വിലാപങ്ങൾ - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 66 വരെ

വിലാപങ്ങൾ 3:1

ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടംകണ്ട പുരുഷനാകുന്നു.

വിലാപങ്ങൾ 3:2

അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നത്.

വിലാപങ്ങൾ 3:3

അതേ, അവൻ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരേ തിരിക്കുന്നു.

വിലാപങ്ങൾ 3:4

എന്റെ മാംസത്തെയും ത്വക്കിനെയും അവൻ ജീർണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു.

വിലാപങ്ങൾ 3:5

അവൻ എന്റെ നേരേ പണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.

വിലാപങ്ങൾ 3:6

ശാശ്വതമൃതന്മാരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.

വിലാപങ്ങൾ 3:7

പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലി കെട്ടിയടച്ച് എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.

വിലാപങ്ങൾ 3:8

ഞാൻ കൂകി നിലവിളിച്ചാലും അവൻ എന്റെ പ്രാർഥന തടുത്തുകളയുന്നു.

വിലാപങ്ങൾ 3:9

വെട്ടുകല്ലുകൊണ്ട് അവൻ എന്റെ വഴി അടച്ച്, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.

വിലാപങ്ങൾ 3:10

അവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.

വിലാപങ്ങൾ 3:11

അവൻ എന്റെ വഴികളെ തെറ്റിച്ച് എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.

വിലാപങ്ങൾ 3:12

അവൻ വില്ലു കുലച്ച് എന്നെ അമ്പിനു ലാക്കാക്കിയിരിക്കുന്നു.

വിലാപങ്ങൾ 3:13

അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു.

വിലാപങ്ങൾ 3:14

ഞാൻ എന്റെ സർവജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു.

വിലാപങ്ങൾ 3:15

അവൻ എന്നെ കയ്പുകൊണ്ടു നിറച്ചു, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു;

വിലാപങ്ങൾ 3:16

അവൻ കല്ലുകൊണ്ട് എന്റെ പല്ലു തകർത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.

വിലാപങ്ങൾ 3:17

നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു.

വിലാപങ്ങൾ 3:18

എന്റെ മഹത്ത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്ന് ഞാൻ പറഞ്ഞു.

വിലാപങ്ങൾ 3:19

നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പും ഓർക്കേണമേ.

വിലാപങ്ങൾ 3:20

എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്ത് ഉരുകിയിരിക്കുന്നു.

വിലാപങ്ങൾ 3:21

ഇതു ഞാൻ ഓർക്കും; അതുകൊണ്ടു ഞാൻ പ്രത്യാശിക്കും.

വിലാപങ്ങൾ 3:22

നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ;

വിലാപങ്ങൾ 3:23

അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു.

വിലാപങ്ങൾ 3:24

യഹോവ എന്റെ ഓഹരി എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അവനിൽ പ്രത്യാശവയ്ക്കുന്നു.

വിലാപങ്ങൾ 3:25

തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ.

വിലാപങ്ങൾ 3:26

യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലത്.

വിലാപങ്ങൾ 3:27

ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷനു നല്ലത്.

വിലാപങ്ങൾ 3:28

അവൻ അത് അവന്റെമേൽ വച്ചിരിക്കകൊണ്ട് അവൻ തനിച്ചു മൗനം ആയിരിക്കട്ടെ.

വിലാപങ്ങൾ 3:29

അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷേ പ്രത്യാശ ശേഷിക്കും.

വിലാപങ്ങൾ 3:30

തന്നെ അടിക്കുന്നവന് അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.

വിലാപങ്ങൾ 3:31

കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ.

വിലാപങ്ങൾ 3:32

അവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയയ്ക്ക് ഒത്തവണ്ണം അവനു കരുണതോന്നും.

വിലാപങ്ങൾ 3:33

മനസ്സോടെയല്ലല്ലോ അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നത്.

വിലാപങ്ങൾ 3:34

ഭൂമിയിലെ സകല ബദ്ധന്മാരെയും കാല്ക്കീഴിട്ടു മെതിക്കുന്നതും

വിലാപങ്ങൾ 3:35

അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും

വിലാപങ്ങൾ 3:36

മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കർത്താവു കാണുകയില്ലയോ?

വിലാപങ്ങൾ 3:37

കർത്താവ് കല്പിക്കാതെ ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്?

വിലാപങ്ങൾ 3:38

അത്യുന്നതന്റെ വായിൽനിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?

വിലാപങ്ങൾ 3:39

മനുഷ്യൻ ജീവനുള്ളന്നു നെടുവീർപ്പിടുന്നതെന്ത്? ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ച് നെടുവീർപ്പിടട്ടെ.

വിലാപങ്ങൾ 3:40

നാം നമ്മുടെ നടപ്പ് ആരാഞ്ഞു ശോധനചെയ്ത് യഹോവയുടെ അടുക്കലേക്കു തിരിയുക.

വിലാപങ്ങൾ 3:41

നാം കൈകളെയും ഹൃദയത്തെയും സ്വർഗസ്ഥനായ ദൈവത്തിങ്കലേക്ക് ഉയർത്തുക.

വിലാപങ്ങൾ 3:42

ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.

വിലാപങ്ങൾ 3:43

നീ കോപം പുതച്ചു ഞങ്ങളെ പിന്തുടർന്ന്, കരുണകൂടാതെ കൊന്നുകളഞ്ഞു.

വിലാപങ്ങൾ 3:44

ഞങ്ങളുടെ പ്രാർഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നെ മറച്ചു.

വിലാപങ്ങൾ 3:45

നീ ഞങ്ങളെ ജാതികളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.

വിലാപങ്ങൾ 3:46

ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരേ വായ് പിളർന്നിരിക്കുന്നു.

വിലാപങ്ങൾ 3:47

പേടിയും കെണിയും ശൂന്യവും നാശവും ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു.

വിലാപങ്ങൾ 3:48

എന്റെ ജനത്തിൻപുത്രിയുടെ നാശം നിമിത്തം നീർത്തോടുകൾ എന്റെ കണ്ണിൽനിന്നൊഴുകുന്നു.

വിലാപങ്ങൾ 3:49

യഹോവ സ്വർഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം

വിലാപങ്ങൾ 3:50

എന്റെ കണ്ണ് ഇടവിടാതെ പൊഴിക്കുന്നു; ഇളയ്ക്കുന്നതുമില്ല.

വിലാപങ്ങൾ 3:51

എന്റെ നഗരത്തിലെ സകല സ്ത്രീജനത്തെയുംകുറിച്ച് എന്റെ കണ്ണ് എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.

വിലാപങ്ങൾ 3:52

കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു;

വിലാപങ്ങൾ 3:53

അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ട് നശിപ്പിച്ചു, എന്റെമേൽ കല്ല് എറിഞ്ഞിരിക്കുന്നു.

വിലാപങ്ങൾ 3:54

വെള്ളം എന്റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്ന് ഞാൻ പറഞ്ഞു.

വിലാപങ്ങൾ 3:55

യഹോവേ, ഞാൻ ആഴമുള്ള കുണ്ടറയിൽനിന്ന് നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.

വിലാപങ്ങൾ 3:56

എന്റെ നെടുവീർപ്പിനും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാർഥന നീ കേട്ടിരിക്കുന്നു.

വിലാപങ്ങൾ 3:57

ഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.

വിലാപങ്ങൾ 3:58

കർത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.

വിലാപങ്ങൾ 3:59

യഹോവേ, ഞാൻ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീർത്തുതരേണമേ.

വിലാപങ്ങൾ 3:60

അവർ ചെയ്ത സകല പ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകല നിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.

വിലാപങ്ങൾ 3:61

യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകല നിരൂപണങ്ങളും

വിലാപങ്ങൾ 3:62

എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.

വിലാപങ്ങൾ 3:63

അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു.

വിലാപങ്ങൾ 3:64

യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവർക്കു പകരം ചെയ്യേണമേ;

വിലാപങ്ങൾ 3:65

നീ അവർക്കു ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവർക്കു വരട്ടെ.

വിലാപങ്ങൾ 3:66

നീ അവരെ കോപത്തോടെ പിന്തുടർന്നു; യഹോവയുടെ ആകാശത്തിൻകീഴിൽ നിന്ന് നശിപ്പിച്ചുകളയും.