വിലാപങ്ങൾ - 2 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

വിലാപങ്ങൾ 2:1

അയ്യോ! യഹോവ സീയോൻപുത്രിയെ തന്റെ കോപത്തിൽ മേഘംകൊണ്ടു മറച്ചതെങ്ങനെ? അവൻ യിസ്രായേലിന്റെ മഹത്ത്വം ആകാശത്തുനിന്ന് ഭൂമിയിൽ ഇട്ടുകളഞ്ഞു; തന്റെ കോപദിവസത്തിൽ അവൻ തന്റെ പാദപീഠത്തെ ഓർത്തതുമില്ല,

വിലാപങ്ങൾ 2:2

കർത്താവു കരുണ കാണിക്കാതെ യാക്കോബിന്റെ മേച്ചൽപ്പുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു; തന്റെ ക്രോധത്തിൽ അവൻ യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു; രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവൻ നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.

വിലാപങ്ങൾ 2:3

തന്റെ ഉഗ്രകോപത്തിൽ അവൻ യിസ്രായേലിന്റെ കൊമ്പൊക്കെയും വെട്ടിക്കളഞ്ഞു; തന്റെ വലംകൈയെ അവൻ ശത്രുവിൻ മുമ്പിൽനിന്ന് പിൻവലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവൻ യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.

വിലാപങ്ങൾ 2:4

ശത്രു എന്നപോലെ അവൻ വില്ലു കുലച്ചു, വൈരി എന്നപോലെ അവൻ വലംകൈ ഓങ്ങി; കണ്ണിനു കൗതുകമുള്ളതൊക്കെയും നശിപ്പിച്ചുകളഞ്ഞു. സീയോൻപുത്രിയുടെ കൂടാരത്തിൽ തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു;

വിലാപങ്ങൾ 2:5

കർത്താവ് ശത്രുവെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു; അവളുടെ അരമനകളെയൊക്കെയും മുടിച്ചു, അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു; യെഹൂദാപുത്രിക്കു ദുഃഖവും വിലാപവും വർധിപ്പിച്ചിരിക്കുന്നു.

വിലാപങ്ങൾ 2:6

അവൻ തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; തന്റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു; യഹോവ സീയോനിൽ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി, തന്റെ ഉഗ്രകോപത്തിൽ രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു.

വിലാപങ്ങൾ 2:7

കർത്താവ് തന്റെ യാഗപീഠം തള്ളിക്കളഞ്ഞു, തന്റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു അവളുടെ അരമനമതിലുകളെ അവൻ ശത്രുവിന്റെ കൈയിൽ ഏല്പിച്ചു; അവർ ഉത്സവത്തിൽ എന്നപോലെ യഹോവയുടെ ആലയത്തിൽ ആരവം ഉണ്ടാക്കി.

വിലാപങ്ങൾ 2:8

യഹോവ സീയോൻപുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണയിച്ചു; അവൻ അളന്നു നശിപ്പിക്കുന്നതിൽനിന്ന് കൈ പിൻവലിച്ചില്ല; അവൻ കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.

വിലാപങ്ങൾ 2:9

അവളുടെ വാതിലുകൾ മണ്ണിൽ പൂണ്ടുപോയിരിക്കുന്നു; അവളുടെ ഓടാമ്പൽ അവൻ തകർത്ത് നശിപ്പിച്ചിരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയിൽ ഇരിക്കുന്നു; അവളുടെ പ്രവാചകന്മാർക്ക് യഹോവയിങ്കൽനിന്നു ദർശനം ഉണ്ടാകുന്നതുമില്ല.

വിലാപങ്ങൾ 2:10

സീയോൻപുത്രിയുടെ മൂപ്പന്മാർ മിണ്ടാതെ നിലത്തിരിക്കുന്നു; അവർ തലയിൽ പൊടിവാരിയിട്ട് രട്ടുടുത്തിരിക്കുന്നു; യെരൂശലേം കന്യകമാർ നിലത്തോളം തല താഴ്ത്തുന്നു.

വിലാപങ്ങൾ 2:11

എന്റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം ഞാൻ കണ്ണുനീർ വാർത്ത് കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരൾ നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു.

വിലാപങ്ങൾ 2:12

അവർ നിഹതന്മാരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും അമ്മമാരുടെ മാർവിൽവച്ച് പ്രാണൻ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്ന് അമ്മമാരോടു ചോദിക്കുന്നു.

വിലാപങ്ങൾ 2:13

യെരൂശലേംപുത്രിയേ, ഞാൻ നിന്നോട് എന്തു സാക്ഷീകരിക്കേണ്ടൂ? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടൂ? സീയോൻപുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ എന്തൊന്ന് നിന്നോടുപമിക്കേണ്ടൂ? നിന്റെ മുറിവ് സമുദ്രംപോലെ വലുതായിരിക്കുന്നു; ആർ നിനക്കു സൗഖ്യം വരുത്തും?

വിലാപങ്ങൾ 2:14

നിന്റെ പ്രവാചകന്മാർ നിനക്കു ഭോഷത്തവും വ്യാജവും ദർശിച്ചിരിക്കുന്നു; അവർ നിന്റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദർശിച്ചിരിക്കുന്നു.

വിലാപങ്ങൾ 2:15

കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി: സൗന്ദര്യപൂർത്തി എന്നും സർവമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നെയോ എന്നു ചോദിക്കുന്നു.

വിലാപങ്ങൾ 2:16

നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരേ വായ് പിളർക്കുന്നു; അവർ ചൂളകുത്തി, പല്ലുകടിച്ചു: നാം അവളെ വിഴുങ്ങിക്കളഞ്ഞു. നാം കാത്തിരുന്ന ദിവസം ഇതു തന്നെ, നമുക്കു സാധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ എന്നു പറയുന്നു.

വിലാപങ്ങൾ 2:17

യഹോവ നിർണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു; പുരാതനകാലത്ത് അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവൻ ഇടിച്ചുകളഞ്ഞു; അവൻ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു.

വിലാപങ്ങൾ 2:18

അവരുടെ ഹൃദയം കർത്താവിനോടു നിലവിളിച്ചു; സീയോൻപുത്രിയുടെ മതിലേ, രാവും പകലും ഓലോല കണ്ണുനീരൊഴുക്കുക; നിനക്കു തന്നെ സ്വസ്ഥത നല്കരുത്; നിന്റെ കൺമണി വിശ്രമിക്കയുമരുത്.

വിലാപങ്ങൾ 2:19

രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കർത്തൃസന്നിധിയിൽ പകരുക; വീഥികളുടെ തലയ്ക്കലൊക്കെയും വിശപ്പുകൊണ്ടു തളർന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി അവങ്കലേക്കു കൈ മലർത്തുക.

വിലാപങ്ങൾ 2:20

യഹോവേ, ആരോടാകുന്നു നീ ഇങ്ങനെ ചെയ്തതെന്ന് ഓർത്ത് കടാക്ഷിക്കേണമേ! സ്ത്രീകൾ ഗർഭഫലത്തെ, കൈയിൽ താലോലിച്ചു പോരുന്ന കുഞ്ഞുങ്ങളെത്തന്നെ തിന്നേണമോ? കർത്താവിന്റെ വിശുദ്ധമന്ദിരത്തിൽ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടേണമോ?

വിലാപങ്ങൾ 2:21

വീഥികളിൽ ബാലനും വൃദ്ധനും നിലത്തു കിടക്കുന്നു; എന്റെ കന്യകമാരും യൗവനക്കാരും വാൾകൊണ്ടു വീണിരിക്കുന്നു; നിന്റെ കോപദിവസത്തിൽ നീ അവരെ കൊന്ന് കരുണകൂടാതെ അറുത്തുകളഞ്ഞു.

വിലാപങ്ങൾ 2:22

ഉത്സവത്തിനു വിളിച്ചുകൂട്ടുംപോലെ നീ എനിക്കു സർവത്രഭീതികളെ വിളിച്ചുകൂട്ടിയിരിക്കുന്നു; യഹോവയുടെ കോപദിവസത്തിൽ ആരും ചാടിപ്പോകയില്ല; ആരും ശേഷിച്ചതുമില്ല; ഞാൻ കൈയിൽ താലോലിച്ചു വളർത്തിയവരെ എന്റെ ശത്രു മുടിച്ചിരിക്കുന്നു.