2 രാജാക്കന്മാർ - 12 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 21 വരെ

2 രാജാക്കന്മാർ 12:1

യേഹൂവിന്റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ച തുടങ്ങി; അവൻ യെരൂശലേമിൽ നാല്പത് സംവത്സരം വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മയ്ക്കു സിബ്യാ എന്നു പേർ.

2 രാജാക്കന്മാർ 12:2

യെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവൻ യഹോവയ്ക്കു ഇഷ്ടമായുള്ളതു ചെയ്തു.

2 രാജാക്കന്മാർ 12:3

എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.

2 രാജാക്കന്മാർ 12:4

യെഹോവാശ് പുരോഹിതന്മാരോട്: യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തൻ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും

2 രാജാക്കന്മാർ 12:5

ഓരോ പുരോഹിതനും താന്താന്റെ പരിചയക്കാരോടു വാങ്ങി ആലയത്തിന് അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീർക്കേണം എന്നു കല്പിച്ചു.

2 രാജാക്കന്മാർ 12:6

എന്നാൽ യെഹോവാശ്‍ രാജാവിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ പുരോഹിതന്മാർ ആലയത്തിന്റെ അറ്റകുറ്റം തീർത്തിട്ടില്ലായിരുന്നു.

2 രാജാക്കന്മാർ 12:7

ആകയാൽ യെഹോവാശ്‍രാജാവ് യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോട്: നിങ്ങൾ ആലയത്തിന്റെ അറ്റകുറ്റം തീർക്കാതിരിക്കുന്നത് എന്ത്? ഇനി നിങ്ങൾ നിങ്ങളുടെ പരിചയക്കാരോട് ദ്രവ്യം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീർക്കേണ്ടതിന് അതു കൊടുപ്പിൻ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 12:8

അങ്ങനെ പുരോഹിതന്മാർ തങ്ങൾ മേലാൽ ജനത്തോടു ദ്രവ്യം വാങ്ങാതിരിപ്പാനും ആലയത്തിന്റെ അറ്റകുറ്റം തീർക്കാതിരിപ്പാനും സമ്മതിച്ചു.

2 രാജാക്കന്മാർ 12:9

അപ്പോൾ യെഹോയാദാപുരോഹിതൻ ഒരു പെട്ടകം എടുത്ത് അതിന്റെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിനരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തുഭാഗത്തു വച്ചു; വാതിൽ കാക്കുന്ന പുരോഹിതന്മാർ യഹോവയുടെ ആലയത്തിലേക്കു വരുന്ന ദ്രവ്യമൊക്കെയും അതിൽ ഇടും.

2 രാജാക്കന്മാർ 12:10

പെട്ടകത്തിൽ ദ്രവ്യം വളരെയായി എന്നു കാണുമ്പോൾ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതനും കൂടെച്ചെന്ന് യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം എണ്ണി സഞ്ചികളിൽ കെട്ടും.

2 രാജാക്കന്മാർ 12:11

അവർ ദ്രവ്യം യഹോവയുടെ ആലയത്തിന്റെ പണി നടത്തുന്ന വിചാരകന്മാരുടെ പക്കൽ തൂക്കിക്കൊടുക്കും; അവർ അത് യഹോവയുടെ ആലയത്തിൽ പണിചെയ്യുന്ന

2 രാജാക്കന്മാർ 12:12

ആശാരിമാർക്കും ശില്പികൾക്കും കല്പണിക്കാർക്കും കല്ലുവെട്ടുകാർക്കും, യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിനും ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിനും കൊടുക്കും.

2 രാജാക്കന്മാർ 12:13

യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവർ യഹോവയുടെ ആലയം വകയ്ക്ക് ഉണ്ടാക്കാതെ;

2 രാജാക്കന്മാർ 12:14

പണി ചെയ്യുന്നവർക്കു മാത്രം അതു കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന് അറ്റകുറ്റം തീർക്കും.

2 രാജാക്കന്മാർ 12:15

എന്നാൽ പണിചെയ്യുന്നവർക്കു കൊടുക്കേണ്ടതിനു ദ്രവ്യം ഏറ്റുവാങ്ങിയവരോട് അവർ കണക്കു ചോദിച്ചില്ല; വിശ്വാസത്തിന്മേൽ ആയിരുന്നു അവർ പ്രവർത്തിച്ചുപോന്നത്.

2 രാജാക്കന്മാർ 12:16

അകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അതു പുരോഹിതന്മാർക്കുള്ളതായിരുന്നു.

2 രാജാക്കന്മാർ 12:17

ആ കാലത്ത് അരാംരാജാവായ ഹസായേൽ പുറപ്പെട്ട് ഗത്തിനെ യുദ്ധം ചെയ്തു പിടിച്ചു; ഹസായേൽ യെരൂശലേമിന്റെ നേരേയും വരേണ്ടതിന് ദൃഷ്‍ടിവച്ചാറെ

2 രാജാക്കന്മാർ 12:18

യെഹൂദാരാജാവായ യെഹോവാശ് തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവ് എന്നീ യെഹൂദാരാജാക്കന്മാർ നിവേദിച്ചിരുന്ന സകല നിവേദിതവസ്തുക്കളും താൻ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നൊക്കെയും എടുത്ത് അരാംരാജാവായ ഹസായേലിനു കൊടുത്തു; അങ്ങനെ അവൻ യെരൂശലേമിനെ വിട്ടുപോയി.

2 രാജാക്കന്മാർ 12:19

യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 രാജാക്കന്മാർ 12:20

യോവാശിന്റെ ഭൃത്യന്മാർ മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിക്കലുള്ള മില്ലോഗൃഹത്തിൽവച്ച് അവനെ കൊന്നു.

2 രാജാക്കന്മാർ 12:21

ശിമെയാത്തിന്റെ മകനായ യോസാഖാർ, ശോമേരിന്റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മാരായിരുന്നു അവനെ വെട്ടിക്കൊന്നത്. ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അമസ്യാവ് അവനു പകരം രാജാവായിത്തീർന്നു.