചെയ്‍വാൻ നായായിരിക്കുന്ന അടിയൻ എന്തു മാത്രമുള്ളൂ എന്നു ഹസായേൽ പറഞ്ഞതിന് എലീശാ: നീ അരാമിൽ രാജാവാകും എന്ന് യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 8:14

അവൻ എലീശായെ വിട്ടു പുറപ്പെട്ടു തന്റെ യജമാനന്റെ അടുക്കൽ വന്നപ്പോൾ: എലീശാ നിന്നോട് എന്തു പറഞ്ഞു എന്ന് അവൻ ചോദിച്ചു. നിനക്കു നിശ്ചയമായി സൗഖ്യം വരും എന്ന് അവൻ എന്നോടു പറഞ്ഞു എന്ന് അവൻ ഉത്തരം പറഞ്ഞു.

2 രാജാക്കന്മാർ 8:15

പിറ്റന്നാൾ അവൻ ഒരു കമ്പിളി എടുത്തു വെള്ളത്തിൽ മുക്കി അവന്റെ മുഖത്തിട്ടു; അതിനാൽ അവൻ മരിച്ചുപോയി; ഹസായേൽ അവനു പകരം രാജാവായിത്തീർന്നു.

2 രാജാക്കന്മാർ 8:16

യിസ്രായേൽരാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടിൽ യെഹോശാഫാത്ത് യെഹൂദായിൽ രാജാവായിരിക്കുമ്പോൾത്തന്നെ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാം രാജാവായി.

2 രാജാക്കന്മാർ 8:17

അവൻ വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.

2 രാജാക്കന്മാർ 8:18

ആഹാബിന്റെ മകൾ അവനു ഭാര്യയായിരുന്നതുകൊണ്ട് അവൻ ആഹാബിന്റെ ഗൃഹം ചെയ്തതുപോലെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്ന് യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു.

2 രാജാക്കന്മാർ 8:19

എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോട് അവനും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ട് അവന്റെ നിമിത്തം യെഹൂദായെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.

2 രാജാക്കന്മാർ 8:20

അവന്റെ കാലത്ത് എദോമ്യർ യെഹൂദായുടെ മേലധികാരത്തോടു മത്സരിച്ച് തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു.

2 രാജാക്കന്മാർ 8:21

അപ്പോൾ യെഹോരാം സകല രഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി.

2 രാജാക്കന്മാർ 8:22

അങ്ങനെ എദോമ്യർ യെഹൂദായുടെ മേലധികാരത്തോട് ഇന്നുവരെ മത്സരിച്ചു നില്ക്കുന്നു; ആ കാലത്തുതന്നെ ലിബ്നയും മത്സരിച്ചു.

2 രാജാക്കന്മാർ 8:23

യെഹോരാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 രാജാക്കന്മാർ 8:24

യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു, അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവ് അവനു പകരം രാജാവായി.

2 രാജാക്കന്മാർ 8:25

യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിന്റെ പന്ത്രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് രാജാവായി.

2 രാജാക്കന്മാർ 8:26

അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്ക് അഥല്യാ എന്നു പേർ; അവൾ യിസ്രായേൽരാജാവായ ഒമ്രിയുടെ പൗത്രി ആയിരുന്നു.

2 രാജാക്കന്മാർ 8:27

അവൻ ആഹാബ്ഗൃഹത്തിന്റെ വഴിയിൽ നടന്ന് ആഹാബ്ഗൃഹം ചെയ്തതുപോലെ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; അവൻ ആഹാബിന്റെ ഗൃഹത്തോടു സംബന്ധമുള്ളവൻ ആയിരുന്നുവല്ലോ.

2 രാജാക്കന്മാർ 8:28

അവൻ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്ക് അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‍വാൻ പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.

2 രാജാക്കന്മാർ 8:29

അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമായിൽ വച്ച് അരാമ്യർ തന്നെ വെട്ടിയ മുറിവുകൾക്ക് യിസ്രെയേലിൽവച്ചു ചികിത്സ ചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ട് യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യിസ്രെയേലിൽ അവനെ കാൺമാൻ ചെന്നിരുന്നു.