2 രാജാക്കന്മാർ - 20 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 21 വരെ

2 രാജാക്കന്മാർ 20:1

ആ കാലത്ത് ഹിസ്കീയാവിന് മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്ന് അവനോട്: നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 20:2

അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്റെ നേരേ തിരിച്ചു യഹോവയോടു പ്രാർഥിച്ചു:

2 രാജാക്കന്മാർ 20:3

അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്ന് ഓർക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവ് ഏറ്റവും കരഞ്ഞു.

2 രാജാക്കന്മാർ 20:4

എന്നാൽ യെശയ്യാവ് നടുമുറ്റം വിട്ടുപോകുംമുമ്പേ അവനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:

2 രാജാക്കന്മാർ 20:5

നീ മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടത്: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.

2 രാജാക്കന്മാർ 20:6

ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാൻ കാത്തു രക്ഷിക്കും.

2 രാജാക്കന്മാർ 20:7

പിന്നെ യെശയ്യാവ് ഒരു അത്തിപ്പഴക്കട്ട കൊണ്ടു വരുവിൻ എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു, അവനു സൗഖ്യമായി.

2 രാജാക്കന്മാർ 20:8

ഹിസ്കീയാവ് യെശയ്യാവോട്: യഹോവ എന്നെ സൗഖ്യമാക്കുകയും ഞാൻ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന് അടയാളം എന്ത് എന്നു ചോദിച്ചു.

2 രാജാക്കന്മാർ 20:9

അതിന് യെശയ്യാവ്: യഹോവ അരുളിച്ചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന് യഹോവയിങ്കൽനിന്ന് ഇതു നിനക്ക് അടയാളം ആകും: നിഴൽ പത്തുപടി മുമ്പോട്ടു പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു.

2 രാജാക്കന്മാർ 20:10

അതിനു ഹിസ്കീയാവ്: നിഴൽ പത്തു പടി ഇറങ്ങിപ്പോകുന്നത് എളുപ്പം ആകുന്നു; അങ്ങനെയല്ല, നിഴൽ പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 20:11

അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.

2 രാജാക്കന്മാർ 20:12

ആ കാലത്ത് ബലദാന്റെ മകനായ ബെരോദാക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവ് ദീനമായിക്കിടന്നിരുന്നു എന്ന് കേട്ടിട്ടു ഹിസ്കീയാവിന് എഴുത്തും സമ്മാനവും കൊടുത്തയച്ചു.

2 രാജാക്കന്മാർ 20:13

ഹിസ്കീയാവ് അവരുടെ വാക്കു കേട്ട് തന്റെ ഭണ്ഡാരഗൃഹം മുഴുവനും പൊന്നും വെള്ളിയും സുഗന്ധവർഗവും പരിമളതൈലവും തന്റെ ആയുധശാലയും തന്റെ ഭണ്ഡാരങ്ങളിൽ ഉള്ളതൊക്കെയും അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.

2 രാജാക്കന്മാർ 20:14

എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്ന് അവനോട്: ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നു നിന്റെ അടുക്കൽ വന്നു എന്നു ചോദിച്ചതിനു ഹിസ്കീയാവ്: അവർ ദൂരദേശത്തുനിന്ന്, ബാബേലിൽനിന്നു വന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 20:15

അവർ രാജധാനിയിൽ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിനു ഹിസ്കീയാവ്: രാജധാനിയിലുള്ളതൊക്കെയും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവർക്കു കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നു പറഞ്ഞു.

2 രാജാക്കന്മാർ 20:16

യെശയ്യാവ് ഹിസ്കീയാവോടു പറഞ്ഞത്: യഹോവയുടെ വചനം കേൾക്ക:

2 രാജാക്കന്മാർ 20:17

രാജധാനിയിലുള്ളതൊക്കെയും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ടുപോകുന്ന കാലം വരുന്നു.

2 രാജാക്കന്മാർ 20:18

നീ ജനിപ്പിച്ചവരായി നിന്നിൽ നിന്നുദ്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു.

2 രാജാക്കന്മാർ 20:19

അതിനു ഹിസ്കീയാവ് യെശയ്യാവോട്: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത് എന്നു പറഞ്ഞു; എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവൻ പറഞ്ഞു.

2 രാജാക്കന്മാർ 20:20

ഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകല പരാക്രമപ്രവൃത്തികളും അവൻ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിനകത്തു വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 രാജാക്കന്മാർ 20:21

ഹിസ്കീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവനു പകരം രാജാവായി.